സ്വര്‍ണ വില വീണ്ടും ഉയരുന്നു; റെക്കോര്‍ഡ് ഭേദിച്ചേക്കും... വിപണി മാറുന്നത് പതിയെ, ഇന്നത്തെ വില
കൊച്ചി: സ്വര്‍ണ വിലയില്‍ കഴിഞ്ഞ മാസം അവസാനത്തില്‍ തുടങ്ങിയ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിലെ രണ്ടാംദിനവും വില കൂടി. ഓരോ ദിവസവും നേരിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയിലെ വില മാറ്റം കണക്കാക്കുമ്പോള്‍ വലിയ വര്‍ധനവാണ് സംഭവിക്കുന്നത്. അതേസമയം, എണ്ണ വില കുറഞ്ഞത് ആശ്വാസമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം മെച്ചപ്പെട്ടിട്ടുണ്ട്.
ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയ പവന്‍ വില 46640 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ വര്‍ധിച്ചു. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5830ലെത്തി. വരും ദിവസങ്ങളിലും നേരിയ തോതിലുള്ള വിലക്കയറ്റത്തിന് സാധ്യതയുണ്ട് എന്നാണ് വിവരം. ഡോളര്‍ സൂചികയില്‍ ഇടിവ് സംഭവിക്കുന്നതാണ് സ്വര്‍ണ വില കൂടാന്‍ ഒരു കാരണം. മാത്രമല്ല, കേന്ദ്ര ബജറ്റില്‍ ജ്വല്ലറി മേഖല പ്രതീക്ഷിച്ച പ്രഖ്യാപനമുണ്ടായതുമില്ല.

സ്വര്‍ണ ഇറക്കുമതി നികുതിയില്‍ കുറവ് വരുത്തണമെന്നായിരുന്നു ജ്വല്ലറി വ്യാപാരികളുടെ ആവശ്യം. വാണിജ്യ മന്ത്രാലയം ഇതിനോട് യോജിച്ചിരുന്നു എങ്കിലും ബജറ്റില്‍ യാതൊരു പ്രഖ്യാപനവുമുണ്ടായില്ല. സെസ് ഉള്‍പ്പെടെ 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ നികുതി. വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
ഡോളര്‍ സൂചികയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. 103.02 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ കരുത്ത് കാട്ടിയാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് നിരക്ക് മാറ്റം വരുത്താത്തത്. മാര്‍ച്ചില്‍ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എണ്ണവിലയില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 79.11 ഡോളര്‍ ആണ് പുതിയ വില. നേരത്തെ 83 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് വില താഴുകയാണ് ചെയ്യുന്നത്. ഇത് വിപണിക്ക് ആശ്വാസമാണ്. ഒപെക് ഇതര എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് എണ്ണവില കുറയാന്‍ കാരണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.84 ആണ്.
സ്വര്‍ണ ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജ്വല്ലറികളിലും സ്വര്‍ണവില തുല്യമായിരിക്കും. എന്നാല്‍ പണിക്കൂലിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. വില പേശി പണിക്കൂലി കുറച്ച് വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ചില ജ്വല്ലറികള്‍ കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications