സ്വർണം വിട്ടൊരു കളിയില്ല: ചൈന രണ്ടും കല്‍പ്പിച്ച്; കസാഖിലെ ഖനി സ്വന്തമാക്കിയത് 120 മില്യണ്‍ ഡോളറിന്
സ്വർണത്തോടുള്ള ആർത്തി അടങ്ങാതെ ചൈന. ചൈനയുടെ ഏറ്റവും വലിയ സ്വർണ, ചെമ്പ് ഉത്പാദകരായ സിജിൻ മൈനിംഗ് ഗ്രൂപ്പ് കോ. ലിമിറ്റഡ്, കസാഖ്സ്ഥാനിലെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായ റെയ്ഗൊറോഡോക് സ്വർണ ഖനി സ്വന്തമാക്കിയെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 120 കോടി ഡോളറിനാണ് ഖനി ചൈനീസ് കമ്പനി ഏറ്റെടുത്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
സിജിന്റെ അനുബന്ധ സ്ഥാപനമായ സിജിൻ ഗോൾഡ് ഇന്റർനാഷണലും ജിൻഹ മൈനിംഗും ചേർന്നാണ് ഈ ഖനിയും അതിന്റെ പ്രോസസിംഗ് സൗകര്യങ്ങളും നടത്തുന്ന കസാഖ്സ്ഥാൻ ആസ്ഥാനമായുള്ള ആർജി ഗോൾഡ് എല്‍ എല്‍ പി, ആർജി പ്രോസസിംഗ് എല്‍ എല്‍ പി എന്നീ കമ്പനികളുടെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത്. ആഗോള വിപണിയില്‍ സ്വർണ വില ഉയർന്നു നിൽക്കുന്നതിനിടയിൽ സ്വർണ ഉത്പാദനം വർധിപ്പിക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കമായും ഇതിനെ വിലയിരുത്തുന്നു.

കസാഖ്സ്ഥാനിലെ അക്‌മോള മേഖലയിലെ ബുറാബേ ജില്ലയിൽ സ്ഥിതിചെയ്യുന്ന റെയ്ഗൊറോഡോക് ഏകദേശം 108 ടൺ സ്വർണ നിക്ഷേപമുള്ള മേഖലയിലെ പ്രധാന സ്വർണ ഖനിയാണ്. വർഷം തോറും 6000 കിലോഗ്രാമിലധികം സ്വർണം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ ഖനിയുടെ ഭാഗമായി തന്നെ 6 ദശലക്ഷം ടൺ വാർഷിക ശേഷിയുള്ള കാർബൺ - ഇൻ - ലീച്ച് (CIP) പ്രോസസിംഗ് പ്ലാന്റും 2 ദശലക്ഷം ടൺ ശേഷിയുള്ള ഹീപ് ലീച്ച് പ്ലാന്റും നിലകൊള്ളുന്നുണ്ട്.
താല്‍ക്കാലികമായി സ്വർണവിലയില്‍ ഇടിവ് നേരിട്ടുണ്ടെങ്കിലും സമീപകാലത്തെ ഉയർന്ന നിലയില തന്നെയാണ് ഇപ്പോഴും നിരക്ക് നില്‍ക്കുന്നത്. യു എസ് - ചൈന വ്യാപാര സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം 2025ൽ മാത്രം സ്വർണ വില 26% വർധിച്ചു. 2025 ജൂണിൽ ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷന്റെ കണക്കനനുസരിച്ച്, സ്വർണത്തിന്റെ സ്പോട്ട് വില ഔൺസിന് 3,301 ഡോളറിലുമെത്തി.
കസാഖ്സ്ഥാന്റെ സ്ഥിരതയുള്ള നിക്ഷേപ അന്തരീക്ഷവും കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ലഭിക്കും എന്നുള്ളതും ചൈനീസ് കമ്പനിയുടെ ലാഭ സാധ്യതകളും വർധിപ്പിക്കുന്നു. ഔൺസിന് ഏകദേശം 800 ഡോളറിൽ താഴെ മാത്രമായിരിക്കും ഉത്പാദന ചിലവ് എന്നായിരിക്കും കണക്കാക്കുന്നത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചൈനയിലെ ഏറ്റവും വലിയ ഖനന കമ്പനികളിലൊന്നാണ് സിജിൻ മൈനിംഗ്. 2024-ൽ 73 ടൺ സ്വർണം ഉത്പാദിപ്പിച്ച കമ്പനി, 2025 അവസാനത്തോടെ 85 ടണ്ണും 2028-ഓടെ 100-110 ടണ്ണും ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള നിർണ്ണായക ചുവടുവെപ്പുകളിലൊന്നാണ് റെയ്ഗൊറോഡോക് ഖനിയുടെ ഏറ്റെടുക്കല്‍. 2028-ഓടെ ആഗോളതലത്തിൽ ആറാം സ്ഥാനത്തു നിന്ന് മുൻനിര മൂന്ന് സ്വർണ ഉത്പാദകരിൽ ഒന്നായി മാറാനാണ് സിജിൻ ശ്രമിക്കുന്നത്.
2024 അവസാനത്തിൽ, റെയ്ഗൊറോഡോക് പദ്ധതിയുടെ മൊത്തം ആസ്തി 29.1 കോടി ഡോളറായിരുന്നു. 20.2 കോടി ഡോളറിന്റെ അറ്റാദായവും 47.3 കോടി ഡോളറിന്റെ വരുമാനവും കമ്പനി രേഖപ്പെടുത്തി. നിലവില്‍ 1100 നേരിട്ടുള്ള ജീവനക്കാരും 800-ലധികം കരാറുകാരും ഈ ഖനിയിൽ ജോലി ചെയ്യുന്നുണ്ട്. 2024-ൽ 46.22 ദശലക്ഷം ടൺ അയിര് പ്രോസസ് ചെയ്ത ഖനി, 2025-ഓടെ ഇത് 73 ദശലക്ഷം ടണിലേക്ക് എത്തിക്കാനാണ് സിജിൻ ലക്ഷ്യമിടുന്നത്. 2025 ഏപ്രിലിൽ ഘാനയിലെ ന്യൂമോണ്ടിന്റെ അക്യേം ഗോൾഡ് മൈന്‍ 100 കോടി ഡോളറിന് സിജിൻ ഗോൾഡ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications