നാലാംദിനം സ്വര്‍ണവില കൂടിയേക്കും; 1200 രൂപ ലാഭിക്കാനുള്ള അവസരം പോയി... ഇന്നത്തെ വില
കൊച്ചി: ഏറിയും കുറഞ്ഞും സ്വര്‍ണവില പവന് 50000ത്തിലേക്ക് അടുക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ആരും പ്രതീക്ഷിച്ചതല്ല ഇത്രയും വില. പൊന്നിന് 'പൊന്നും വില' കൊടുക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു ഉപഭോക്താക്കള്‍. വലിയ തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ടതില്ല. നേരിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.
ഡിസംബറില്‍ സര്‍വകാല റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. പവന് 47080 രൂപ നല്‍കേണ്ടി വന്നത് ഈ മാസം നാലിനാണ്. പിന്നീട് കുറഞ്ഞ് 45320 രൂപ വരെ എത്തിയത് ആശ്വാസമായി. എന്നാല്‍ ശേഷം വില കയറുന്നതാണ് കണ്ടത്. ഈ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 1240 രൂപയുടെ വര്‍ധനവാണുള്ളത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46560 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1240 രൂപ വര്‍ധിച്ചു. അന്ന് വാങ്ങിയിരുന്നെങ്കില്‍ ഇത്രയും രൂപ ലാഭിക്കാമായിരുന്നു എന്ന് ദുഃഖിക്കുന്നതില്‍ കാര്യമില്ല. കാരണം, വരുംകാലങ്ങളില്‍ വലിയ തോതിലുള്ള വിലക്കുറവിന് സാധ്യതയില്ല എന്ന് വിപണി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഒരു പവന് 46560 രൂപയില്‍ തുടരുകയാണ്. ഗ്രാമിന് 5820 രൂപയും. ഡോളര്‍ കരുത്ത് കുറഞ്ഞുവരുന്നതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണ് സാധ്യത. ഡോളര്‍ സൂചിക 101.71ലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് 107ലായിരുന്നു. ഡോളര്‍ മൂല്യമിടിയുന്നത് സ്വര്‍ണവില കുതിക്കാന്‍ കാരണമാകും.
വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു ഘടകമാണ് ക്രൂഡ് ഓയില്‍ വില. ബ്രെന്റ് ക്രൂഡ് ബാരലിന് 79.07 ഡോളര്‍ ആണ് വില. നേരത്തെ 73 ഡോളര്‍ വരെ ഇടിഞ്ഞിരുന്ന വിലയാണ് ഘട്ടങ്ങളായി ഉയര്‍ന്നിരിക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ സംഭവങ്ങളാണ് വിലക്കുതിപ്പിന് കാരണം. ചെങ്കടലിലൂടെയുള്ള ചരക്കുകടത്ത് നേരിയ പ്രതിസന്ധി നേരിടുന്നുണ്ട്.
ക്രിസ്മസ് അവധി കഴിഞ്ഞ് വിപണി സജീവമാകുമ്പോള്‍ വില ഉയരുമെന്നാണ് കരുതുന്നത്. എണ്ണവില പരിധി വിട്ട് ഉയരുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. മാത്രമല്ല, രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്യും. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാല്‍ എണ്ണവില കുറഞ്ഞിരിക്കുന്നതാണ് ഇന്ത്യയ്ക്ക് നേട്ടമാകുക. മറിച്ച് സംഭവിക്കുമ്പോള്‍ സമ്പത്ത് ചോര്‍ച്ചയ്ക്ക് ഇടവരും.












Click it and Unblock the Notifications