സ്വർണവില കുറച്ചത് ട്രംപണ്ണന്‍, ഒറ്റയടിക്ക് 1320 ഇടിഞ്ഞു: വാങ്ങേണ്ടവർ ഇപ്പോള്‍ വാങ്ങണം, ആശ്വാസം അധികനാളില്ല
പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിയ സ്വർണ വിലയില്‍ ഇന്ന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 22 കാരറ്റ് സ്വർണത്തിലുണ്ടായിരിക്കുന്നത് 1320 രൂപയുടെ ഇടിവാണ്. സമീപ മാസങ്ങളില്‍ തന്നെ സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന വിലയിടിവുമാണ് ഇത്. ഇതോടെ പവന്റെ വില 57600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 എന്നതിലേക്കുമെത്തി.
കഴിഞ്ഞ ദിവസം പവന് 58920 രൂപയും ഗ്രാമിന് 7365 രൂപയുമായിരുന്നു വില. ഒക്ടോബര്‍ 31-ന് 59640 രൂപ എന്ന നിരക്കിലുണ്ടായിരുന്ന വിലയാണ് ഒരാഴ്ചകൊണ്ട് 57600 രൂപയിലേക്ക് എത്തിയത്. ഇന്നത്തെ വിലയിടിവിന്റെ പ്രധാന കാരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ്.

ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 2657 ഡോളറില്‍ താഴെയാണ് നിലവിലെ വില. കഴിഞ്ഞയാഴ്ച 2780 ഡോളര്‍ വരെ ഉയർന്ന് നിന്ന വിലയാണ് ഈ നിരക്കിലേക്ക് താഴ്ന്നത്.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തരിച്ചെത്തുമെന്ന് ഉറപ്പായതോടെ ഡോളറും ഓഹരി വിപണിയും കരുത്താർജ്ജിച്ചതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. ഇന്ന് പുറത്ത് വരാനിരിക്കുന്ന ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനവും നിക്ഷേപകർ ഇപ്പോള്‍ സൂക്ഷ്മായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
സ്വർണത്തിലെ ഈ വിലയിടിവ് ഹ്രസ്വകാലത്തേക്ക് തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും ദീർഘകാലത്തേക്ക് അതാകണമെന്നില്ല സ്ഥിതി. അതായത് സ്വർണ വില ഇപ്പോള്‍ ഇടിഞ്ഞാലും മാസങ്ങള്‍ കഴിയുമ്പോള്‍ വില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സ്വർണത്തില്‍ നിക്ഷേപം നടത്തുന്നത് മികച്ച തീരുമാനമായിരിക്കും.
വില കുറയുന്നതോടെ കൂടുതല്‍ ആളുകള്‍ സ്വർണത്തില്‍ നിക്ഷേപം നടത്താനെത്തും. ഇതോടെ ഡിമാന്‍ഡും വിലയും ഉയരും. ട്രംപ് അധികാരത്തിലെത്തിയാലും പശ്ചിമേഷ്യയിലേത് ഉള്‍പ്പെടേയുള്ള സംഘർഷ സാഹചര്യങ്ങള്‍ തുടരാം. വിവിധ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ അടുത്ത വർഷം സ്വർണ വില ഔൺസിന് 3000 ഡോളറിലെത്തുമെന്നാണ് വിങ് ഫംഗ് പ്രെഷ്യസ് മെറ്റൽസിൻ്റെ ഡീലിംഗ് മേധാവി പീറ്റർ ഫംഗിനെ ഉദ്ധരിച്ച് സി എന്‍ ബി സി റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലെ വിലയിടിവ് ദീർഘകാല നിക്ഷേപകർക്ക് സ്വർണം വാങ്ങാനുള്ള മികച്ച അവസരമായിട്ടാണ് വിലയിരുത്തുന്നത്. ഇപ്പോള്‍ കൈവശം സ്വർണം വാങ്ങാനുള്ള പൈസ ഇല്ലെങ്കിലും അഡ്വാന്‍സ് ബുക്കിങ് നടത്താവുന്നതുമാണ്. ഭാവിയില്‍ സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിലുള്ളവര്‍ക്ക് മുമ്പിലുള്ള മികച്ച മാര്‍ഗം അഡ്വാന്‍സ് ബുക്കിങ് ആണ്. സ്വർണ വില കൂടിയാല്‍ ബുക്ക് ചെയ്യുന്ന ദിവസത്തെ നിരക്കില്‍ സ്വർണം ലഭിക്കും. ഇനി വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കില്‍ അന്നത്തെ പൈസ നല്‍കിയാലും മതി. കേരളത്തിലെ ഒട്ടുമിക്ക ജ്വല്ലറികളും അഡ്വാന്‍സ് ബുക്കിങ് സേവനം ലഭ്യമാണ്.












Click it and Unblock the Notifications