സ്വര്‍ണം വിട്ട് ഡയമണ്ട് പിടിക്കാം; വില കുത്തനെ കുറഞ്ഞു, വില്‍ക്കാനുള്ളവര്‍ തലയില്‍ കൈവെക്കും
സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും തിരുത്തി മുന്നേറുകയാണ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 60440 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 7555 രൂപയും. ഇനിയും വില വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഫെബ്രുവരി ഒന്നിന് ബജറ്റില്‍ നികുതി കൂട്ടിയാല്‍ സ്വര്‍ണവില കുതിക്കും. അന്തര്‍ദേശീയ സാഹചര്യങ്ങളും വില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
സ്വര്‍ണത്തേക്കാള്‍ വിലയുള്ള ലോഹമാണ് ഡയമണ്ട്. അതിസമ്പന്നര്‍ മാത്രം വാങ്ങി സൂക്ഷിച്ചിരുന്ന ഡയമണ്ടിന്റെ ഇപ്പോഴത്തെ കാര്യം കഷ്ടമാണത്രെ. ദി ഗാര്‍ഡിയന്‍ പത്രം ഇത് സംബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡയമണ്ട് വില കുത്തനെ ഇടിയുന്നു എന്ന വിവരം. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ കൂടി റിപ്പോര്‍ട്ടില്‍ തെളിവായി വിവരിക്കുന്നു.

നാച്വറല്‍ ഡയമണ്ടിന് 2022ലെ വിലയില്‍ നിന്ന് 26 ശതമാനം ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ലാബ് ഗ്രോണ്‍ ഡയമണ്ടിന് 2020ലെ വിലയേക്കാള്‍ 74 ശതമാനം ഇടിവാണ് ഇപ്പോള്‍. ഇനിയും വില കുറയാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഡയണ്ടിനോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് നല്ല അവസരമായി കാണാവുന്നതാണ്.
ഒരു കാരറ്റ് നാച്വറല്‍ ഡയമണ്ടിന് 2022 മെയ് മാസത്തിലെ വില 6819 ഡോളര്‍ ആയിരുന്നു. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ വില 4997 ആണ്. 26 ശതമാനത്തിലധികം കുറഞ്ഞു. അതേസമയം, ലാബ് ഗ്രോണ്‍ ഡയമണ്ടിന് 2020ല്‍ 3410 ഡോളര്‍ ആയിരുന്നു വില. ഇപ്പോള്‍ 892 ഡോളര്‍ ആയി കുറഞ്ഞു. 74 ശതമാനം വില ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
വില കുറയാത്തത് സ്വര്‍ണം മാത്രം
കൊവിഡ് വ്യാപനത്തിന് ശേഷം ഡയമണ്ടിന്റെ വില ക്രമേണ കുറയുകയാണ് ചെയ്തതെന്ന് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. സ്വര്‍ണം ഒഴികെയുള്ള മറ്റു ലോഹങ്ങളും തിരിച്ചടി നേരിട്ടിരുന്നു എങ്കിലും പിന്നീട് വില കയറി. ചൈനയില്‍ നിന്നുള്ള ആവശ്യം ഗണ്യമായി കുറഞ്ഞതും ഡയമണ്ടിന്റെ വില കുറയാന്‍ കാരണമായി. നേരത്തെ ഡയമണ്ട് വാങ്ങി ഇപ്പോള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. വില്‍പ്പന മൂല്യം കുറയും എന്നതും ഡയമണ്ട് വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കാന്‍ കാരണമാണ്.
എന്നാല്‍ ഒരിക്കലും വില കുറയാതെ ഓരോ വര്‍ഷവും കടന്നുപോകുന്ന ലോഹം സ്വര്‍ണം മാത്രമാണ്. 2020ന് ശേഷം വന്‍തോതിലുള്ള വര്‍ധനവാണ് സ്വര്‍ണത്തിലുണ്ടായിരിക്കുന്നത്. 2008ല്‍ അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വര്‍ണവിലയുടെ മുന്നേറ്റത്തിന് വേഗത ഏറിയിരുന്നു. പിന്നീട് കൊവിഡ് കാലത്തും കുതിക്കുകയാണ് ചെയ്തത്.
ഇന്ന് ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണം വില കൂടുകയാണ്. കേന്ദ്ര ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കരുത്തിന് വേണ്ടി സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നു. ഇതാണ് സ്വര്‍ണവില കൂടാന്‍ പ്രധാന കാരണം. മാത്രമല്ല, വില കൂടുന്തോറും കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഇനിയും വില കൂടുന്നതിന് മുമ്പ് വാങ്ങാമെന്ന് ചിലര്‍ കരുതുന്നു. എത്ര വില കൊടുത്ത് വാങ്ങിയാലും ഭാവിയില്‍ ലാഭം കൊയ്യാമെന്ന് കരുതി സ്വര്‍ണം വാങ്ങുന്നവരുമുണ്ട്.












Click it and Unblock the Notifications