സ്വര്‍ണം പിന്നോട്ടടിച്ചു; ഇതിനേക്കാള്‍ വില കുറയുമായിരുന്നു... ചതിച്ചത് ഒറ്റക്കാര്യം, ഇന്നത്തെ പവന്‍ വില
കൊച്ചി: വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് വില കുറഞ്ഞു. നാമമാത്രമായ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഇന്ന് കേരളത്തില്‍ കാണുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും നേരിയ വിലക്കുറവ് പ്രതീക്ഷിക്കാം.
സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം ഉപയോഗപ്പെടുത്താം. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം വഴി സ്വര്‍ണം ജ്വല്ലറികളില്‍ ബുക്ക് ചെയ്തിടാം. ബുക്ക് ചെയ്ത സമയത്തെയും വാങ്ങുന്ന സമയത്തെയും വിലയില്‍ ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കും.

ഈ മാസം ഒന്നിന് 57200 രൂപയായിരുന്നു പവന്‍ വില. ഘട്ടങ്ങളായി ഉയര്‍ന്ന് 58720 രൂപ വരെ ഉയര്‍ന്നു. അമേരിക്കയിലെ വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആഗോള കറന്‍സി-സ്വര്‍ണ വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതേസമയം, ഇന്നത്തെ വില കുറവില്‍ ആശ്വാസം കാണേണ്ടെന്നും വരുംദിവസങ്ങളില്‍ വില കൂടിയേക്കാമെന്നും ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു.
ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 58640 രൂപയാണ്. 80 രൂപ മാത്രമാണ് കുറഞ്ഞത്. ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 7330 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 6045 രൂപയായി. വെള്ളിയുടെ വിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 2 രൂപ കുറഞ്ഞ് 96 രൂപയിലെത്തി. അതായത്, കിലോ വെള്ളിക്ക് 96000 രൂപ ചെലവ് വരും.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2700ലേക്ക് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 2670 ഡോളറിലാണുള്ളത്. ഡോളര്‍ വന്‍തോതില്‍ കരുത്ത് കൂട്ടുകയാണ്. ഇതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ കുറവ് വരേണ്ടതാണ്. കാരണം ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ ആറ് കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ പ്രയാസത്തിലാണ്.
എന്നാല്‍ ഡോളര്‍ മൂല്യം കൂടിയതിന്റെ നേട്ടം ഇന്ത്യയിലെ സ്വര്‍ണ ഇടപാടില്‍ ലഭിക്കുന്നില്ല. ഇതിന് പ്രധാന കാരണം രൂപയുടെ മൂല്യം ഇടിഞ്ഞതാണ്. ഡോളര്‍ സൂചിക 109.60 എന്ന നിരക്കിലാണുള്ളത്. രൂപ 86.51 എന്ന നിരക്കിലും. അതിവേഗം രൂപയുടെ മൂല്യം കുറയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാണ്.
അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ ഇന്ന് നേരിയ കുറവ് കാണുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിലെത്തി. കഴിഞ്ഞ ദിവസം 82 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. അതേസമയം, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78 ഡോളറും മര്‍ബണ്‍ ക്രൂഡ് ബാരലിന് 81 ഡോളറുമാണ് വില. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയില്‍ വില കഴിഞ്ഞ ദിവസം 91000 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും ഇപ്പോള്‍ 94000 ഡോളറിലേക്ക് ഉയര്‍ന്നു.












Click it and Unblock the Notifications