സ്വര്‍ണവില മുന്നേറുന്നു; ആഭരണ പ്രേമികള്‍ ആശങ്കയില്‍... റെക്കോര്‍ഡിലേക്ക് കുതിച്ച് മഞ്ഞലോഹം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ആഗോള വിപണിയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരളത്തിലെയും മുന്നേറ്റം. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്ന വിവരമാണിത്. അതേസമയം, വില കൂടുന്ന സാഹചര്യത്തില്‍ വില്‍പ്പന കൂടുമെന്ന് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
സ്വര്‍ണവില കൂടുമ്പോള്‍ ഇനിയും വര്‍ധിക്കുമെന്ന ആശങ്കയില്‍ ആഭരണം വാങ്ങാന്‍ കൂടുതല്‍ പേര്‍ എത്തുന്നതാണ് കഴിഞ്ഞകാല അനുഭവം എന്നാണ് അവരുടെ പ്രതികരണം. സ്വര്‍ണവിലയില്‍ വലിയ ഇടിവ് സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നില്ല എന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ രൂപ കനത്ത ഇടിവിലാണ്. ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്.

ഡോളര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉടനെ കുറയ്ക്കില്ല എന്ന പ്രചാരണമുണ്ട്. ഇതോടെ ഓഹരി വിപണി വിട്ടവര്‍ സ്വര്‍ണത്തിലേക്കും തിരിയുന്നുണ്ട്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഇടിയുന്നതിനു കാരണവും ഇതുതന്നെയാണ്. ഡൊണാള്‍ഡ് ട്രംപ് ഈ മാസം 20ന് അധികാരം ഏറ്റെടുത്താല്‍ സ്വീകരിക്കുന്ന നയങ്ങളിലും നിക്ഷേപകര്‍ ആശങ്കയിലാണ്.
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 58720 രൂപയാണ് വില. 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ക്രമേണയുള്ള വില വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7340 രൂപയായി. 25 രൂപയാണ് ഗ്രാമിന് ഇന്ന് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 6050 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയായി.
ഡോളര്‍ സൂചിക വന്‍ കുതിപ്പ് നടത്തുന്നുണ്ട്. ആദ്യമായി സൂചിക 109.90 എന്ന നിരക്കിലേക്ക് ഉയര്‍ന്നു. ഇതോടെ പണി കിട്ടിയത് ഇന്ത്യന്‍ രൂപയ്ക്കാണ്. രൂപ മൂക്കുകുത്തി വീണു. ഡോളറിനെതിരെ 86.29 എന്ന നിരക്കിലാണ് രൂപയിലുള്ളത്. ഡോളര്‍ സൂചിക ഉയരുന്നത് സ്വര്‍ണവില കുറയാന്‍ കാരണമാകുമെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞത് സ്വര്‍ണത്തിന്റെ വില ഉയരാനും കാരണമായിട്ടുണ്ട്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2687 ആയി ഉയര്‍ന്നു. നേരത്തെ 2700ലേക്ക് അടുത്ത ശേഷം അല്‍പ്പം ഇടിഞ്ഞാണ് ഈ വിലയിലെത്തിയത്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 57200 രൂപയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു ഈ വില. 1500 രൂപയുടെ വര്‍ധനവാണ് 13 ദിവസത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നതാണ് വിപണിയില്‍ സംഭവിക്കുന്ന മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 81 ഡോളര്‍ കടന്നു. ഏറെ കാലത്തിന് ശേഷമാണ് ഈ വിലയിലേക്ക് എണ്ണ എത്തുന്നത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് 78 ഡോളറിന് അടുത്തെത്തി. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് 81.58 ഡോളറിലെത്തി ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 94000 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications