ഓരോ ദിവസവും ഞെട്ടിച്ച് സ്വര്‍ണം; ഈ പോക്ക് 60000ത്തിലേക്ക്, രണ്ട് ദിവസത്തിനിടെ 1000 കൂടി
കൊച്ചി: കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. ആഗോള വിപണിയിലും വന്‍ തോതില്‍ വില ഉയരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. വലിയ വില മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ പവന്‍ വിലയില്‍ ആയിരം രൂപയുടെ മാറ്റമുണ്ടായി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില വൈകാതെ 60000ത്തിലേക്ക് എത്തും.
ഏപ്രില്‍ ഒന്നിന് കേരളത്തില്‍ ഒരു പവന് രേഖപ്പെടുത്തിയ വില 50880 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 200 രൂപ കുറഞ്ഞത് ഇനിയും കുറയുമെന്ന സൂചനയായി കണ്ടവരുണ്ട്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 400 രൂപയും വര്‍ധിച്ചു. അമേരിക്കയും യൂറോപ്പും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടര്‍ച്ചയായി വരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 51680 രൂപയാണ്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6460യിലെത്തി. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 56000 രൂപ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് അര ലക്ഷം രൂപ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികല്‍ സ്വീകരിക്കാറ്.
പലിശ നിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്ക് മേധാവി കഴിഞ്ഞ ദിവസവും സൂചിപ്പിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. പലിശ നിരക്ക് കുറച്ചാല്‍ അവരുടെ നിക്ഷേപ വരുമാനം കുറയുമെന്ന് മനസിലാക്കിയാണ് ഈ ചുവടുമാറ്റം. അതേസമയം, ചൈനയില്‍ നിര്‍മാണ മേഖലയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാണ്.
ഡോളറിന്റെ കരുത്ത് കുറയുന്നതാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള മറ്റൊരു കാരണം. 105 വരെ ഉയര്‍ന്നിരുന്ന ഡോളര്‍ സൂചിക 104ലേക്ക് താഴ്ന്നിട്ടുണ്ട്. 104.18 ആണ് പുതിയ സൂചിക. അതേസമയം, ഇന്ത്യന്‍ രൂപ 83.44 എന്ന നിരക്കിലാണുള്ളത്. ഇനിയും മൂല്യമിടിയുന്നത് രൂപയ്ക്ക് കനത്ത തിരിച്ചടി നല്‍കും. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തുന്നുണ്ട്. റിസര്‍വ് ബാങ്ക് പണനയം നാളെ പ്രഖ്യാപിക്കും.
ക്രൂഡ് ഓയില്‍ വില കുതിച്ചതും വിപണിക്ക് ആശങ്ക സമ്മാനിക്കുന്ന മറ്റൊരു ഘടകമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 89.59 ഡോളറാണ് പുതിയ വില. മര്‍ബണ്‍ ക്രൂഡിന് 90.06 ഡോളര്‍, ഡബ്ല്യുടിഐ ക്രൂഡ് 85.69 ഡോളര്‍ എന്നിങ്ങനെയാണ് വില. എണ്ണ വില ഉയര്‍ന്നാല്‍ ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങളുടെ വ്യാപാര കമ്മി വര്‍ധിക്കും. ഇത് സാമ്പത്തിക ഭദ്രതയ്ക്ക് ഇറക്കം തട്ടിക്കും.


Click it and Unblock the Notifications