ആറാം ദിനം സ്വര്‍ണ വില മാറി; നേരിയ ആശ്വാസം... ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: ഏറെ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ കുറവ്. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇടിവ് വന്നിരിക്കുന്നത്. അതേസമയം, എണ്ണവിലയില്‍ ഉയര്‍ച്ച വരുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേരിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റം വന്നിട്ടില്ല.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 45920 രൂപയുമാണ്. കഴിഞ്ഞ അഞ്ച് ദിവസമായി പവന്‍ വില 46240 രൂപയില്‍ നില്‍ക്കുകയായിരുന്നു. ഇന്ന് നേരിയ കുറവ് മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ഡോളര്‍ മൂല്യം മെച്ചപ്പെടുത്തുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും കുറഞ്ഞേക്കാം.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46160 രൂപയാണ്. 80 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 5770 രൂപയാണ് നല്‍കേണ്ടത്. അതേസമയം, ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും നികുതിയും അധികമായി ചെലവ് വരും. എല്ലാം ചേര്‍ത്ത് അര ലക്ഷം ചെലവ് പ്രതീക്ഷിക്കാം. പവന്‍ വിലയില്‍ വന്‍തോതിലുള്ള കുറവ് സമീപകാലത്ത് പ്രതീക്ഷിക്കേണ്ടതില്ല.
ഡോളര്‍ സൂചിക 103.33 എന്ന നിരക്കിലേക്ക് കുതിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ഈ കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുമ്പോള്‍ ചെലവേറുന്നതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളര്‍ മൂല്യം വരും ദിവസങ്ങളിലും വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരും.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.13 ആണ്. അതായത്, ഒരു ഡോളര്‍ കിട്ടണമെങ്കില് 83.13 രൂപ നല്‍കണം. എണ്ണ വിപണിയിലെ മാറ്റങ്ങളാണ് ആശങ്കപ്പെടുത്തുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 80.25 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എണ്ണ വില ഉയര്‍ന്നാല്‍ വിപണിയില്‍ അസ്ഥിരയുണ്ടാകുകയും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. ഇതോടെ സ്വര്‍ണവില വര്‍ധിക്കുന്ന സാഹചര്യമുണ്ടാകും.
അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം സമാധാനത്തിലേക്ക് നീങ്ങിയാല്‍ എണ്ണ വില കുറയും. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണ വില ഉയരുന്നത് ഇന്ത്യയില്‍ വില വര്‍ധനവിന് ഇടയാക്കും. ഇത് പണപ്പെരുപ്പത്തിന് ഇടയാക്കും.












Click it and Unblock the Notifications