സ്വര്‍ണം അഞ്ചിലൊന്ന് വിലക്കുറവില്‍ കിട്ടും!! പിന്നെ എന്തിന് വലിയ വില കൊടുക്കണം, വില്‍പ്പന തകൃതി
സ്വര്‍ണം തൊടാതെ ഒരു ആഘോഷവും ഇന്ത്യക്കാര്‍ക്കില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. ജനനം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും പുറമെ ഉല്‍സവ സീസണിലും സ്വര്‍ണം വാങ്ങുന്നവര്‍ ഏറെയാണ്. നിക്ഷേപം എന്ന നിലയില്‍ കോയിന്‍, കട്ടി ആയും സ്വര്‍ണം വാങ്ങുന്നവരുണ്ട്. എന്നാല്‍ അടിക്കടി വില കൂടുന്നത് എല്ലാവരിലും ആശങ്കയുണ്ടാക്കുന്നു.
വില കുത്തനെ കുതിച്ച സാഹചര്യത്തില്‍ സ്വര്‍ണം വാങ്ങുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ വരുത്തിയിട്ടുണ്ടെന്ന് ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നതാണ് പുതിയ പ്രത്യേകത. കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വലിയ വില മാറ്റമുള്ള സ്വര്‍ണമാണിത്.

2023ല്‍ ഇന്ത്യയിലെ സ്വര്‍ണവിലയില്‍ 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ 22 ശതമാനം വില കൂടി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രണ്ടാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. എത്ര വില കൂടിയാലും സ്വര്‍ണം വാങ്ങുന്ന പതിവ് ഇന്ത്യക്കാര്‍ക്കുണ്ട്. അതേസമയം, എങ്ങനെ വില കുറഞ്ഞ രീതിയില്‍ സ്വര്‍ണം വാങ്ങാമെന്ന് ഉപഭോക്താക്കള്‍ വഴി തേടുകയാണ്.
സാധാരണ ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നത് 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണമാണ്. പരമ്പരാഗത ആഭരണങ്ങളോടായിരുന്നു ഇഷ്ടക്കൂടുതല്‍. എന്നാല്‍ ഇതില്‍ നിന്ന് മാറി ഉപഭോക്താക്കള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ബജറ്റില്‍ ഒതുങ്ങുന്ന ആഭരണം കിട്ടുമെന്നതാണ് ഇതിന്റെ നേട്ടം. ആവശ്യക്കാര്‍ കൂടിയതോടെ ഇത്തരം ആഭരണങ്ങളില്‍ വ്യത്യസ്തമായ ഡിസൈനുകള്‍ എല്ലാ ജ്വല്ലറികളിലും സജ്ജമാക്കിയിട്ടുണ്ട്.
ഈ സ്വര്‍ണത്തിന് വില കുറയാന്‍ കാരണം ഇതാണ്
കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങളിലേക്ക് തിരിഞ്ഞു എന്നതമാണ് ഉപഭോക്താക്കളില്‍ സംഭവിച്ചിരിക്കുന്ന മറ്റൊരു മാറ്റം. 22 കാരറ്റിന് പകരം 18 കാരറ്റിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയാണ്. 22 കാരറ്റിനേക്കാള്‍ വിലക്കുറവാണ് 18 കാരറ്റിന് എന്നതു തന്നെ പ്രധാന കാരണം. 91.7 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ആണ് 22 കാരറ്റ് സ്വര്‍ണത്തിലുള്ളത്. എന്നാല്‍ 18 കാരറ്റില്‍ 75 ശതമാനം മാത്രമേ സ്വര്‍ണമുള്ളൂ.
അതുകൊണ്ടുതന്നെയാണ് 18 കാരറ്റിന് വിലയില്‍ കുറവുള്ളത്. 22 കാരറ്റിന്റെ അഞ്ചിലൊന്ന് വിലക്കുറവില്‍ 18 കാരറ്റ് സ്വര്‍ണം കിട്ടും. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7135 രൂപയാണ് വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5890 രൂപ നല്‍കിയാല്‍ മതി. 1245 രൂപയുടെ വ്യത്യാസമുണ്ട് എന്ന് ചുരുക്കം. വിലയിലെ ഈ മാറ്റം തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.
സ്വര്‍ണം കുറവും ചെമ്പ് കൂടുതലുമായതിനാല്‍ കരുത്ത് വര്‍ധിക്കും. വില കുറയുക മാത്രമല്ല, കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും. രണ്ട് വര്‍ഷം മുമ്പ് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയായിരുന്നു 18 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന. നിലവില്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് ഇന്ത്യ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.












Click it and Unblock the Notifications