തുടര്‍ച്ചയായ മൂന്നാം ദിവസവും അനക്കമില്ലാതെ സ്വര്‍ണം; വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണം ഒരേ വിലയില്‍ വ്യാപാരം നടത്തുന്നത്. വില കുറഞ്ഞില്ലെങ്കിലും ഇതേ നിലയില്‍ തുടരുന്നത് സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസമാണ്. അതേസമയം കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തതയാണോ സ്വര്‍ണ വിപണിയില്‍ ഇപ്പോള്‍ കാണുന്നത് എന്ന ആശങ്കയും സാധാരണക്കാരെ സംബന്ധിച്ചിട്ടുണ്ട്.
കാരണം പരീക്ഷക്കാലം അവസാനിക്കുന്നതോടെ കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിക്കും. അതിനാല്‍ തന്നെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ മധ്യവര്‍ഗ കുടുംബക്കാരെ സംബന്ധിച്ചിടത്തോളം ആകാംക്ഷ നിറഞ്ഞതായിരിക്കും. മകരവിളക്ക് കഴിയുന്നതോടെ തന്നെ കേരളത്തില്‍ വിവാഹക്കാലം ആരംഭിക്കും. മാര്‍ച്ച് അവസാനത്തോടെ വിവാഹങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും.

മിക്കവാറും ഒരു ദിവസം തന്നെ മൂന്നോ നാലോ കല്യാണങ്ങള്‍ ഒരു കുടുംബത്തിന് പങ്കെടുക്കേണ്ടതായിട്ട് വരും. അതിനാല്‍ തന്നെ സംസ്ഥാനത്തെ സ്വര്‍ണ വിപണി സജീവമാകുന്ന കാലം കൂടിയാണ് മാര്‍ച്ച്-ഏപ്രില്‍-മേയ് മാസങ്ങള്‍. സ്വര്‍ണ വില അമിതമായി കൂടിയാല്‍ അത് കച്ചവടക്കാര്‍ക്ക് അത്ര നല്ലതായിരിക്കില്ല. കാരണം സ്വാഭാവികമായും അപ്പോള്‍ വ്യാപാരം കുറയും. സ്വര്‍ണം വാങ്ങാനെത്തുന്നവരും അളവ് കുറച്ചെ വാങ്ങൂ.
അതായത് 35-40 പവന്‍ വിവാഹാവശ്യത്തിനായി വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ വില കൂടിയാല്‍ 20-25 പവനിലേക്കും ചിലപ്പോള്‍ 15 പവനിലേക്കും വരെ ചുരുക്കും. ഇത് ജ്വല്ലറിക്കാരെ സംബന്ധിച്ചിടത്തോളം നഷ്ടമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 46080 രൂപയാണ്. തിങ്കളാഴ്ച മുതല്‍ ഈ വിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു.
അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഈ മാസത്തെ ഏറ്റവും കുറവ് വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ 45520 രൂപയായിരുന്നു. എന്നാല്‍ ഫെബ്രുവരി 21 മുതല്‍ പവന്‍ വില 45000 ത്തിലേക്ക് എത്തിയിട്ടില്ല. 2022-23 ന് ശേഷമാണ് സ്വര്‍ണ വില 40000 പിന്നിട്ടത്. അതിന് ശേഷം ആശ്വാസകരമായ ഒരു ഇടിവ് പവന്‍ വിലയില്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വര്‍ണ വില ഇരട്ടിയില്‍ അധികമാണ് വര്‍ധിച്ചത്. 2014 മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 21480 രൂപയായിരുന്നു. ഇതാണ് 2024 മാര്‍ച്ചിലേക്ക് എത്തുമ്പോള്‍ 46000 പരിധിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. എണ്ണവില, ഡോളര്‍ മൂല്യം, അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയെ നിര്‍ണയിക്കുന്നത്.












Click it and Unblock the Notifications