സ്വര്‍ണവിപണി പിടിച്ചടക്കിയ കല്യാണ്‍ ഗ്രൂപ്പ്.. തുണിവ്യാപാരത്തില്‍ നിന്നുള്ള മാറ്റം ഇങ്ങനെ
കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ പ്രധാന സ്വര്‍ണ കച്ചവടക്കാരാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ജ്വല്ലറി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വളര്‍ച്ചയുടെ ഉദാഹരണമാണ്. എങ്ങനെയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് സ്വര്‍ണ വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയത് എന്ന് നോക്കാം.
പരമ്പരാഗതമായി വസ്ത്ര വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നവരാണ് കല്യാണ്‍ ഗ്രൂപ്പ്. 1993 ലാണ് ജ്വല്ലറി രംഗത്തേക്ക് കല്യാണ്‍ കടക്കുന്നത്. തന്റെ സമ്പാദ്യത്തില്‍ നിന്ന് 25 ലക്ഷം രൂപയും കടം വാങ്ങിയ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് തൃശൂരില്‍ 4000 ചതുരശ്ര അടിയില്‍ ഒരു ജ്വല്ലറി സ്ഥാപിച്ച് ആഭരണ വില്‍പനയിലേക്ക് കടക്കാന്‍ ടിഎസ് കല്യാണരാമന്‍ തീരുമാനിക്കുന്നത്.

''സ്റ്റോര്‍ തുടങ്ങുന്നതിന് മുമ്പ് കേരളത്തിലെയും ചെന്നൈയിലെയും മിക്കവാറും എല്ലാ കടകളും ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അവയില്‍ മിക്കതും ചെറുതായിരുന്നു, ഏകദേശം 500 മുതല്‍ 600 ചതുരശ്ര അടി വരെ മാത്രമായിരുന്നു വിസ്തീര്‍ണം,' കല്യാണരാമന്‍ പറയുന്നു. 1993 ഏപ്രില്‍ 8-ന് തൃശൂരില്‍ ആദ്യത്തെ കല്യാണ്‍ ജ്വല്ലറി വന്നു. വിവാഹ-ഉത്സവ സീസണുകള്‍ കാരണം ഇത് വലിയ ലാഭമാകുകയും ചെയ്തു.
തന്റെ സുഹൃത്തുക്കളില്‍ നിന്നും മുംബൈയില്‍ നിന്നും ആഭരണങ്ങള്‍ സോഴ്സ് ചെയ്തുകൊണ്ടാണ് കല്യാണരാമന്‍ ആരംഭിച്ചത്. ഇത് പുതിയ ഡിസൈനുകള്‍ കൊണ്ടുവരാന്‍ സഹായിച്ചു. ക്രമക്കേട് ഒഴിവാക്കാനായി എല്ലാ ആഭരണങ്ങളിലും ബാര്‍കോഡ് സ്ഥാപിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് നിലവിലുള്ള സ്വര്‍ണ ബിസിനസില്‍ സമൂലമായ ചില മാറ്റങ്ങള്‍ കമ്പനി കൊണ്ടുവന്നു.
2000 ത്തിന്റെ തുടക്കത്തോടെ, കല്യാണ്‍ അതിന്റെ സ്റ്റോറുകളുടെ എണ്ണം മൂന്നായി വികസിപ്പിച്ചു. തൃശൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായിരുന്നു സ്റ്റോറുകള്‍. ഇതില്‍ പാലക്കാട്ടെ ജ്വല്ലറി സ്റ്റോര്‍ തുറക്കുന്നതിന് കാരണമായത് 1998 ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനമാണ്. സ്‌ഫോടനം കാരണം പാലക്കാട് നിന്ന് കോയമ്പത്തൂരിലേക്ക് പര്‍ച്ചേസിംഗിന് പോകുന്നത് ആളുകള്‍ നിര്‍ത്തി.
ഈ സമയത്താണ് പാലക്കാട് കല്യാണിന്റെ സ്റ്റോര്‍ ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് 50 കിലോമീറ്ററില്‍ താഴെ മാത്രം അകലെയാണ് പാലക്കാട് ടൗണ്‍. എന്നാല്‍ ബോംബ് സ്ഫോടനം കാരണം പാലക്കാട്ടെ ചെറുകിട സ്വര്‍ണ്ണക്കടകളില്‍ കച്ചവടം നിറഞ്ഞു. ഈ അവസരത്തിലാണ് കല്യാണിന്റെ രണ്ടാമത്തെ ജ്വല്ലറി പാലക്കാട് ആരംഭിക്കുന്നത്. ഇത് കല്യാണിന്റെ വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനം നല്‍കുന്നതായിരുന്നു.
വൈകാതെ കല്യാണ് ജ്വല്ലേഴ്സ് കേരളത്തിന് പുറത്തേക്കും ബിസിനസ് വ്യാപിപ്പിച്ചു. കമ്പനി കോയമ്പത്തൂരില്‍ ആദ്യ സ്റ്റോര്‍ സ്ഥാപിച്ചു. തിരുവനന്തപുരം, കൊച്ചി, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോറുകള്‍ തുറന്നു. 2010-ഓടെ ഗ്രൂപ്പിന്റെ മൊത്തം ബിസിനസ്സ് കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 35 ഷോറൂമുകളായി വളര്‍ന്നു. ഇന്ന് കല്യാണ്‍ ജ്വല്ലേഴ്‌സിന് ലോകമെമ്പാടും 303 സ്റ്റോറുകള്‍ ഉണ്ട്.
അതില്‍ 100 എണ്ണം ഫ്രാഞ്ചൈസി മോഡല്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ പ്രകാരം രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണാഭരണശാലയാണിത്. 2.82 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമുള്ള ടൈറ്റന്‍ മാത്രമാണ് കല്യാണിന് മുന്നില്‍ നില്‍ക്കുന്നത്. 23 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലും 12,000-ത്തിലധികം പേര്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ജോലി ചെയ്യുന്നുണ്ട്.
മാത്രമല്ല 5.38 ബില്യണ്‍ ഡോളര്‍ വ്യക്തിഗത സമ്പത്തുമായി 2024-ലെ ഫോര്‍ബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റില്‍ മുന്നേറ്റം നടത്താനും കല്യാണരാമന് സാധിച്ചിരുന്നു. 3.3 ബില്യണ്‍ ഡോളര്‍ വ്യക്തിഗത സമ്പത്തുള്ള ജോയ് ആലുക്കാസിനേക്കാള്‍ മുന്നിലാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം കല്യാണ്‍ ജ്വല്ലേഴ്സിന്റെ വരുമാനം 15782 കോടി രൂപയും അറ്റാദായം 554.06 കോടി രൂപയുമാണ്. 450 സ്റ്റോറുകളുള്ള ടൈറ്റന്‍ ഇക്കാലയളവില്‍ 38270 കോടി രൂപ വരുമാനവും 3333 കോടി രൂപ അറ്റാദായവും നേടി.












Click it and Unblock the Notifications