സ്വര്‍ണം വേഗം വാങ്ങിക്കോ... വില ഇനിയും കുതിക്കും; പവന്‍ വില 76000ത്തിലേക്ക്, ബദല്‍ വേണ്ടി വരും
സ്വര്‍ണവില ഓരോ ദിവസവും കുതിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നതിനാല്‍ ഏതെങ്കിലും ഒരു കാരണം മാത്രം ചൂണ്ടിക്കാട്ടി വില കൂടുമെന്നോ കുറയുമെന്നോ പറയാന്‍ സാധിക്കില്ല. വിപണി സാഹചര്യം ഇനിയും സ്വര്‍ണവില കൂടുമെന്ന് തന്നെ വ്യക്തമാക്കുന്നു.
2024ല്‍ മാത്രം സ്വര്‍ണത്തിന് 26 ശതമാനമാണ് വില കൂടിയത്. ഈ വര്‍ഷം ആദ്യത്തെ 35 ദിവസത്തിനിടെ മാത്രം 11 ശതമാനം വില കൂടി. ഇവിടെയും നില്‍ക്കില്ല എന്നാണ് വിപണി നിരീക്ഷകരുടെ പുതിയ അഭിപ്രായം. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില അതിവേഗം കൂടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3400 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്...

ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നിലവിലെ വില 2800 ഡോളറിന് മുകളിലാണ്. ഇതാണ് 3400 ഡോളറിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത്രയും ഉയര്‍ന്ന വിലയിലെത്തുമെന്നാണ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ നിലവിലുള്ള 63500 എന്ന പവന്‍ നിരക്കില്‍ നിന്ന് 76000ത്തിന് മുകളിലേക്ക് എത്തും.
സ്വര്‍ണത്തിന് വിപണിയില്‍ ആവശ്യക്കാര്‍ ഏറി വരികയാണ്. ആഗോള രാഷ്ട്രീയ സാഹചര്യം മോശമായി കൊണ്ടിരിക്കുന്നു, കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് പോര് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇതെല്ലാം സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
മാത്രമല്ല, അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആദായം കുറയാന്‍ ഇത് കാരണമാകും. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനാണ് സാധ്യത. മാത്രമല്ല, വിപണിയില്‍ ആശങ്ക നിറയുമ്പോള്‍ പണം നഷ്ടമാകാതിരിക്കാന്‍ സുരക്ഷിത നിക്ഷേപമായി എല്ലാവും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില കൂടാന്‍ ഇടയാക്കും.
2023 ഒക്ടോബറിന് ശേഷം അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് പണനയത്തില്‍ മാറ്റം വരുത്തുമെന്ന സൂചനകള്‍ ശക്തമായിരുന്നു. 2024 നവംബര്‍ ആയപ്പോഴേക്കും ഔണ്‍സ് സ്വര്‍ണത്തിന് 2790 ഡോളര്‍ ആകാന്‍ ഇത് കാരണമായി എന്ന് എഫ്എക്‌സ് പ്രോ അനലിസ്റ്റ് അലക്‌സ് കുപ്‌സികേവിച്ച് പറയുന്നു. വില കുത്തനെ ഉയര്‍ന്നതോടെ ആളുകള്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കാന്‍ തുടങ്ങിയപ്പോഴാണ് പിന്നീട് നിരക്ക് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ ബാങ്ക് നയവും ആഗോള രാഷ്ട്രീയ സാഹചര്യവുമാണ് 2024ല്‍ സ്വര്‍ണവില ഉയരാന് കാരണമായത് എങ്കില്‍ ഈ വര്‍ഷം അമേരിക്കയുടെ വിദേശ സാമ്പത്തിക നയമാണ് സ്വര്‍ണവിലയെ ഉയര്‍ത്തുക. മൂന്ന് മാസത്തിനകം സ്വര്‍ണം ഔണ്‍സ് വില 3000 ഡോളറിലെത്തുമെന്നാണ് സിറ്റി റിസര്‍ച്ച് കണക്കാക്കുന്നത്.
ട്രംപിന്റെ വ്യാപാര പോര്, കരുതല്‍ ധനം വൈവിധ്യവല്‍ക്കരിക്കാനുള്ള രാജ്യങ്ങളുടെ താല്‍പ്പര്യം, ഡോളര്‍ വിട്ട് മറ്റു കറന്‍സികളില്‍ വ്യാപാരം ശക്തിപ്പെടാനുള്ള സാധ്യതകള്‍ എന്നിവയെല്ലാമാണ് സിറ്റി റിസര്‍ച്ച് സ്വര്‍ണവില കൂടാനുള്ള സാധ്യതയായി ചൂണ്ടിക്കാട്ടുന്നത്.
താരിഫ് ഉയര്‍ത്താനുള്ള ട്രംപിന്റെ തീരുമാനം ഇറക്കുമതി ചെലവ് കൂട്ടുമെന്നും പണപ്പെരുപ്പം വര്‍ധിപ്പിക്കുമെന്നും ഡോളറിന്റെ കരുത്ത് കുറയ്ക്കുമെന്നും എക്‌സ്എസ് ഡോട്ട് കോം മാര്‍ക്കറ്റ് അനലിസ്റ്റ് റനിയ ഗുലെ പറയുന്നു. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വില വന്‍തോതില്‍ ഉയരുമ്പോള്‍ മറ്റു മാര്‍ഗങ്ങള്‍ ആഭരണ ഉപഭോക്താക്കള്‍ കണ്ടെത്തിയേക്കാം. വില കുറഞ്ഞ 18 കാരറ്റിന് പ്രിയം കൂടുന്ന ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications