ചാഞ്ചാടി സ്വര്‍ണം; വിലയില്‍ ഇന്നും മാറ്റം, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമാകും, ഇന്നത്തെ വില
കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഏറിയും കുറഞ്ഞുമാണ് ഓരോ ദിവസവും പ്രയാണം. ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കുതിക്കാന്‍ തുടങ്ങിയ സ്വര്‍ണം ഇടയ്ക്ക് പിന്നോട്ട് ചുവടുവച്ചിരുന്നു. ബുധനാഴ്ച 200 രൂപ വര്‍ധിച്ച ശേഷം ഇന്ന് കുറയുകയാണ് ചെയ്തത്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ചില മാറ്റമാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കയിലെ കടപ്പത്ര നിക്ഷേപത്തില്‍ വലിയ വര്‍ധനവുണ്ടായി എന്നാണ് വിവരം. പലിശ നിരക്കില്‍ വേഗത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്ന വാര്‍ത്ത പുറത്തുവന്നതാണ് കടപ്പത്രങ്ങളിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്. വേഗത്തിലുള്ള പലിശ കുറയ്ക്കല്‍ തിരിച്ചടിയാകുമെന്നാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ വിലയിരുത്തല്‍.

മറ്റു നിക്ഷേപ മേഖലയിലേക്ക് ഉപഭോക്താക്കള്‍ തിരിയുമ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയും വില ഇടിയുകയും ചെയ്യും. ഇന്ന് കേരളത്തില്‍ 80 രൂപയുടെ കുറവ് മാത്രമാണ് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്നത്തെ വില 46000 രൂപയാണ്. വരും ദിവസങ്ങളില്‍ വിലയില്‍ കയറ്റമുണ്ടാകുമെന്നും അനുമാനിക്കുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5750 രൂപയിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുകയും വില കൂടുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് പലിശ നിരക്ക് കുറയ്ക്കില്ല എന്നാണ് ഒടുവിലെ സൂചനകള്‍. അമേരിക്കന്‍ ഡോളര്‍ സൂചിക ഇടിഞ്ഞിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് വില കൂടാന്‍ വഴിയൊരുക്കിയേക്കും.
ഡോളര്‍ സൂചിക 104ലായിരുന്നു നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് 103.94 എന്ന നിരക്കിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. 82.93 എന്ന നിരക്കിലാണ് രൂപയുള്ളത്. വരും മണിക്കൂറുകളില്‍ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചേക്കാം. ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഇടിയും.
സ്വര്‍ണവില കുറയുന്ന വേളയില്‍ തന്നെ വാങ്ങുകയോ അഡ്വാന്‍സ് ബുക്ക് ചെയ്യുകയോ ആവാം. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ഉചിതമായ നടപടിയാകില്ല. കാരണം ഏത് സമയവും വിലയില്‍ മാറ്റം വന്നേക്കാമെന്നതാണ് വിപണി സാഹചര്യം. മാസങ്ങള്‍ കഴിഞ്ഞിട്ടാണ് സ്വര്‍ണത്തിന് ആവശ്യം വരിക എങ്കിലും വില കുറയുന്ന വേളയില്‍ തന്നെ അഡ്വാന്‍സ് ബുക്ക് ചെയ്യാം. ആവശ്യമുള്ള സമയം വാങ്ങുകയുമാകാം.
എണ്ണ വില ഉയരുന്നതാണ് വിപണിയിലെ ട്രെന്‍ഡ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.17 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 78.07 ഡോളര്‍, മര്‍ബണ്‍ ക്രൂഡിന് 82.46 ഡോളര്‍ എന്നിങ്ങനെയാണ് ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തുന്ന വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യവും ചൈനയില്‍ നിന്ന് ആവശ്യം കൂടിയതുമാണ് എണ്ണ വില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്.












Click it and Unblock the Notifications