വാരാന്ത്യം ആശ്വാസം നല്‍കി സ്വര്‍ണ വില; വന്‍ ഇടിവ്... ഇന്നത്തെ പവന്‍ നിരക്ക് അറിയാം
കൊച്ചി: ഞെട്ടിക്കുന്ന കുതിപ്പ് നടത്തി പവന് 47000 കടക്കല്‍, തൊട്ടടുത്ത ദിവസം വലിയ ഇടിവ്... വീണ്ടും വില കയറല്‍... ഇങ്ങനെ ഓരോ ദിവസവും ആശ്വാസവും ആശങ്കയും സമ്മാനിക്കുകയാണ് സ്വര്‍ണ വിപണി. ഈ മാസം നാലിന് രേഖപ്പെടുത്തിയ 47080 രൂപയാണ് ഇന്നുവരെ സ്വര്‍ണം പവന് നല്‍കേണ്ടി വന്ന ഏറ്റവും ഉയര്‍ന്ന വില.
എന്നാല്‍ പിന്നീട് 800 രൂപ ഇടിഞ്ഞു. തുടര്‍ച്ചയായി വില കുറഞ്ഞ് ഈ മാസം 13ന് 45320 രൂപ വരെ താഴ്ന്നു. പിന്നീട് വീണ്ടും കയറി 46000 കടന്ന് കുതിച്ചു. ഇന്ന് വില കുറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വില കുറയുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നേട്ടമാണ്. 320 രൂപയുടെ കുറവാണ് ഇന്ന് പവന്‍മേലുണ്ടായിരിക്കുന്നത്.

കേരളത്തില്‍ 45840 രൂപയാണ് ഇന്ന് ഒരു പവന് നല്‍കേണ്ടത്. ഗ്രാമിന് 5730 രൂപയും. സ്വര്‍ണവില നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുന്നത് ഏതെങ്കിലും ഒരു ഘടകമല്ല. കറന്‍സി മൂല്യം, വിപണി സാഹചര്യം, ബാങ്കുകളുടെ പലിശ നിരക്ക്, പണപ്പെരുപ്പം എന്നിങ്ങനെ പല ഘടങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇന്ന് വില കുറയാന്‍ കാരണം എന്തെന്ന് പറയാം...
ഡോളര്‍ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ ഇടിഞ്ഞത് സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായിരുന്നു. എന്നാല്‍ ഇന്ന് ഡോളര്‍ ഇന്‍ഡക്‌സ് അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. 102.59 ആണ് സൂചിക. മാത്രമല്ല, രൂപ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 83.04 എന്ന നിരക്കിലാണുള്ളത്. കഴിഞ്ഞ ദിവസം 83.30 ആയിരുന്നു.
എണ്ണ വിലയില്‍ കാര്യമായ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 76.55 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.43 ഡോളറും. എണ്ണവില ഉയര്‍ന്നാല്‍ വിപണിയിലെ സാഹചര്യം താളംതെറ്റും. അവശ്യ വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടാകും. അതേസമയം, എണ്ണ വില ഉയര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്.
വരുന്ന മാര്‍ച്ച് വരെ ഇന്ത്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ആവശ്യം കുറയും എന്നാണ് നിരീക്ഷണം. അതേസമയം, പശ്ചിമേഷ്യയിലെ പുതിയ ചില സംഭവങ്ങള്‍ ആഗോള വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കപ്പെടുന്നതാണ് ഭീഷണി. കപ്പലുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് വിപണിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വിപണിയില്‍ ആശങ്ക ഉടലെടുത്താന്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. സ്വര്‍ണവില ഉയരുകയും ചെയ്യും.












Click it and Unblock the Notifications