സ്വർണവില ഇവിടെയെങ്ങും നില്‍ക്കില്ല; പവന് 68000 കടക്കുമെന്ന്, വാങ്ങേണ്ടവർ ഉടന്‍ വാങ്ങിക്കോളൂ
സ്വർണ വിലയില്‍ സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ പ്രതിഫലനങ്ങള്‍ക്ക് അനുസരിച്ച് സംസ്ഥാനത്തെ സ്വർണ വില പലതവണ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചു. സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് ഈ വില വർധനവ് വലിയ തിരിച്ചടിയാണെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ഈ വർധനവ് വലിയ അനുഗ്രഹമായി മാറുകയും ചെയ്തു.
എന്നാല്‍ സ്വർണ വിലയിലെ വർധനവ് ഇവിടെയൊന്നും നില്‍ക്കാന്‍ പോകുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് വലിയ വില വർധനവ് തന്നെ സ്വർണത്തിന്റെ കാര്യത്തില്‍ വരാന്‍ പോകുന്നുവെന്നാണ് ഇവർ പറയുന്നു. അടുത്ത കാലത്ത് തന്നെ സ്വർണ വിലയില്‍ 5 മുതല്‍ 7 ശതമാനം വർധവ് ഉണ്ടാകുമെന്നാണ് വെൽത്ത് മാനേജ്‌മെൻ്റ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ റിപ്പോർട്ട് ചെയ്യുന്നത്.

ഉടന്‍ തന്നെ സ്വർണ വില 62760 രൂപയിലേക്ക് എത്താന്‍ പോകുന്നുവെന്നാണ് മോത്തിലാൽ ഓസ്വാൾ വിലയിരുത്തുന്നത്. അതായത് ഒരു ഗ്രാമിന് 7845 ലേക്ക് ഉടന്‍ തന്നേയെത്തിയേക്കും. അടുത്ത മാസം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കം വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ വരാന്‍ പോകുന്ന ഉത്സവ സീസണും രാജ്യത്തെ സ്വർണ വിലയെ സ്വാധീനിക്കും. അതോടൊപ്പം തന്നെ അടുത്ത രണ്ട് വർഷത്തിനുള്ള തന്നെ വില പവന് 68800 ലേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. ഗ്രാമിന് 8600 എന്നതായിരിക്കും അന്നത്തെ നിരക്ക്.
വിവിധ റിപ്പോർട്ടുകളും വിദഗ്ധരും പറയുന്നതനുസരിച്ച് ഇന്ത്യയില്‍ ഗ്രാമീണ മേഖലയില്‍ നിന്ന് അടക്കം ഇത്തവണ ഡിമാന്‍ഡ് കൂടുതല്‍ ശക്തമായിരിക്കും. മെച്ചപ്പെട്ട മൺസൂൺ സീസണും ഈ വർഷം കാർഷിക മേഖലയില്‍ നിന്ന് ഉയർന്ന വിള ലഭിക്കാനുള്ള സാഹചര്യവും ഉള്ളതിനാല്‍ ഗ്രാമീണ സാമ്പത്തിക രംഗം കൂടുതല്‍ ശക്തമായേക്കും. ഇത് ഉത്സവ കാലത്ത് സ്വർണത്തിന്റെ വാങ്ങലുകള്‍ കൂടുതല്‍ ശക്തമായേക്കും.
ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന് ശേഷമുള്ള പ്രാരംഭ കുതിച്ചുചാട്ടത്തിന് പിന്നാലെയും ഇന്ത്യയിൽ സ്വർണ്ണ ഡിമാൻഡ് ശക്തമായി തുടരുകയാണ്. ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനും സ്വർണ്ണ ഇടിഎഫുകൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതിയിൽ മാറ്റം വരുത്തിയതിനും പിന്നാലെയാണ് ഇന്ത്യൻ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) നിക്ഷേപകരുടെ താൽപ്പര്യം വർദ്ധിച്ചത്.
അതേസമയം, കഴിഞ്ഞ രണ്ട് ദിവമായി സർവ്വകാല റെക്കോർഡ് നിരക്കിലാണ് കേരളത്തിലെ സ്വർണ വ്യാപാരം നടക്കുന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 56960 രൂപ എന്ന നിരക്കിലാണ് വില്‍പ്പന. ഗ്രാം വില 7120 രൂപ.












Click it and Unblock the Notifications