'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
കൊച്ചി: സ്വർണപ്രേമികളുടെ പ്രതീക്ഷളെല്ലാം അസ്ഥാനത്താക്കി സ്വർണ വിലയിൽ വൻ കുതിപ്പ്. ഈ മാസം ആദ്യം മുതൽ തന്നെ സ്വർണ വിലയിൽ വലിയ വർദ്ധനവാണ് കാണാനായത്. ഇതോടെ വൈകാതെ തന്നെ പവന് വില അരലക്ഷത്തിൽ എത്തുമെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് സ്വർണപ്രേമികളുടെ ഹൃദയം തകർത്ത് വില 50,000 കടന്നിരിക്കുന്നത്. ഇന്നത്തെ വില വിശദമായി അറിയാം
മാർച്ച് 1 ന് ഒരു പവന്‍ സ്വര്‍ണത്തിന് വിപണി വില 46,320 രൂപയായിരുന്നു. ഈ മാസം 15 ആയപ്പോഴേക്കും വില 48,480 രൂപ തൊട്ടു. 49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപയും. വ്യാഴാഴ്ച വീണ്ടും വില ഉയർന്നു. 49,360 രൂപയായിരുന്നു പവന് വില. ഗ്രാമിന് 6170 രൂപയും. ഇതോടെ ഏപ്രിലിൽ തുടങ്ങുമ്പോഴേക്കും അരലക്ഷം കവിയാനുള്ള സാധ്യത ഉണ്ടെന്നുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്ന് മഞ്ഞലോഹം പവന് 50,400 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 1040 രൂപയാണ് വർധിച്ചത്. ഗ്രാമിന് 130 രൂപ വർഝിച്ച് 6,300 രൂപയും. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 2,234 ഡോളറാണ്. ഇതാദ്യമായാണ് സ്വർണവില അരലക്ഷത്തിൽ എത്തി നിൽക്കുന്നത്. ഇതുവരെ സ്വര്‍ണം പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 49440 രൂപയാണ്. മാർച്ച് 21 നായിരുന്നു ഇത്.ഗ്രാമിന് 6,180 രൂപയും. അതേസമയം മാർച്ച് മാസത്തില്‍ പവന് ഏറ്റവും കുറഞ്ഞ നിരക്ക് 46,320 രൂപയായിരുന്നു.
കേന്ദ്ര ബാങ്കുകൾ വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന റിപ്പോർട്ടുകളും ഇപ്പോഴത്തെ വില വർധനവിന് കാരണമായി. ഇനിയും വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അതേസമയം വില വർധിച്ചതോടെ പണിക്കൂലി, നികുതി ,ഹാൾമാർക്കിങ് നിരക്കുകൾ എന്നിവയെല്ലാം ചേർത്ത് കുറഞ്ഞത് 55,000 രൂപയെങ്കിലും നൽകേണ്ടി വരും. സാധാരണക്കാരനെ സംബന്ധിച്ച് ഇനി ഒരു തരി പൊന്നുവാങ്ങുകയെന്നത് എളുപ്പമാകില്ലെന്ന് സാരം. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് സ്വർണം വാങ്ങുന്നതായിരിക്കും ഗുണം ചെയ്യുക.












Click it and Unblock the Notifications