ഇന്നത്തെ സ്വര്‍ണ വില അറിയാം; വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുകയും... ഒളി മങ്ങാത്ത മഞ്ഞലോഹം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. റെക്കോര്‍ഡിലേക്ക് കുതിച്ചിരുന്ന സ്വര്‍ണം ചില ദിവസങ്ങളില്‍ ക്ഷീണം മാറ്റാനെന്ന പോലെ വിലയില്‍ മാറ്റമില്ലാതെ നില്‍ക്കും. ഇന്ന് അത്തരമൊരു ദിനമാണ്. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയരാനുള്ള സാധ്യതയാണ് കൂടുതല്‍. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ എത്ര ചെലവ് വരും, വിറ്റാല്‍ എത്ര രൂപ കിട്ടും എന്നീ കാര്യങ്ങളാണ് മിക്ക ഉപഭോക്താക്കളും അന്വേഷിക്കുന്നതെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവരാണ് മിക്ക ഉപഭോക്താക്കളും. എന്നാല്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ വില നോക്കാറില്ല. ഇത്തരക്കാര്‍ കാലേകൂട്ടി ഒരുങ്ങുന്നതാണ് ഉചിതം. വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് ആധിയില്‍ നിന്ന് രക്ഷപ്പെടാം. ഇന്നത്തെ സ്വര്‍ണവില എത്രയെന്ന് വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 46000 രൂപയാണ് വില. വ്യാഴാഴ്ച 80 രൂപ കുറഞ്ഞാണ് ഈ വിലയിലെത്തിയത്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 5750 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ആഭരണം ലഭിക്കില്ല. മിക്ക ജ്വല്ലറികളും വാങ്ങുന്ന സ്വര്‍ണത്തിന്റെ അഞ്ച് ശതമാനം പണിക്കൂലി വാങ്ങാറുണ്ട്. ഇതിന് പുറമെ നികുതിയും. ഇത് ചേര്‍ത്തുള്ള സംഖ്യ വിശദീകരിക്കാം...
ഡിസൈന്‍ അനുസരിച്ചാണ് പണിക്കൂലി നിശ്ചയിക്കുക. ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങളാണെങ്കില്‍ പണിക്കൂലി കൂടും. എങ്കിലും അഞ്ച് ശതമാനം പണിക്കൂലി നിശ്ചയിച്ച് വിശദമാക്കാം. ഇന്നത്തെ പവന്‍ വില അടിസ്ഥാനമാക്കിയാല്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 2300 രൂപ വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടേയും തുക ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി...
ഇതിനു പുറമെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് കൂടി ഈടാക്കാറുണ്ട്. അത് നാമമാത്രമായ തുകയാണ്. എല്ലാം ചേര്‍ത്താല്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഇന്ന് 49800 രൂപ ചെലവ് വരും. അതേസമയം, ഒരു പവന്‍ കൃത്യമായ അളവില്‍ ആഭരണം കിട്ടാന്‍ പ്രയാസമാണ്. നേരിയ ഏറ്റക്കുറച്ചിലുകള്‍ തൂക്കത്തിലുണ്ടാകും. ഇതിന് അനുസരിച്ച് വിലയില്‍ മാറ്റവും വരാം. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ തങ്കത്തിന്റെ വിലയാണ് ജ്വല്ലറികള്‍ കണക്കാക്കുക. പവന് 1200 രൂപ വരെ കുറവ് വന്നേക്കും.
എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് വിപണിക്ക് ആശങ്കയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.31 ഡോളറാണ് നല്‍കേണ്ടത്. ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഇന്ന് ഡോളര്‍ സൂചിക 103.92ലാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ 104ന് മുകളിലായിരുന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.86 രൂപയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതും സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കുന്ന ഘടകമാണ്.












Click it and Unblock the Notifications