ദുബായിലെ സ്വർണ പ്രേമികളെ ഇതിലേ, 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണ വില
ദുബായ് : പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ ഏറ്റവും നല്ല സമയമാണിപ്പോൾ. ദുബായിലെ സ്വർണ വില കഴിഞ്ഞ 6 മാസത്തിനിടെ എത്താവുന്ന ഏറ്റവും വിലക്കുറവിലാണ് ഇന്നുള്ളത്. ഇപ്പോൾ ഗ്രാമിന് 204.25 ദിർഹമാണ് 1 ഗ്രാം സ്വർണത്തിന്റെ വില. അതേ സമയം ഇനി വരുന്ന ദിവസങ്ങളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടമുണ്ടായേക്കാമെന്നും ദസറയും ദീപാവലിയും അടുക്കുന്നതോടെ സ്വർണ വില വർധിച്ചേക്കാമെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു.
ഇപ്പോൾ 6 മാസത്തിലെ ഏറ്റവും താഴ്ന്ന വിലയിൽ തുടരുന്നതു കൊണ്ട് തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണ് ഇതെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഈ വിലക്കുറവ് പരിഗണിച്ചു തന്നെ സ്വർണം മുൻ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം പല ജ്വല്ലറികളിലും വാഗ്ദാനം ചെയ്യുന്നുണ്ട്.

അവിടെ താമസിക്കുന്നവർക്ക് മാത്രമല്ല ഇപ്പോൾ സന്ദർശക വിസയിൽ ദുബായിൽ എത്തിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരക്കാർ പാസ്പോർട്ട് വിവരങ്ങൾ നൽകി സ്വർണം വാങ്ങിയാൽ തിരികെ പോകുമ്പോൾ വിമാനത്താവളത്തിൽ നിന്ന് നികുതിത്തുക ഈടാക്കാനും സാധിയ്ക്കും. നിലവിൽ 5 ശതമാനം മൂല്യ വർധിത നികുതിയാണ് സ്വർണത്തിന് നൽകേണ്ടി വരുന്നത്. ഈ നികുതി അടച്ചാലും പാസ്പോർട്ട് സറണ്ടർ ചെയ്താൽ തിരികെ വാങ്ങാം എന്നർത്ഥം.
ലോകമാകമാനം ഓരോ ദിവസവും സ്വർണ വില കൂടി വരുന്ന സാഹചര്യത്തിൽ ഇപ്പോൾ 6 മാസത്തെ കുറഞ്ഞ വിലയിൽ സ്വർണം എത്തിയത് സ്വാഗതാർഹമാണ്. ഈ അവസരം ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താമെന്നും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് എം ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നവർക്ക് ഇത് തീർച്ചയായും ഒരു സുവർണാവസരമാണ്.
24 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 220.5 ദിർഹവും 21 കാരറ്റ് സ്വർണത്തിന് 197.75 ദിർഹവും 18 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 169.5 ദിർഹവുമാണ് വില. കഴിഞ്ഞ 6 മാസത്തിനിടെ ഇത്രയും താഴ്ന്ന വില നിലവാരത്തിലേക്ക് സ്വർണം എത്തിയിട്ടില്ല. ഈ വിലക്കുറവ് ഉപഭോക്താക്കൾ പ്രയോജനപ്പെടുത്തുമെന്ന വിശ്വാസത്തിൽ പരമാവധി വിൽപന നടത്താൻ സ്വർണ വ്യാപാരികളും ഒരുങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications