സ്വര്‍ണം പിടിവിടുന്നു; രണ്ടാംദിനവും കുതിപ്പ്... വെള്ളി വിലയും കൂടി, അറിയാം പുതിയ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണവില കൂടുന്നു. പുതുവര്‍ഷത്തിന്റെ രണ്ടാംദിവസവും വില വര്‍ധിച്ചു. ഈ വര്‍ഷം വന്‍കുതിപ്പ് സ്വര്‍ണത്തിലുണ്ടാകുമെന്ന പ്രവചനങ്ങള്‍ ശരിയാകുമോ എന്ന ചര്‍ച്ചയും ആരംഭിച്ചു. രൂപ കരുത്ത് കൂട്ടാന്‍ സാധിക്കാതെ നില്‍ക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിക്ക് കാരണം. ആഗോള വിപണിയിലും സ്വര്‍ണവില കൂടിവരികയാണ്.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നതും ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ നേരിയ മുന്നേറ്റം തുടരുന്നുണ്ട്. ഡോളര്‍ ഉയര്‍ന്ന കരുത്തില്‍ നില്‍ക്കുന്നത് സ്വര്‍ണം വാങ്ങാന്‍ കാത്തിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. അതേസമയം, രൂപ കരുത്ത് കൂട്ടുക കൂടി ചെയ്താല്‍ മാത്രമേ ഈ ഘട്ടത്തില്‍ സ്വര്‍ണവില കുറയൂ. നിലവില്‍ അതിന് സാധ്യത കുറവാണ്....

കേരളത്തില്‍ സ്വര്‍ണം ഗ്രാമിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ബുധനാഴ്ച 40 രൂപ വര്‍ധിച്ചിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7180 രൂപയാണ് ഇന്നത്തെ വില. പവന്‍ സ്വര്‍ണത്തിന് 57440 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5930 രൂപയിലെത്തി. അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റം വന്നു. ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 94 രൂപയായി.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം അവധിയായിരുന്നു എങ്കിലും ഇന്ന് സ്വര്‍ണം വില കയറി വരികയാണ്. സ്വര്‍ണം ഔണ്‍സിന് 2634 ഡോളറാണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഇനിയും വല വര്‍ധിച്ചേക്കും. ഇതിന്റെ പ്രതിഫലനം നാളെ കേരള വിപണിയില്‍ ഉണ്ടാകും. ഡോളര്‍ സൂചിക 108.31 എന്ന നിരക്കിലെത്തി. ഇന്ത്യന്‍ രൂപ 85.72 എന്ന നിരക്കിലാണുള്ളത്.
ഇന്ന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ 62500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നാല് ശതമാനം കുറവിലുള്ള പണം കിട്ടും. പഴയ ആഭരണങ്ങള്‍ വാങ്ങിയ ജ്വല്ലറിയില്‍ തന്നെ വില്‍ക്കുമ്പോള്‍ കൂടുതല്‍ മൂല്യം കിട്ടും. ചില ജ്വല്ലറികള്‍ രണ്ട് ശതമാനം വില കുറച്ച് പഴയ സ്വര്‍ണം സ്വീകരിക്കാറുണ്ട്.
ആഭരണമായി അണിയുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കില്‍ 18 കാരറ്റിലുള്ള സ്വര്‍ണമാണ് നല്ലത്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 22 കാരറ്റിനേക്കാള്‍ 10000 രൂപയുടെ വിലക്കുറവുണ്ടാകും. വില കുറവായതിനാല്‍ പണിക്കൂലിയിലും ജിഎസ്ടിയിലുമെല്ലാം കുറവ് വരുന്നതിനാലാണ് ഇത്രയും വില താഴുന്നത്. അതേസമയം, ബാങ്ക് ലോണിന് ഈ കാരറ്റിലുള്ള സ്വര്‍ണം സ്വീകരിക്കാറില്ല.
ക്രൂഡ് ഓയില്‍ വില കൂടി വരുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡ്, മര്‍ബണ്‍ ക്രൂഡ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 75 ഡോളര്‍ കടന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില അല്‍പ്പം ഉയര്‍ന്നു. 94000 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications