യുഎഇ വഴിയേക്കാള്‍ ലാഭം; പ്ലാറ്റിനത്തില്‍ വീണ് സ്വര്‍ണം എത്തുന്നു, ഞെട്ടിക്കുന്ന കണക്ക് പുറത്ത്
ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന മൂല്യേേമറിയ ലോഹമാണ് സ്വര്‍ണം. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി നികുതി വെട്ടിക്കുറച്ചതോടെ നേരായ വഴിയുള്ള വരവ് വന്‍തോതില്‍ കൂടിയിട്ടുണ്ട്. ഇതോടെ സര്‍ക്കാരിന്റെ നികുതി ലാഭവും വര്‍ധിച്ചു. യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കൂടുതല്‍ ചെലവ് വരുന്നത് എണ്ണയ്ക്കും സ്വര്‍ണത്തിനും ഉള്‍പ്പെടെയാണ്.
നേരത്തെ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നു. ഇത് ആറ് ശതമാനമാക്കി കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇവിടെ ജ്വല്ലറികളില്‍ വില്‍പ്പന നടക്കുമ്പോള്‍ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. എന്നാല്‍ കുറച്ച നികുതി പോലും നല്‍കുന്നതില്‍ നിന്ന് ചിലര്‍ വഴുതി മാറാന്‍ ശ്രമിക്കുന്നു എന്നാണ് പുതിയ വിവരം. മറ്റു ചില വഴികളില്‍ സ്വര്‍ണം വരുന്നുണ്ടത്രെ...

തായ്‌ലാന്റ്, ഇന്തോനേഷ്യ, ടാന്‍സാനിയ വഴി ഇന്ത്യയിലേക്ക് വന്‍തോതില്‍ സ്വര്‍ണം എത്തുന്നുണ്ട് എന്നാണ് പുതിയ വിവരം. പ്ലാറ്റിനം ലോഹക്കൂട്ട് ആയിട്ടാണ് ഇവ എത്തുന്നതത്രെ. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് നികുതി വെട്ടിപ്പല്ല. കാരണം നിയമപ്രകാരമുള്ള പ്ലാറ്റിനം ചേര്‍ത്താണ് കൊണ്ടുവരുന്നത്. രണ്ട് ശതമാനത്തിലധികം പ്ലാറ്റിനം ഉള്‍പ്പെടുന്ന ലോഹക്കൂട്ട് ആണെങ്കില്‍ നികുതിയില്ലാതെ ഇറക്കാന്‍ സാധിക്കും.
യുഎഇയില്‍ നിന്ന് പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതി ചെയ്യണമെങ്കില്‍ അഞ്ച് ശതമാനം നികുതി നല്‍കേണ്ടതുണ്ട്. അതേസമയം, ഇന്ത്യ-ആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍, വികസ്വര രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച നികുതി രഹിത വ്യാപാര കരാര്‍ എന്നിവ വഴി താരിഫ് ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. തായ്‌ലാന്റ്, ഇന്തോനേഷ്യ, ടാന്‍സാനിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതിയില്ല.
രണ്ട് ശതമാനത്തിലധികം പ്ലാറ്റിനം അടങ്ങിയ ലോഹക്കൂട്ട് പ്ലാറ്റിനം ലോഹക്കൂട്ട് ആയിട്ടാണ് കസ്റ്റംസ് നികുതി നിയമത്തില്‍ കണക്കാക്കുന്നത്. 97 ശതമാനം സ്വര്‍ണം ഉള്‍പ്പെടുത്തിയാലും നികുതി ഇല്ലാതെ ചില രാജ്യങ്ങളില്‍ നിന്ന് ഇറക്കാന്‍ സാധിക്കുമെന്ന് ചുരുക്കം. കഴിഞ്ഞ ജൂലൈ വരെ ടാന്‍സാനിയ വഴിയുള്ള പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതി പൂജ്യം ആയിരുന്നെങ്കില്‍ ആഗസ്റ്റില്‍ 267 കിലോ ആയി വര്‍ധിച്ചു. ഒക്ടോബറില്‍ വീണ്ടും വര്‍ധിച്ചിട്ടുണ്ട്.
നവംബര്‍ മുതലാണ് തായ്‌ലാന്റ്, ഇന്തോനേഷ്യ വഴിയുള്ള പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതി വന്‍തോതില്‍ കൂടിയത്. 89 ശതമാനം സ്വര്‍ണവും നാല് ശതമാനം പ്ലാറ്റിനവും ബാക്കി മറ്റു ലോഹങ്ങളും ചേര്‍ത്തുള്ള ലോഹക്കൂട്ട് ഇറക്കുമതി ചെയ്തതിന്റെ വിവരങ്ങളും മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 വരെ തായ്‌ലാന്റ്, ഇന്തോനേഷ്യ, ടാന്‍സാനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതി സീറോ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം കുത്തനെ വര്‍ധിച്ചു.
തായ്‌ലാന്റില്‍ നിന്നുള്ള ഇറക്കുമതി 2408 കിലോയും ഇന്തോനേഷ്യയില്‍ നിന്നുള്ളത് 126 കിലോയും ടാന്‍സാനിയ വഴിയുള്ളത് 21282 കിലോയുമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. നേരത്തെ യുഎഇയില്‍ നിന്നുള്ള പ്ലാറ്റിനം ലോഹക്കൂട്ട് ഇറക്കുമതിയിലും ഇതേ തന്ത്രം ചിലര്‍ പ്രയോഗിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ നികുതി ആറ് ശതമാനമാക്കി കുറച്ചതോടെ ഇത്തരത്തില്‍ കൊണ്ടുവരുന്നതിന് ലാഭം കുറഞ്ഞു. ഇതോടെയാണ് മറ്റു വഴി ഇറക്കുമതിക്കാര്‍ തേടിയിട്ടുള്ളത്. പ്ലാറ്റിനം ലോഹക്കൂട്ട് സംബന്ധിച്ച് പുതിയ നിര്‍വചനമുണ്ടായാല്‍ നിലവിലെ വെല്ലുവിളി ഒരുപരിധി വരെ മറികടക്കാന്‍ സാധിക്കും.












Click it and Unblock the Notifications