പറക്കുന്ന സ്വര്‍ണവില; പുതിയ റെക്കോര്‍ഡിലേക്ക് കുതിപ്പ്, ഇന്ന് പവന്‍ വില എത്ര എന്നറിയാമോ
കൊച്ചി: സ്വര്‍ണ വില പുതിയ ഉയരങ്ങള്‍ തേടി കുതിപ്പ് തുടരുന്നു. ഓരോ ദിവസവും വില ഉയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവരില്‍ ആധി സൃഷ്ടിക്കുന്നതാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കടന്ന് സ്വര്‍ണം കുതിക്കുമെന്നാണ് കരുതുന്നത്. ഡോളര്‍ സൂചിക ഇടിയുന്നത് വലിയ തിരിച്ചടിയാണ്. അതിനേക്കാള്‍ ആശങ്ക പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നു എന്ന വാര്‍ത്തയാണ്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 46640 രൂപയാണ്. കുറഞ്ഞത് 45520 രൂപയും. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ഈ മാസം 15ന് ശേഷമാണ് സ്വര്‍ണം കുതിക്കാന്‍ തുടങ്ങിയത്. ഓരോ ദിവസവും വര്‍ധനവ് പ്രകടമാകുകയാണ്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ റെക്കോര്‍ഡ് വിലയിലെത്താനുള്ള സാധ്യത തള്ളാനാകില്ല.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ട വില 46080 രൂപയാണ്. 200 രൂപയുടെ വര്‍ധനവാണ് പവന്‍മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5760 രൂപയിലെത്തി. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത കാണുന്നത്. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയാണിത്. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നേട്ടമാകും.
സ്വര്‍ണവില ഉയരുന്നത് എന്തുകൊണ്ട്
സ്വര്‍ണാഭരണം വില്‍ക്കുന്നവര്‍ സാധാരണ ജ്വല്ലറികളെയാണ് ആശ്രയിക്കാറ്. സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ വില്‍ക്കുകയാണ് മിക്കവരും ചെയ്യുക. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്. ഒന്നിലധികം ജ്വല്ലറികളില്‍ വില സംബന്ധിച്ച് അന്വേഷിച്ച ശേഷം വില്‍ക്കുന്നതാണ് നല്ലത്. വാങ്ങിയ ജ്വല്ലറികളില്‍ തന്നെ വില്‍ക്കുമ്പോള്‍ വലിയ നഷ്ടമുണ്ടാകില്ല.
എന്തുകൊണ്ടാണ് സ്വര്‍ണവില ഉയരുന്നത് എന്ന സംശയം സ്വാഭാവികമാണ്. ഡോളര്‍ സൂചിക ഇടിയുന്നതാണ് ഒരു കാരണം. ഡോളര്‍ ഇടിയുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യമുയരുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ കൂടുകയും ചെയ്യും. ഇതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയുമാണുണ്ടാകുക. മാത്രമല്ല, വിവിധ രാജ്യങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ മുഖേന സ്വര്‍ണം വാങ്ങുന്നതും അധികരിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് വിപണിയിലെ അസ്ഥിരത.
ജപ്പാന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുന്നു എന്ന വാര്‍ത്ത വന്നത് വിപണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, ജര്‍മനിയും വലിയ പ്രതിസന്ധി നേരിടുന്നു. യൂറോപ്പിലെ പ്രബല രാജ്യങ്ങള്‍ പ്രതിസന്ധിയിലാകുന്നത് ആഗോള തലത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിക്കും. ഇവര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമാണ്. കഴിഞ്ഞ 5 സാമ്പത്തിക മാന്ദ്യകാലത്തും സ്വര്‍ണവില ഉയരുകയാണ് ചെയ്തത്.












Click it and Unblock the Notifications