കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രങ്ങളെല്ലാം പൂട്ടിപ്പോവുമെന്ന് ഉറപ്പ്... ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നാല് എഡിഷനുകള്‍ അടച്ചുപൂട്ടുന്നു

ഡിജിറ്റല്‍ രംഗത്തേക്ക് ഇറങ്ങുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ വാദം

  • By നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: പത്രങ്ങളുടെ കാലം അവസാനിച്ചു എന്ന് റേഡിയോ വന്നതുമുതല്‍ പ്രചരിക്കുന്ന ഒരു കാര്യമാണ്. ടെലിവിഷന്‍ പ്രചാരത്തിലെത്തിയപ്പോള്‍ ഇതിന്റെ ആക്കം ഒന്നുകൂടി വര്‍ദ്ധിച്ചു. എന്നാല്‍ അതൊന്നും പത്രവ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സാധ്യത വര്‍ദ്ധിച്ചതോടെ അച്ചടിച്ച പത്രങ്ങള്‍ക്കുള്ള ഡിമാന്റ് വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ലോക വ്യാപകമായിത്തന്നെ പത്രങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നടക്കുന്നത്. ദേശീയ പത്രത്തിന്റെ നാല് എഡിഷനുകളാണ് അടച്ചുപൂട്ടാന്‍ പോകുന്നത് എന്നാണ് ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സ്ഥിതിവിശേഷം കേരളത്തിലേക്കും എത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.

93 വര്‍ഷം പഴക്കമുള്ള പത്രം

ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലത്തിന്റെ പഴക്കവും പാരമ്പര്യവും ഉള്ള പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. 1924 ല്‍ ആണ് പത്രം സ്ഥാപിതമായത്. കെകെ ബിര്‍ള ഗ്രൂപ്പ് ആണ് പത്രത്തിന്റെ ഉടമകള്‍.

രണ്ടാം സ്ഥാനത്തുള്ള പത്രം

ദേശീയതലത്തില്‍ വായനക്കാരുടെ എണ്ണത്തിലുംസര്‍ക്കുലേഷനിലും രണ്ടാം സ്ഥാനത്തുള്ള പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇവര്‍ക്ക് മുന്നിലുള്ളത്.

നാല് എഡിഷനുകള്‍ പൂട്ടുന്നു

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നാല് എഡിഷനുകള്‍ അടച്ചുപൂട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത, റാഞ്ചി, ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ എഡിഷനുകളാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. ഇവിടങ്ങളിലെ ബ്യൂറോകളും അടച്ചുപൂട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 ബിസിനസ് ബ്യൂറോകള്‍ നേരത്തേ പൂട്ടി

ദില്ലിയിലേയും മുംബൈയിലേയും ബിസിനസ് ബ്യൂറോകള്‍ കഴിഞ്ഞ ആഴ്ച തന്നെ ഇവര്‍ അടച്ചുപൂട്ടിയിരുന്നു. അലഹബാദ്, കാണ്‍പുര്‍, വരാണസി എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ രംഗത്തേക്കിറങ്ങാന്‍

സ്ഥാപനം ഡിജിറ്റല്‍ രംഗത്തേക്ക് ഇറങ്ങുന്നതായാണ് ജീവനക്കാര്‍ക്ക് മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ച വിവരം എന്ന് ന്യൂസ് ലോണ്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ പേരില്‍ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടമാകും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ലോകവ്യാപകമായ പ്രതിഭാസം

ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒരു കാര്യം അല്ല. ലോകവ്യാപകമായിത്തന്നെ പത്രവ്യവസായം വന്‍ പ്രതിസന്ധി നേരിടുകയാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ പതനം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കുതിച്ചുകയറുന്നു

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വ്യാപനവും അതിലെ സാധ്യതകളും ആണ് പത്രവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതോടൊപ്പം തന്നെ വര്‍ദ്ധിക്കുന്ന അച്ചടിച്ചെലവും പരസ്യവരുമാനത്തിലെ ഇടിവും.

 പരസ്യ വരുമാനം കുത്തനെ കുറയുന്നു

അച്ചടി മാധ്യമങ്ങളിലെ പരസ്യ വരുമാനം കുത്തനെ കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരസ്യങ്ങള്‍ എത്ര ആളുകളിലേക്ക് എത്തുന്നു എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പത്രങ്ങളില്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യദാതാക്കള്‍ക്ക് ഇത് കൃത്യമായി മനസ്സിലാക്കാനാവും.

ചെലവ് കുറവ്, ഗുണം മെച്ചം

അച്ചടി മാധ്യമങ്ങളേക്കാല്‍ ചെലവ് കുറവാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് എന്നതാണ് മറ്റൊരു കാര്യം. കൂടുതല്‍ ഫലപ്രദമായി പരസ്യങ്ങള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നു എന്നതും അച്ചടിമാധ്യമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രശ്‌നവും ഉയരുന്നു

അച്ചടിക്കാന്‍ വേണ്ട കടലാസിന്റെ ചെലവിനൊപ്പം തന്നെ കടലാസ് ഉത്പാദനത്തിന് വേണ്ടി നശിപ്പിക്കപ്പെടുന്ന മരങ്ങളുടെ കണക്കുകളും പ്രകൃതി സ്‌നേഹികള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. 'പേപ്പര്‍ രഹിത' ഇടപാടുകളിലേക്ക് ലോകം മാറുമ്പോള്‍ പത്രങ്ങളുടെ ഭാവി സ്വാഭാവികമായും തുലാസ്സില്‍ തന്നെ.

English summary
Four editions and three bureaus, including the Business Bureau, are being shut down as Hindustan Times moves towards its “Digital Future”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X