സ്വര്‍ണം തിരിച്ചിറങ്ങുന്നു; ഇന്നും വില കുറഞ്ഞു... നേട്ടം കൊയ്യാന്‍ അവസരം, ഇന്നത്തെ പവന്‍ വില
കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. ഈ മാസം മൂന്ന് മുതല്‍ ഓരോ ദിവസവും വില കുറഞ്ഞ് വരികയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 840 രൂപയുടെ കുറവാണ് ഇന്ന്. അതേസമയം, വരും ദിവസങ്ങളില്‍ വില വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍.
ഡിസംബറില്‍ സ്വര്‍ണവില വര്‍ധിച്ചുവരുന്നതായിരുന്നു ട്രെന്‍ഡ്. ഇത് ജനുവരിയിലും തുടരുമെന്നാണ് കരുതിയത്. ഈ മാസം ഒന്നിന് പവന്‍ വില 46840 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം ഈ മാസത്തെ ഉയര്‍ന്ന വിലയായ 47000ത്തിലേക്ക് കുതിക്കുകയും ചെയ്തു. പിന്നീട് ഓരോ ദിവസവും കുറയുകയാണ് ചെയ്യുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നതാകും നല്ലത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 46160 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 80 രൂപയുടെ കുറവാണുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5770 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അര ലക്ഷം രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്താണിത്.
അതേസമയം, ഡോളര്‍ സൂചികയില്‍ കുറവ് വന്നിട്ടുണ്ട്. 102.21ലാണ് സൂചിക. കഴിഞ്ഞ ദിവസത്തേക്കാള്‍ ഡോളര്‍ മൂല്യം ഇടിയുന്നു എന്നാണ് മനസിലാകുന്നത്. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണ വില വര്‍ധിക്കും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ വില നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യത. അതേസമയം, ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കുറയും.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.10 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ രൂപ നേരിയ തോതില്‍ കരുത്ത് ചോര്‍ന്നിട്ടുണ്ട്. എണ്ണ വില വലിയ തോതില്‍ ഉയരാത്തത് ഗുണമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 76.28 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. സൗദി അറേബ്യ കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാട് ഇന്ത്യയ്ക്ക് അനുകൂലമാണ്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില ബാരലിന് രണ്ട് ഡോളര്‍ കൂടി കുറയ്ക്കുകയാണ് സൗദി അരാംകോ ചെയ്തത്. ജനുവരിയിലെയും ഫെബ്രുവരിയിലെയും വില കുറച്ചിരിക്കുകയാണ്. എണ്ണവില കൂടാന്‍ സാധ്യത കുറവാണ് എന്ന് ഇതോടെ ഉറപ്പായി. വിപണിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. എണ്ണവില വൈകാതെ കേന്ദ്ര സര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications