സ്വര്‍ണവില ഇന്ന് കുറഞ്ഞു; ആഭരണം വാങ്ങാന്‍ നല്ലദിനം, പവന്‍-ഗ്രാം വില... ഇന്ത്യന്‍ രൂപയ്ക്ക് കഷ്ടകാലം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസം 200 രൂപ കയറിയിരുന്നെങ്കിലും ഇന്ന് ആശ്വാസ വാര്‍ത്തയാണ്. വരുംദിവസങ്ങളിലും വില ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന. ഈ മാസം സ്വര്‍ണവിലയിലെ മൊത്തം വിലമാറ്റം പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 2400 രൂപയോളം ഇന്ന് കുറവാണ്.
പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം ഭാഗികമായ സമാധാനത്തിലേക്ക് മാറിയതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണമായി പറയുന്നത്. അതേസമയം, ഡോളര്‍ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നടിയുകയാണ്. ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബിറ്റ്‌കോയിന്‍ വില കുതിക്കുന്നുണ്ട്. സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്...

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 56720 രൂപയാണ് നല്‍കേണ്ടത്. 120 രൂപ വര്‍ധിച്ചു. 22 കാരറ്റിലെ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7090 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5860 രൂപയിലെത്തി. വെള്ളിയുടെ വില 96 രൂപ എന്ന നിരക്കില്‍ ഗ്രാം വില തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണം ഏറിയും കുറഞ്ഞും ഇന്ന് 2630 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
സ്വര്‍ണവില കുറയുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാവുന്നതാണ്. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണം വാങ്ങിവയ്ക്കാവുന്നതാണ്. തങ്കത്തിന്റെ വില ഏറിയും കുറഞ്ഞും നില്‍ക്കുകയാണെങ്കിലും ഒരാഴ്ച മുമ്പുള്ള കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ നിരക്ക് കുറവാണ്.
ഡോളര്‍ സൂചിക 106 എന്ന നിരക്കിലാണുള്ളത്. നേരിയ മുന്നേറ്റം മാത്രമാണ് ഇന്ന് കാണിക്കുന്നത്. ഡോളര്‍ മൂല്യം കൂടിയാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. ഡോളര്‍ മൂല്യം കൂടുമ്പോള്‍ പ്രധാനപ്പെട്ട ആറ് കറന്‍സികളുടെ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലും കുറയും. ഇതാണ് ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില താഴാന്‍ കാരണം. ഡോളറും സ്വര്‍ണവും വിപരീതദിശയിലാണ് സഞ്ചരിക്കുക.
ഇന്ത്യന്‍ രൂപയുടെ കാര്യം പരുങ്ങലിലാണ്. ഡോളറിനെതിരെ 84.47 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം കൂട്ടാനുള്ള ശ്രമം ആര്‍ബിഐ നടത്തിയേക്കും. രൂപയുടെ മൂല്യം കുറയുന്നത് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നേട്ടമാണ്. അവര്‍ നാട്ടിലേക്ക് പണം അയക്കാന്‍ ഈ സമയം തിരഞ്ഞെടുക്കും. അയക്കുന്ന പണത്തിന് ഉയര്‍ന്ന മൂല്യം കിട്ടുന്നതിനാലാണിത്.
സമീപകാലത്ത് ബിറ്റ്‌കോയിന്‍ വില ശ്രദ്ധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വലിയ മുന്നേറ്റമാണ് ഈ ക്രിപ്‌റ്റോ കറന്‍സി നടത്തിയത്. ഒരു ലക്ഷം ഡോളറിലേക്ക് വരെ അടുത്തിരുന്നു എങ്കിലും കഴിഞ്ഞാഴ്ച വന്‍ ഇടിവുണ്ടായി. ഇപ്പോള്‍ വീണ്ടും വില കയറി വരികയാണ്. ഒരു ബിറ്റ്‌കോയിന് 96000 ഡോളര്‍ എന്ന വിലയിലേക്ക് അടുക്കുന്നു എന്നാണ് പുതിയ വിവരം. ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം ബാരലിന് 72.70 ഡോളര്‍ ആണ് പുതിയ നിരക്ക്.












Click it and Unblock the Notifications