മഞ്ഞലോഹത്തില്‍ അമിത പ്രതീക്ഷ വേണ്ട; നേരിയ ആശ്വാസം നല്‍കി ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നു വന്നിരുന്ന സ്വര്‍ണവില ഇന്ന് സമ്മാനിച്ചത് നേരിയ ആശ്വാസം. നാമമാത്രമായ വിലക്കുറവാണ് ഇന്ന് കേരള വിപണിയിലുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച 200 രൂപ വര്‍ധിച്ച സ്വര്‍ണ വില ഇന്ന് പവന് 80 രൂപ കുറഞ്ഞു.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില പവന് 46640 രൂപയായിരുന്നു. ഈ വിലയും കടന്ന് സ്വര്‍ണം ഇനി കുതിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനം. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാനുള്ള ട്രെന്‍ഡ് തന്നെയാണുള്ളത്. എന്നാല്‍ കേരളത്തില്‍ ഇന്ന് നേരിയ കുറവുണ്ടായത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്.

വലിയ തോതിലുള്ള ഉയര്‍ച്ചയ്ക്ക് ശേഷം നേരിയ കുറവ് മാത്രം സംഭവിക്കുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാകില്ല. അതേസമയം, ആനുപാതികമായ കുറവ് പണിക്കൂലിയിലും നികുതിയിലും വരുമെന്നതാണ് ഗുണം. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ വില 45880 രൂപയാണ്. 45960 രൂപയായിരുന്നു തിങ്കളാഴ്ച. ഗ്രാമിന് 5735 രൂപയാണ് ഇന്ന് നല്‍കേണ്ടത്.
എണ്ണ വില കുതിക്കുന്നത് വിപണിയില്‍ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് വില കുതിക്കാന്‍ കാരണം. മാത്രമല്ല, ചൈനയില്‍ നിന്ന് വലിയ ആവശ്യം ഉയര്‍ന്നതും എണ്ണ വില കൂടാന്‍ കാരണമായി. ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 83.45 ഡോളര്‍ ആണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 79.50 ഡോളറും.
ഡോളര്‍ സൂചിക 104.36 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണ് വലിയ ഉയര്‍ച്ചയിലേക്ക് സ്വര്‍ണം പോകാതാരിക്കാന്‍ ഒരു കാരണം. അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.98 എന്ന നിരക്കിലാണ്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തി രാജ്യങ്ങളായ ജപ്പാനും ബ്രിട്ടനും മാന്ദ്യം നേരിടുന്നത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് അര ലക്ഷം രൂപ വരെ ചെലവായേക്കും. പണിക്കൂലിയില്ലാതെ ആഭരണങ്ങള്‍ വില്‍ക്കുന്ന ചില ജ്വല്ലറികളുണ്ട്. ഇവിടെ നിന്ന് അല്‍പ്പം നേട്ടം കൊയ്യാം. സ്വര്‍ണാഭരണം വാങ്ങുന്നതിന് മുമ്പ് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരിക്കണം. പണിക്കൂലി, നികുതി നിരക്ക് എന്നിവ സംബന്ധിച്ചും തിരിച്ചു വില്‍ക്കുമ്പോള്‍ എത്ര വില കിട്ടുമെന്നതും അന്വേഷിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications