സ്വര്‍ണവില ചാഞ്ചാടുന്നു; ഇന്ന് വില വര്‍ധിച്ചു... ഡോളറും ക്രൂഡ് ഓയിലും ഒപ്പം ചേര്‍ന്നു, അറിയാം പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഓരോ ദിവസവും ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. ഇന്ന് വില കൂടിയിട്ടുണ്ട്. ആഗോള വിപണിയിലും നേരിയ മുന്നേറ്റം പ്രകടമാണ്. അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ എന്താകുമെന്ന ആശങ്ക വിപണിയിലുണ്ട്. ജനുവരി 20നാണ് ട്രംപ് ചുമതല ഏറ്റെടുക്കുന്നത്.
ഡോളര്‍ കരുത്ത് കൂട്ടാനുള്ള നടപടികള്‍ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് ശേഷം ഡോളര്‍ കരുത്ത് കൂടിയിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വിലയും വര്‍ധിക്കുകയാണ്. ബിറ്റ് കോയിന്‍ വില ഇടിഞ്ഞു. ഇന്ത്യന്‍ രൂപയുടെ മൂല്യം തിരിച്ചുകയറിയിട്ടില്ല. രൂപ കരുത്ത് കുറയുന്നത് ആര്‍ബിഐ വൃത്തങ്ങളെയും ആശങ്കയിലാക്കുന്നു...

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 58280 രൂപയായിരുന്നു. കുറഞ്ഞ നിരക്ക് 56320 രൂപയും. ഈ മാസം 26ന് 57000 ആയി ഉയര്‍ന്നു. തൊട്ടടുത്ത ദിവസം 200 രൂപ കൂടി. പിന്നീട് 120 രൂപ കുറയുകയും ചെയ്തു. ഏറിയും കുറഞ്ഞും മുന്നോട്ട് പോകുന്ന സ്വര്‍ണം ഇന്ന് കൂടുകയാണ് ചെയ്തിരിക്കുന്നത്.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7150 രൂപയിലെത്തി. പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 57200 രൂപയിലും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5905 രൂപയായി. വെള്ളിയുടെ വില കേരളത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 95 രൂപയാണ് വെള്ളി വില. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2625 ഡോളറിലാണ് വ്യാപാരം.
ട്രംപ് അധികാരമേറ്റാല്‍ രാഷ്ട്രീയ-സാമ്പത്തിക സംഘര്‍ഷങ്ങള്‍ കൂടുകയാണോ കുറയുകയാണോ ചെയ്യുക എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുമെന്നാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. അതേസമയം തന്നെ ചൈന, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അദ്ദേഹം താരിഫ് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് ട്രംപിന്റെ പ്ലാന്‍ എന്ന് അവ്യക്തമാണ്. എങ്കിലും അമേരിക്കയെ ശക്തിപ്പെടുത്തുന്നതില്‍ കേന്ദ്രീകരിക്കുമെന്ന് കരുതുന്നു. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമാണ് ട്രംപ് ഉയര്‍ത്താറുള്ളത്. ഡോളറിന്റെ കരുത്ത് കൂട്ടാനുള്ള നടപടികളും സ്വീകരിച്ചേക്കും. ഡോളര്‍ കരുത്ത് കൂടുന്നത് സ്വര്‍ണവില കുറയാന്‍ ഇടയാക്കും. ഇസ്രായേല്‍, റഷ്യ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചാലും സ്വര്‍ണവില താഴും.
2025ല്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന് കാരണം മേല്‍പ്പറഞ്ഞതാണ്. അതേസമയം, ട്രംപ് വരികയും സംഘര്‍ഷം രൂക്ഷമാകുകയും ചെയ്താല്‍ സ്വര്‍ണവില പിടിവിടും. പലസ്തീന്‍, ഇറാന്‍, ചൈന എന്നിവര്‍ക്കെതിരെ ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും. മാത്രമല്ല, പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചാലും സ്വര്‍ണവില കൂടും.
2025ല്‍ രണ്ട് തവണ മാത്രമേ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കൂ എന്നാണ് പ്രചാരണം. ഡോളര്‍ സൂചിക ഇന്ന് 108ലാണുള്ളത്. ഇന്ത്യന്‍ രൂപ 85.45 എന്ന നിരക്കിലും. ബിറ്റ് കോയിന്‍ വില 93000 ഡോളറിലേക്ക് ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ 74 ഡോളര്‍ പിന്നിട്ടു.












Click it and Unblock the Notifications