സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ ദിനം, ഇന്നത്തെ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ദിവസങ്ങള്‍ക്ക് മുമ്പ് വരെ സ്വര്‍ണവില കുറഞ്ഞു വരികയായിരുന്നു. നേരിയ തോതിലാണെങ്കിലും വില കുറയുന്നത് ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടമാണെന്ന് കരുതവെയാണ് വില വീണ്ടും വര്‍ധിക്കുന്നത്. ഇന്നലെ ചെറിയ വര്‍ധനവാണ് രേഖപ്പെടുത്തിയതെങ്കില്‍, ഇന്ന് മറിച്ചാണ് സംഭവിച്ചിരിക്കുന്നത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് ഒരു പവന് 45280 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയ 44360 രൂപയും. എന്നാല്‍ ഇന്ന് അമേരിക്കയിലെ സാമ്പത്തിക ഘടനയിലുണ്ടായ മാറ്റങ്ങളാണ് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായതത്രെ. ഡോളര്‍ വലിയ ഇടിവ് നേരിട്ടതും തിരിച്ചടിയായി.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 44760 രൂപയാണ്. 320 രൂപയുടെ വര്‍ധനവാണുണ്ടായത്. 40 രൂപ വര്‍ധിച്ച് ഗ്രാമിന് 5595 രൂപയിലെത്തി. വില കുറഞ്ഞു വരുന്നത് ആഭരണപ്രേമികള്‍ക്ക് ആശ്വാസമായിരുന്നു. വിവാഹ ആവശ്യത്തിന് ഉള്‍പ്പെടെ വാങ്ങുന്നവര്‍ക്ക് നേട്ടവുമായിരുന്നു. എന്നാല്‍ ഇന്നത്തെ വില വര്‍ധനവ് ഇവര്‍ക്ക് തിരിച്ചടിയാകും.
ദീപാവലി സീസണില്‍ ഉത്തരേന്ത്യയില്‍ വന്‍തോതില്‍ വില്‍പ്പന നടക്കാറുണ്ട്. ഈ വേളയില്‍ വില കൂടുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ദീപാവലിക്ക് സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ദീപാവലിക്ക് ശേഷമാണ് ഇപ്പോള്‍ വില വര്‍ധിക്കുന്നത്. ഇന്ത്യയിലെ ഘടകങ്ങളല്ല ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. ഡല്‍ഹിയില്‍ ഒരു പവന് 44880 രൂപയും ഗ്രാമിന് 5610 രൂപയുമാണ്.
ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് 104ലാണുള്ളത്. നേരത്തെ 107 വരെ ഉയര്‍ന്നിരുന്നു. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരും. ഈ വേളയില്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുന്നതാണ് വില ഉയരാന്‍ കാരണം. മാത്രമല്ല, അമേരിക്കയുടെ പണപ്പെരുപ്പ നിരക്ക് വിവരങ്ങള്‍ പുറത്തുവന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
അതേസമയം, എണ്ണവിലയിലും നേരിയ വര്‍ധനവ് ഇന്ന് പ്രകടമാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 82.72 ആണ് ഇന്നത്തെ വില. എണ്ണ വില വര്‍ധിച്ചാല്‍ വിപണിയില്‍ ആശങ്ക വര്‍ധിക്കും. അവശ്യവസ്തുക്കളുടെ വില ഉയരുന്നതിനും കാരണമാകും. അതേസമയം, ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഡോളറിനെതിരെ 83.03 എന്ന നിരക്കിലാണ് രൂപ.
അമേരിക്കന്‍ ഡോളര്‍ ഇന്‍ഡക്‌സ് 10 ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഡോളര്‍ വരും ദിവസങ്ങളിലും കരുത്ത് പ്രകടിപ്പിക്കാന്‍ സാധ്യത കുറവാണ് എന്നാണ് നിഗമനം. അങ്ങനെയാണെങ്കില്‍ സ്വര്‍ണവില ഇനിയും കയറും. ഇന്ന് ഒരു പവന്‍ ആഭരണം ലഭിക്കണമെങ്കില്‍ 49000 രൂപയോളം നല്‍കേണ്ടി വരും. അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഇന്ന് നേട്ടമാണ്. തങ്കത്തിന്റെ വില അടിസ്ഥാനമക്കി 1200-1500 രൂപ വരെ കുറവില്‍ ചില ജ്വല്ലറികളില്‍ പഴയ സ്വര്‍ണം എടുക്കും.












Click it and Unblock the Notifications