സ്വർണവില ഇവിടേയും നില്‍ക്കില്ല; 2025 ലും കുതിപ്പ് തുടരും: പക്ഷെ ആശ്വാസമുണ്ട്, 2024 ആവർത്തിക്കില്ല
സ്വർണ വില പുതിയ റെക്കോർഡുകള്‍ താണ്ടിയ വർഷമാണ് 2024. ശരാശരി 10000 രൂപയുടെ വർധനവാണ് ഒരു വർഷക്കാലയളവില്‍ സ്വർണ വിലയിലുണ്ടായത്. ഒക്ടോബർ 31 ന് രേഖപ്പെടുത്തിയ 59640 രൂപ എന്നതാണ് സംസ്ഥാന ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ഈ നിരക്ക് ജനുവരിയിലേതുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍ നിരക്കിലെ വ്യത്യാസം 12680 രൂപയുടേതാണ്.
സ്വർണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരെ സംബന്ധിച്ച് വില വർധനവ് വലിയ തിരിച്ചടി നല്‍കിയപ്പോള്‍ നിക്ഷേപകർക്ക് സ്വർണം നല്‍കിയത് 20 ശതമാനം വരെ ലാഭം. വരും വർഷവും സ്വർണ വില മുന്നോട്ട് കുതിക്കുമെങ്കിലും 2024 ലേത് പോലെ അത്ര ശക്തമായിരിക്കില്ലെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിലെ ഏറ്റവും വലിയ വർധനവാണ് 2024 ല്‍ സ്വർണവിലയിലുണ്ടായതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. സാമ്പത്തിക അസ്ഥിരതകളും അന്താരാഷ്ട്ര രംഗത്തെ സംഘർഷ സാഹചര്യങ്ങളുമാണ് സ്വർണ്ണ വിലയിലെ കുതിപ്പില്‍ പ്രധാന ഘടകമായി മാറിയത്. സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വർണ്ണം വാങ്ങിയതും ഡിമാന്‍ഡിനേയും വിലയേയും മുന്നോട്ട് നയിച്ചു.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നയങ്ങളും 2025 ലെ സ്വർണ വിലയില്‍ നിർണ്ണായകമായി മാറിയേക്കും. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വർണം വാങ്ങുന്നത് വരും വർഷവും ഉയർത്തിയേക്കും. സംഘർഷ സാഹചര്യങ്ങള്‍ പെട്ടെന്ന് അയയാന്‍ സാധ്യതയില്ലാത്തതും സ്വർണവിലയിലെ വർധനവിന് അനുകൂല ഘടകമാണ്. വർധനവ് എന്തായാലും പ്രതീക്ഷിക്കാമെങ്കിലും അത് 2024 ലേതിന് സമാനമായിരിക്കില്ല.
സെൻട്രൽ ബാങ്കുകൾ ഒഴികെയുള്ള വാർഷിക ഡിമാൻഡിൻ്റെ 60% ഏഷ്യയാണെന്നും റിപ്പോർട്ട് പറയുന്നു. ഏഷ്യയില്‍ തന്നെ ചൈനയും ഇന്ത്യയും സ്വർണ്ണത്തിൻ്റെ ഏറ്റവും വലിയ വിപണിയായി തുടരുന്നു. വർഷത്തിലെ രണ്ടാം പകുതിയിൽ ഇറക്കുമതി തീരുവ കുറച്ച കേന്ദ്ര സർക്കാർ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡിനെ വളരെ വലിയ തോതില്‍ സഹായിച്ചു. വരും വർഷം ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് ഒരു പക്ഷെ കുറയാന്‍ സാധ്യതയുണ്ട്. നിക്ഷേപകർ മറ്റ് ഓഹരികളിലേക്കും റിയല്‍ എസ്റ്റേറ്റിലേക്കും കൂടുതലായി മാറാനുള്ള സാധ്യതയുണ്ട്.
ഇന്ത്യയില്‍ സ്വർണത്തിന്റെ ഡിമാന്‍ഡില്‍ 2023 അപേക്ഷിച്ച് ഈ വർഷം 18% വർധനവ് ഉണ്ടായതായും വേൾഡ് ഗോൾഡ് കൗൺസിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2023 ലെ മൂന്നാം പാദത്തിലെ ഡിമാന്‍ഡ് 210.2 ടണ്‍ ആയിരുന്നെങ്കില്‍ ഈ വർഷം ജുലൈ-സെപ്റ്റംബർ കാലയളവില്‍ അത് 248.3 ടണ്ണായി. ആഗോളതലത്തില്‍ സ്വർണത്തിന്റെ ആവശ്യകത 5% മാത്രമാണ് വർധിച്ചതെന്നാണ് ശ്രദ്ധേയം. ഇന്ത്യയില്‍ ഇക്കാലയളവില്‍ ആഭരണ ഡിമാന്‍ഡ് 10 ശതമാനം വർധിച്ച് 171.6 ടണ്ണുമായിട്ടുണ്ട്.












Click it and Unblock the Notifications