സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ, ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ശ്വാസം നേരെ വീഴാനുള്ള അവസരമാണിത്. ഓഹരി വിപണിയിലെ കുതിച്ചുചാട്ടമാണ് സ്വര്‍ണത്തിലെ ഇടിവിന് ഒരു കാരണം എന്നും വിലയിരുത്തലുണ്ട്.
ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 45960 രൂപയായി കുറഞ്ഞു. 320 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 83ന് മുകളിലാണ്. അതായത് ഒരു ഡോളറിന് 83.37 രൂപ നല്‍കണം. രൂപ മൂല്യം കുറയുന്നത് സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാകും. എന്നാല്‍ എണ്ണവില ഇടിയുന്നത് ആശ്വാസമാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 77.19 എന്ന നിരക്കിലാണ് വ്യാപാരം. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസമാണ്.












Click it and Unblock the Notifications