സ്വര്‍ണം കൊണ്ട് കളിക്കുന്ന കൂട്ടരാണ്... കോടികളുടെ ആസ്തി; നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഒന്നാം സ്ഥാനം
സ്വര്‍ണവില കുതിച്ചുയര്‍ന്ന് പവന് 55000ലെത്തിയിരിക്കുന്നു. ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഒപ്പം വന്‍കിട നിക്ഷേപകരും സ്വര്‍ണം വാങ്ങുന്നു. ലാഭം മാത്രം സമ്മാനിക്കുന്ന സുരക്ഷിത ആസ്തി എന്ന നിലയില്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ മഞ്ഞലോഹത്തെ ആകര്‍ഷകമാക്കുന്നത്.
ആര് സ്വര്‍ണം വാങ്ങിയാലും അതിലൊരു ലാഭം ലഭിക്കുന്ന കമ്പനിയാണ് ന്യൂമോണ്ട് കോര്‍പറേഷന്‍. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനന കമ്പനിയാണിത്. 100 വര്‍ഷം മുമ്പ് രൂപീകരിച്ച കമ്പനിക്ക് ഇപ്പോഴും പത്തര മാറ്റാണ്. 30000ത്തിലധികം ജോലിക്കാരുള്ള ഈ കമ്പനിയെ കുറിച്ച് അറിയേണ്ടതു തന്നെ. പ്രത്യേകിച്ചും സ്വര്‍ണവില പിടിവിട്ട് പറക്കുന്ന സാഹചര്യത്തില്‍...

അമേരിക്കയിലെ കൊളറാഡോ കേന്ദ്രമായിട്ടാണ് ന്യൂമോണ്ട് കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഔണ്‍സ് സ്വര്‍ണത്തിന് ആഗോള വിപണിയിലെ വില 2500 ഡോളറിന് മുകളിലാണ്. 2022ല്‍ മാത്രം 80 ലക്ഷം ഔണ്‍സ് സ്വര്‍ണം ഖനനം ചെയ്തതവാണ് ന്യൂമോണ്ട് കോര്‍പറേഷന്‍. അതായത്, 226796 കിലോ ഗ്രാം സ്വര്‍ണം. 1916ല്‍ കേണല്‍ വില്യം ബോയ്‌സ് തോംപ്‌സണ്‍ ന്യൂയോര്‍ക്കിലാണ് ഈ കമ്പനി സ്ഥാപിച്ചത്.
ധാതു, എണ്ണ ഖനനത്തിലും അനുബന്ധ മേഖലയിലെ നിക്ഷേപത്തിലുമായിരുന്നു കമ്പനി തുടക്ക കാലത്ത് നോട്ടമിട്ടിരുന്നത്. പിന്നീട് സ്വര്‍ണത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. അമേരിക്കന്‍ സംസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, മോണ്ടാന എന്നിവയെ ചുരുക്കിയാണ് കമ്പനിക്ക് ന്യുമോണ്ട് എന്ന പേര് സ്വീകരിച്ചത്. കമ്പനി ഉടമയുടെ ജന്മസ്ഥലം മോണ്ടാനയാണ്.
സ്വര്‍ണ ഖനനം കമ്പനി ആരംഭിച്ചത് 1917ലാണ്. ദക്ഷിണാഫ്രിക്കയിലെ ആംഗ്ലോ അമേരിക്കന്‍ കോര്‍പറേഷന്റെ ഓഹരി വാങ്ങി കൊണ്ടായിരുന്നു തുടക്കം. 1921ല്‍ കമ്പനിയുടെ പേര് ന്യൂമോണ്ട് കോര്‍പറേഷന്‍ എന്നാക്കി. 1929ല്‍ കാലഫോര്‍ണിയയിലെ എംപയര്‍ സ്റ്റാര്‍ മൈന്‍ വാങ്ങിയതോടെയാണ് സ്വര്‍ണ ഖനന രംഗത്ത് കമ്പനി പ്രവര്‍ത്തനം വിപുലീകരിച്ചത്. 1939ല്‍ കമ്പനിക്ക് കീഴിലുള്ള സ്വര്‍ണ ഖനികളുടെ എണ്ണം 12 ആയി ഉയര്‍ന്നു.
ഫ്രെഡ് സിയല്‍സ്, പ്ലാറ്റോ മലോസ്‌മോഫ് എന്നിവരെല്ലാം അധ്യക്ഷ പദവി ഏറ്റെടുത്ത കമ്പനി ഘട്ടങ്ങളായി വളര്‍ന്നു. നെവാഡയിലെ കാളിന്‍ ട്രെന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കമ്പനിയുടെ വളര്‍ച്ച അതിവേഗത്തിലായി. പല തൊഴിലാളി സമരങ്ങളും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം നേരിടേണ്ടി വന്നെങ്കിലും ന്യൂമോണ്ട് കോര്‍പറേഷന്‍ താഴോട്ട് പോയില്ല. നിലവില്‍ കമ്പനിയുടെ സിഇഒ ടോം പാമര്‍ ആണ്.
2019ല്‍ കനേഡിയന്‍ ഖനന കമ്പനിയായ ഗോള്‍ഡ് കോര്‍പ് സ്വന്തമാക്കിയതോടെ ന്യൂമോണ്ട് കോര്‍പറേഷന്‍ അവരുടെ ലോകോത്തര പദവി അരക്കെട്ടുറപ്പിച്ചു. 100 കോടി ഡോളര്‍ ചെലവിലായിരുന്നു ഈ ഇടപാട്. 31600 ജോലിക്കാരാണ് കമ്പനിയിലുള്ളത്. അമേരിക്കയിലെ എസ് ആന്റ് പി ഓഹരി സൂചികയില്‍ ഇടമുള്ള ഏക സ്വര്‍ണ ഖനന കമ്പനി കൂടിയാണ് ന്യൂമോണ്ട് കോര്‍പറേഷന്‍. സ്വര്‍ണം മാത്രമല്ല, വെള്ളിയുടെ ഖനനത്തിലും കമ്പനി മുന്‍നിരയില്‍ തന്നെയാണ്.












Click it and Unblock the Notifications