സ്വര്‍ണ വില തിരിച്ചുകയറി; മുന്നേറ്റം ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന്, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണ വിപണിയില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ സന്തോഷത്തിന്റെ വാര്‍ത്തയായിരുന്നു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയുമായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഇടിയുകയായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ണ വില ഉയര്‍ന്നു എന്നാണ് വിപണിയില്‍ നിന്നുള്ള പുതിയ വിവരം.
ഈ മാസം ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് രണ്ടാം തിയ്യതിയായിരുന്നു. പവന് 46640 രൂപയാണ് അന്ന് ഈടാക്കിയിരുന്നത്. ചൊവ്വാഴ്ച ഏറ്റവും കുറഞ്ഞ വിലയായ 46200 രൂപയിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇന്ന് വില വര്‍ധിച്ചത് 200 രൂപയാണ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 46400 രൂപയാണ്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5800 രൂപയിലെത്തുകയും ചെയ്തു. എണ്ണവിലയില്‍ ഇന്ന് ഉയര്‍ച്ചയുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 78.72 ഡോളര്‍ ആണ് നിരക്ക്. എണ്ണ വില ഉയര്‍ന്നാല്‍ വിപണിയില്‍ പണപ്പെരുപ്പത്തിന് ഇടവരുത്തും. എണ്ണവില വര്‍ധനവിന്റെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
സാധാരണ പോലെ റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിങ്ങനെയാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. ജനുവരിയിലെ കണക്കുകള്‍ പ്രകാരം റഷ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങൡ നിന്ന് വാങ്ങുന്ന തോത് ഇന്ത്യ ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം, സൗദിയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കുറയ്ക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് തീരെ വാങ്ങിയില്ലെന്നും കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.
ഡോളര്‍ വില ഇടിഞ്ഞതാണ് ഇന്ന് സ്വര്‍ണവില കൂടാന്‍ കാരണമായി പറയുന്നത്. നേരിയ ഇടിവാണ് ഡോളര്‍ സൂചികയിലുണ്ടായിരിക്കുന്നത്. എങ്കിലും 104 എന്ന നിരക്കില്‍ തുടരുന്നുണ്ട്. ഡോളര്‍ സൂചിക ഇനിയും ഇടിഞ്ഞാല്‍ സ്വര്‍ണവില വരും ദിവസങ്ങളിലും ഉയര്‍ന്നേക്കും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.02 ആണ്.
ഇന്ന് സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പവന് അര ലക്ഷം രൂപ ചെലവാകും. ചില ജ്വല്ലറികള്‍ പണിക്കൂലി വേണ്ട എന്ന രീതിയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില ജ്വല്ലറികള്‍ കുറഞ്ഞ പണിക്കൂലി ഓഫര്‍ ചെയ്യുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണത്തിനാണ് കൂടുതല്‍ പണിക്കൂലി വരിക. മാത്രമല്ല, കുറഞ്ഞ സ്വര്‍ണത്തില്‍ ചെയ്യുന്ന ആഭരണങ്ങള്‍ക്കും പണിക്കൂലി ഉയര്‍ന്നിരിക്കും.












Click it and Unblock the Notifications