സ്വര്‍ണം പതുങ്ങി, കുതിപ്പിനുള്ള ഒരുക്കം... ഇന്ന് പവന്‍ വില ഇടിഞ്ഞു, ഇന്ത്യന്‍ രൂപ വീണ്ടും തലകുത്തി വീണു
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് ആശ്വാസ ദിനമാണ്. വിലയില്‍ അല്‍പ്പം കുറവ് രേഖപ്പെടുത്തി. അതേസമയം, വരാന്‍ പോകുന്ന വലിയ കുതിപ്പിന് മുന്നോടിയായി സ്വര്‍ണം പതുങ്ങിയതാണോ എന്ന തോന്നലുമുണ്ട്. കാരണം, അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശനിരക്ക് പ്രഖ്യാപിക്കും. അതിന് അനുസരിച്ചാകും വരും ദിവസങ്ങളിലെ സ്വര്‍ണവില.
ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വ്യത്യാസമില്ല. ഡോളര്‍ സൂചിക ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില അല്‍പ്പം താഴ്ന്നു. അതിനിടെ ഇന്ത്യന്‍ രൂപ വലിയ നഷ്ടത്തിലാണുള്ളത്. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് മേല്‍പ്പറഞ്ഞതെല്ലാം. ഇന്നത്തെ പവന്‍, ഗ്രാം വില എത്രയാണെന്ന് പറയാം...

കേരളത്തില്‍ പവന്‍ വിലയില്‍ 120 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 57080 രൂപയും ഗ്രാമിന് 7135 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 97 രൂപയില്‍ ഇന്നും തുടരുകയാണ്.
നാളെയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച വിവരം വരിക. നിരക്ക് കുറയ്ക്കുമെന്നാണ് ഇതുവരെയുള്ള സൂചന. വലിയ കുറവ് വരുത്തിയാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയുകയും സ്വര്‍ണവില കൂടുകയും ചെയ്യും. അതേസമയം, നേരിയ കുറവ് മാത്രമാണ് വരുത്തുന്നതെങ്കില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കേണ്ടതില്ല.
ആഗോള വിപണിയല്‍ സ്വര്‍ണം ഓഔണ്‍സിന് 2646 ഡോളറാണ് വില. ഡോളര്‍ സൂചിക 106.95 എന്ന നിരക്കിലാണുള്ളത്. ബിറ്റ് കോയിന്‍ വില 104573 എന്ന നിരക്കിലേക്ക് കുറഞ്ഞു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 84.92 എന്ന നിരക്കിലാണുള്ളത്. വൈകാതെ 85 ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ആഭ്യന്തര വിപണിയില്‍ അവശ്യ വസ്തുക്കളുടെ വില കുത്തനെ കയറും.
ആവശ്യമുള്ള സ്വര്‍ണത്തിന്റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി. ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. ഇന്ത്യയും യുഎഇയും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറില്‍ വലിയ നേട്ടം കൊയ്യുകയാണ് യുഎഇ. രൂപ മൂല്യം കുറഞ്ഞാല്‍ യുഎഇയില്‍ നിന്ന് ഇറക്കുന്ന സ്വര്‍ണം, ക്രൂഡ് ഓയില്‍ എന്നിവയ്‌ക്കെല്ലാം വലിയ വില നല്‍കേണ്ടി വരും.
ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 73.22 ഡോളറാണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 70.13 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 73.50 ഡോളറുമാണ് വില. ക്രൂഡ് ഓയിലിന് വേണ്ടി റഷ്യയെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യ കുറച്ചുവരികയാണ്. റഷ്യ ഇളവുകള്‍ ഇല്ലാതാക്കുന്നതാണ് കാരണം. റഷ്യയ്ക്ക് പകരം ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യ വീണ്ടും ആശ്രയിച്ചാല്‍ യുഎഇ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്ക് നേട്ടമാകും.












Click it and Unblock the Notifications