ഇന്ത്യയുടെ കിടിലന്‍ നീക്കം; എണ്ണ രാജ്യങ്ങളോട് പുതിയ ആവശ്യം, പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും
ആഗോള വിപണിയില്‍ എണ്ണ വില വലിയ തോതില്‍ ഇടിഞ്ഞിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറില്‍ താഴെ എത്തിയത് വിപണി കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. ആനുപാതികമായ ഇടിവ് ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയിലും ഉണ്ടാകേണ്ടതാണ്. ഈ വേളയില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സെക്രട്ടറി പങ്കജ് ജെയ്ന്‍ വിശദീകരണവുമായി രംഗത്തെത്തി.
വില കുറയുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സുപ്രധാന തീരുമാനം എടുത്തു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയത്. എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്നും വിപണിയില്‍ കൂടുതല്‍ എണ്ണ എത്തിക്കണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. അറിയാം കൂടുതല്‍ വിവരം...

ഇന്ത്യയില്‍ ക്രൂഡ് എണ്ണയ്ക്കുള്ള ആവശ്യം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കൂട്ടണമെന്നാണ് ഒപെക് പ്ലസ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആവശ്യം. എന്നാല്‍ മറിച്ചാണ് ഒപെകിന്റെ തീരുമാനം. ഏറെ കാലമായി ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുകയാണ് അവര്‍. കൂട്ടായ്മയിലെ പ്രബലരായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഉല്‍പ്പാദനം കുറച്ചിരുന്നത്.
ഈ തീരുമാനം സെപ്തംബറില്‍ മാറ്റുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് ഒപെക് രാജ്യങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം ഉല്‍പ്പാദനം ഉടന്‍ വര്‍ധിപ്പിക്കേണ്ട എന്ന നിലപാടിലേക്ക് എത്തി. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. കാരണം ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ഒക്ടോബറിലേക്കോ നവംബറിലേക്കോ നീട്ടുമെന്നാണ് ഒപെക് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒരുപക്ഷേ, ഈ വര്‍ഷം കഴിയുംവരെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. ലോകത്ത് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് എണ്ണയുടെ ആവശ്യം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടണമെന്ന് പങ്കജ് ജെയ്ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങുന്നത്. ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കഴിഞ്ഞ ജൂലൈയില്‍ റഷ്യന്‍ എണ്ണ കൂടുതല്‍ വാങ്ങിയ രാജ്യം ഇന്ത്യയാണ്. നേരത്തെ ചൈനയായിരുന്നു. വില കുറച്ച് എവിടെ നിന്ന് എണ്ണ കിട്ടുന്നോ അവിടെ നിന്ന് വാങ്ങുമെന്നായിരുന്നു റഷ്യന്‍ എണ്ണ വാങ്ങുന്നത് സംബന്ധിച്ച പങ്കജ് ജെയ്‌നിന്റെ പ്രതികരണം.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കുറഞ്ഞ നിരക്കില്‍ എണ്ണവില തുടരുകയാണെങ്കില്‍ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്നാണ് ഇതുസംബന്ധിച്ച പങ്കജ് ജെയിന്റെ മറുപടി. 70 ഡോളറില്‍ താഴെയാണ് അന്താരാഷ്ട്ര എണ്ണവില. 2021 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് ഈ വിലയില്‍ തിരിച്ചെത്തുന്നത്. അതേസമയം, വില വര്‍ധിപ്പിക്കാനുള്ള ആലോചന സ്വാഭാവികമായും ഒപെക് രാജ്യങ്ങളുടെ ഭാഗത്തുണ്ട്. ഈ സാഹചര്യം മനസിലാക്കിയാണ് ഇന്ത്യ പുതിയ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.












Click it and Unblock the Notifications