സ്വര്‍ണം വീണ്ടും പഴയ വിലയില്‍; വാരാദ്യം നല്ല ലക്ഷണമല്ല... ഇന്നത്തെ പവന്‍ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ പത്ത് ദിവസമായി വിലയില്‍ കാര്യമായ മാറ്റമില്ല. നേരിയ വ്യത്യാസം മാത്രമാണ് ഇക്കാലയളവില്‍ സംഭവിച്ചത്. കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണത്തിന് ബജറ്റില്‍ നിന്ന് ഊര്‍ജം ലഭിക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുക.
പുതിയ നിലവാരത്തിലേക്ക് എത്തി എന്നതാണ് ഈ മാസം സ്വര്‍ണവിലയില്‍ സംഭവിച്ച ഒരു മാറ്റം. കഴിഞ്ഞ മാസങ്ങൡ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിരുന്നു. എന്നാല്‍ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ വില 46840 രൂപയായിരുന്നു. 47000 വരെ ഉയര്‍ന്ന വില 45920 വരെ കുറയുകയും ചെയ്തിരുന്നു. ഈ മാസം 99 ശതമാനം ദിവസങ്ങളിലും 46000ത്തിന് മുകളിലായിരുന്നു പവന്‍ വില.

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 46240 രൂപയാണ്. 80 രൂപയുടെ വര്‍ധനവാണ് പവനുണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5780 രൂപയായി. കഴിഞ്ഞ പത്ത് ദിവസമായി ഏകദേശം ഈ നിരക്ക് തുടരുകയാണ്. 80 രൂപയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് സംഭവിക്കുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാന്‍ സാധ്യത കല്‍പ്പിക്കുന്നുണ്ടെങ്കിലും ചില ആശങ്കകളുമുണ്ട്.
എണ്ണ വിലയിലെ വര്‍ധനവാണ് വിപണിയെ ആശങ്കപ്പെടുത്തുന്ന കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 83.95 ഡോളറിലെത്തി. ഏറെ നാള്‍ക്ക് ശേഷമാണ് വില ഇത്രയും ഉയരുന്നത്. ഇനിയും എണ്ണ വില ഉയരുമെന്നാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള സൂചനകള്‍. എണ്ണ വില കൂടുമ്പോള്‍ വിപണിയില്‍ അസ്ഥിരതയ്ക്കും പണപ്പെരുപ്പത്തിനും ഇടവരും.
അതേസമയം, ഡോളര്‍ മൂല്യം ഉയരുന്നത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡോളര്‍ സൂചിക 103.50 ആണ്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനവുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.14ലെത്തി. ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ മറ്റു പ്രധാന കറന്‍സികള്‍ മൂല്യമിടിയും. അതുകൊണ്ടുതന്നെ അത്തരം കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും.
സ്വര്‍ണവില ഇന്ത്യയില്‍ കുതിക്കാന്‍ നില്‍ക്കാന്‍ ഒരു കാരണം ഉയര്‍ന്ന നികുതിയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15 ശതമാനമാണ്. ഇത് കുറയ്ക്കണം എന്ന് ജ്വല്ലറി ഉടമകള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നു. നികുതി കുറയ്ക്കണം എന്ന നിലപാടാണ് വാണിജ്യ മന്ത്രാലയത്തിനും. ധനമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. നികുതി കുറഞ്ഞാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും.












Click it and Unblock the Notifications