സ്വര്‍ണവില കൂടിയാലും പ്രശ്നമില്ല; ചൈനയെ പിന്നിലാക്കി ഇന്ത്യക്കാര്‍... ആഭരണ പ്രേമം റെക്കോര്‍ഡില്‍
സ്വര്‍ണവില പിടിവിട്ട് പറന്ന് പവന് 63000 കടന്നിരിക്കുകയാണ്. വില കൂടുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ മടിക്കുകയും അതുവഴി വില കുറയുമെന്നും കരുതിയവര്‍ക്ക് തെറ്റി. വില കൂടിയാലും പ്രശ്‌നമില്ല എന്ന നിലപാടുകാരാണ് ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഇന്ത്യക്കാര്‍ ചൈനക്കാരെ പിന്തള്ളിയിരിക്കുകയാണ്.
2024ല്‍ ഇന്ത്യക്കാര്‍ 563.4 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് വാങ്ങിയത്. അതേസമയം, ചൈനക്കാര്‍ 511.4 ടണ്‍ സ്വര്‍ണവും. നേരത്തെ മറിച്ചായിരുന്നു കണക്കുകള്‍. സാധാരണ ആഭരണത്തോട് ഏറ്റവും പ്രിയം ചൈനക്കാര്‍ക്കാണ് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. അവരെയും മലര്‍ത്തിയടിച്ച ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള ആവശ്യം അഞ്ച് ശതമാനം കൂടിയിരിക്കുന്നു.

2023ല്‍ ഇന്ത്യയിലെ സ്വര്‍ണ ആവശ്യം 761 ടണ്‍ ആയിരുന്നെങ്കില്‍ 2024ല്‍ 802 ടണ്‍ ആയി ഉയര്‍ന്നിരിക്കുകയാണ്. ആഭരണത്തിനുള്ള ആവശ്യം കൂടിയതു തന്നെയാകും ഈ വര്‍ധനവിന് കാരണം. ആഭരണത്തിന് പുറമെ നിക്ഷേപമായും നിരവധി പേര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതെല്ലാം സ്വര്‍ണ വില കൂടാനും കാരണമാണ്.
സ്വര്‍ണത്തിലുള്ള നിക്ഷേപം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2023ല്‍ ഇന്ത്യയില്‍ സ്വര്‍ണ നിക്ഷേപം 185 ടണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 240 ടണ്‍ ആയി വര്‍ധിച്ചു. ഭാവിയിലും സ്വര്‍ണവില കൂടുമെന്നും അപ്പോള്‍ ലാഭം കൊയ്യാമെന്നും കണ്ടാണ് നിക്ഷേപമായും ആഭരണമായും സ്വര്‍ണം വാങ്ങുന്നത്.
അതേസമയം, ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 2023ല്‍ 744 ടണ്‍ ഇറക്കിയപ്പോള്‍ 2024ല്‍ 712 ടണ്‍ ആയി ഇറക്കുമതി കുറഞ്ഞു. കൈവശമുള്ള സ്വര്‍ണം മാറ്റി വാങ്ങുന്നതും ആഭ്യന്തരമായുള്ള സ്വര്‍ണത്തിന്റെ ക്രയവിക്രയം കൂടുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് ഇതില്‍ നിന്നു മനസിലാക്കാം.
ഇനിയും സ്വര്‍ണവില കൂടും
സ്വര്‍ണവില വന്‍തോതില്‍ കുതിച്ചിരിക്കെയാണ് കൂടുതല്‍ സ്വര്‍ണം വാങ്ങുന്നത് എന്നതും എടുത്തു പറയണം. 2024ല്‍ 28 ശതമാനമാണ് സ്വര്‍ണവിലയിലെ വര്‍ധന, ഈ വര്‍ഷം ഒരു മാസം പിന്നിട്ടപ്പോഴേക്കും 11 ശതമാനം വീണ്ടും വര്‍ധിച്ചിരിക്കുന്നു. അമേരിക്കയുടെ പുതിയ വ്യാപാര നയമാണ് സ്വര്‍ണവിലയുടെ അതിവേഗമുള്ള വര്‍ധനവിന് കാരണം.
കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഇറക്കുമതി ചുങ്കം കൂട്ടിയിരിക്കുകയാണ്. കാനഡയും മെക്‌സിക്കോയും അമേരിക്കയുടെ ഉല്‍പ്പന്നങ്ങള്‍ക്കും ചുങ്കം കൂട്ടി. എന്നാല്‍ ചൈന കൂടി ഈ നിലപാട് സ്വീകരിച്ചതോടെ ലോകം ആശങ്കയിലേക്ക് നീങ്ങി. ലോകത്തെ വന്‍ ശക്തികള്‍ സാമ്പത്തിക രംഗത്ത് പോര് കൂട്ടുമ്പോള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങി തങ്ങളുടെ പണം സുരക്ഷിതമാക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഇനിയും സ്വര്‍ണവില കൂടാന്‍ തന്നെയാണ് സാധ്യത. വില കൂടുമെന്ന് ഉറപ്പുള്ള ലോഹമാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ എത്ര വില കൊടുത്ത് വാങ്ങിയാലും ഭാവിയില്‍ ലാഭം കൊയ്യാമെന്നും ഉപഭോക്താക്കള്‍ കരുതുന്നു. അതുകൊണ്ടാണ് ആഭരണമായും നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നത്. നേരത്തെ അത്ര ശ്രദ്ധിക്കാതിരുന്ന 18, 14 കാരറ്റ് സ്വര്‍ണത്തിനും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.












Click it and Unblock the Notifications