സ്വർണവില കൂടിയപ്പോള്‍ കണ്ണ് തള്ളിയവരല്ല, കോളടിച്ചവരാണ്: മുന്‍പ് പവന് 30000 എങ്കില്‍ ഇപ്പോള്‍ 45000 വരെ
സ്വർണവില പുതിയ ഉയരങ്ങള്‍ താണ്ടിയതോടെ രാജ്യത്തെ സ്വർണപ്പണയ അളവിലും റെക്കോർഡ് വർധനവ്. വില വർധനവോടെ സ്വർണം ഈടായി നല്‍കുമ്പോള്‍ കൂടുതല്‍ പണം വായ്പയായി ലഭിക്കുന്ന സാഹചര്യമുണ്ടായി. ഈ അവസരം ആളുകള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണപ്പണയ വായ്പകളില്‍ മികച്ച രീതിയിലുള്ള വർധനവാണുണ്ടായത്.
2024 ഒക്ടോബര്‍ വരെ 1.50 ലക്ഷം കോടി രൂപയുടെ സ്വര്‍ണ പണയ വായ്പകളാണ് ഇന്ത്യന്‍ ബാങ്കുകള്‍ അനുവദിച്ചത്. വാർഷികാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 56 ശതമാനത്തോളം വരും വർധനവ്. ജൂലൈയിൽ 40 ശതമാനവും ജൂണിൽ 31 ശതമാനവും വർധനവ് രേഖപ്പെടുത്തിയെന്ന് ആർ ബി ഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസങ്ങളിൽ ഇത് 16 ശതമാനവും 19 ശതമാനവും ആയിരുന്നു. അതുപോലെ, ഈ വർഷം മേയിൽ 30 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. 2023 മെയ് മാസം ഇത് വെറും 15 ശതമാനം ആയിരുന്നുവെന്നതാണ് ശ്രദ്ധേയം.

കുടിശ്ശികയുള്ള സ്വർണ്ണ വായ്പാ ബാലൻസ് ജൂലൈ അവസാനത്തോടെ 1.32 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാലന്‍സ് 95344 കോടി. ഒരു മികച്ച സാമ്പത്തിക സ്രോതസ്സായി ആളുകള്‍ സ്വർണത്തെ കാണുന്ന എന്നത് കൂടിയാണ് ഈ കണക്കുകളിലൂടെ വ്യക്തമാകുന്നത്. വർധനവോടെ ഉയർന്ന നിരക്കിലുള്ള വായ്പ ലഭിച്ചതിനാല്‍ വസ്തു വില്‍ക്കാതിരിക്കാനും സാധിച്ചു.
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, സ്ഥിരതയില്ലാത്ത സ്റ്റോക്ക് മാർക്കറ്റ്, ആഗോള സാമ്പത്തിക അസ്ഥിരത തുടങ്ങിയ പലവിധ കാരണങ്ങളാലും ആളുകള്‍ സ്വർണത്തില്‍ നിക്ഷേപിക്കാനും പണം ആവശ്യമായി വരുന്ന സമയത്ത് സ്വർണ്ണ വായ്പകളിലേക്ക് നീങ്ങിയെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതായത് സാമ്പത്തിക തകർച്ചയുടെ സമയത്ത് സ്വർണ്ണം പരമ്പരാഗതമായി തന്നെ ഒരു സുരക്ഷിത നിക്ഷേപമാർഗ്ഗമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ പെട്ടെന്നുള്ള പണലഭ്യത ഉറപ്പ് വരുത്താനായി ആളുകൾ കൂടുതലായി സ്വർണ്ണം പണയം വയ്ക്കുന്നു.
മറ്റ് വായ്പകളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തില്‍ സ്വർണ്ണപ്പണയ വായ്പകള്‍ ലഭിക്കുന്നു എന്നതും മറ്റൊരു പ്രധാന ഘടകമാണ്. ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളും (NBFC) അധികം രേഖകളുടേയൊന്നും ആവശ്യമില്ലാതെ വേഗത്തില്‍ തന്നെ സ്വർണ്ണത്തിന്മേലുള്ള വായ്പ അനുവദിക്കുന്നു. താരതമ്യേന സ്വർണപ്പണയ വായ്പകളുടെ പലിശ നിരക്കും കുറവാണ് എന്നതും ആളുകളെ ആകർഷിക്കുന്ന ഘടകമാണ്.
വില കൂടിയപ്പോള്‍ ആളുകള്‍ക്ക് സ്വർണ്ണപ്പണയത്തിലൂടെ കൂടുതല്‍ വായ്പ കണ്ടെത്താന്‍ സാധിച്ചുവെന്ന് ചുരുക്കം. നിലവിലുള്ള വായ്പ അടച്ച് തീർത്ത് അതേ ഈടില്‍ നിന്ന് തന്നെ ഉയർന്ന തുകയ്ക്ക് പുതിയ വായ്പ എടുക്കാനുള്ള അവസരവും ആളുകള്‍ക്കുണ്ടായി. പവന് 40000 രൂപ സമയത്ത് സ്വർണം പണയം വെക്കുമ്പോള്‍ 30000 രൂപയാണ് പരമാവധി ലഭിച്ചതെങ്കില്‍, വില 55000 ത്തിലേക്ക് എത്തുമ്പോള്‍ അതേ ഒരു പവന് ഈടായി 45000 വരെ ലോണ്‍ ലഭിക്കുന്ന സാഹചര്യമുണ്ടായി. റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥ പ്രകാരം 'ലോണ്‍ ടു വാല്യു(എല്‍.ടി.വി) റേഷ്യോ' പരമാവധി 75 ശതമാനമാണ്.' ഈ ഘടകവും ലോണ്‍ അളവിലെ വർധനവിന് കാരണമായിട്ടുണ്ട്.
സ്വർണ്ണ വില
നിലവില്‍ സംസ്ഥാനത്ത് സ്വർണ വില പവന് 56720 രൂപയാണ്. തിങ്കളാഴ്ച പവന് 480 രൂപയുടെ ഇടിവുണ്ടായതോടെയാണ് ഈ നിരക്കിലേക്ക് വില എത്തിയത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 ലേക്കും എത്തി












Click it and Unblock the Notifications