സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; 440 രൂപയുടെ നേട്ടം... ഈ മാസത്തെ കുറഞ്ഞ നിരക്ക്, ഇന്നത്തെ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും ഇടിഞ്ഞുവരികയാണ്. മൂന്നാം ദിവസമാണ് തുടര്‍ച്ചയായി ഇടിയുന്നത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലത്. ആഗോള വിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില കുറയാനാണ് സാധ്യത.
ഈ മാസം സ്വര്‍ണം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 46640 രൂപയായിരുന്നു. രണ്ടാം തിയ്യതിയായിരുന്നു ഈ ഉയര്‍ന്ന വില. എന്നാല്‍ പിന്നീട് കുറയുന്നതാണ് കണ്ടത്. ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 440 രൂപയുടെ കുറവുണ്ട്. അതായത്, ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത്രയും രൂപയുടെ ലാഭം കൊയ്യാം. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം.

ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില 46200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5775 രൂപയിലാണ് വ്യാപാരം. അതേസമയം, ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അര ലക്ഷത്തോളം രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ക്കുമ്പോഴാണിത്. ജ്വല്ലറികളിലെത്തുന്ന ഉപഭോക്താക്കള്‍ പണിക്കൂലി കുറയ്ക്കാന്‍ വില പേശേണ്ടി വരും.
സ്വര്‍ണവില കുറഞ്ഞതിന് കാരണം ഇതാണ്
സ്വര്‍ണവില കുറയാന്‍ കാരണമായി എടുത്തു പറയാവുന്നത് രണ്ട് കാരണങ്ങളാണ്. എണ്ണ വിലയിലുണ്ടായ കുറവ് ആഗോള വിപണിയില്‍ ആശ്വാസം നല്‍കുന്നു എന്നതാണ് ഒന്ന്. നേരത്തെ ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 78 ഡോളറിലാണ് വ്യാപാരം. ഇത് വിപണിക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
വിപണി അസ്ഥിരപ്പെടുമ്പോഴാണ് നിക്ഷേപകര്‍ ആശങ്കയിലാകുന്നതും അവര്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് തിരിയുന്നതും. സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേര്‍ എത്തുന്നതോടെ വില ഉയരുന്നത് സ്വാഭാവികം. മാത്രമല്ല, ലോക രാജ്യങ്ങള്‍ അവരുടെ കേന്ദ്ര ബാങ്കുകള്‍ വഴി വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതും സ്വര്‍ണത്തിലുള്ള ആവശ്യം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
സ്വര്‍ണവില കുറയാന്‍ മറ്റൊരു കാരണം ഡോളറിന്റെ മൂല്യത്തിലുണ്ടായ ഉയര്‍ച്ചയാണ്. ഡോളര്‍ സൂചിക 104.42 എന്ന നിരക്കിലാണിപ്പോള്‍. നേരത്തെ 101 വരെ ഇടിഞ്ഞിരുന്നു. ഡോളര്‍ മൂല്യം ഉയരുന്നതോടെ മറ്റു പ്രധാന കറന്‍സികള്‍ മൂല്യം ഇടിയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയുകയും ചെയ്യും. ഇതോടെയാണ് സ്വര്‍ണവില ഇടിയാന്‍ കളമൊരുങ്ങുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് 83.04 ആണ്.












Click it and Unblock the Notifications