ഇന്ത്യയുടെ 'പ്ലാന്‍ ബി' ലാഭത്തില്‍ അതിശയിച്ച് ലോകം; രക്ഷയില്ലാതെ യൂറോപ്പ്, എണ്ണയിലെ ട്വിസ്റ്റ് 2022ന് ശേഷം
യൂറോപ്പിലെ 28 രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). ആഗോള രാഷ്ട്രീയ മാറ്റത്തില്‍ അമേരിക്കയുടെ കൂടെ നില്‍ക്കുന്ന ഈ രാജ്യങ്ങള്‍ അഫ്ഗാന്‍, ഇറാഖ്, യുക്രൈന്‍, പലസ്തീന്‍ തുടങ്ങി സമീപ കാലത്ത് ലോകം കണ്ട എല്ലാ യുദ്ധങ്ങളിലും ഒരേ നയമാണ് സ്വീകരിച്ചത്. യൂറോപ്പിനൊപ്പം ചേരുക എന്ന നിലപാടുമായി യുക്രൈന്‍ മുന്നോട്ട് പോയതോടെയാണ് റഷ്യ യുദ്ധം ആരംഭിച്ചത്.
റഷ്യയെ ഒതുക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം പ്രഖ്യാപിച്ചു. പ്രധാനമായും റഷ്യയുടെ എണ്ണയെ ആശ്രയിച്ചാണ് അതുവരെ യൂറോപ്പിന്റെ ഊര്‍ജ മേഖല നിലനിന്നിരുന്നത്. റഷ്യയുടെ വരുമാന മാര്‍ഗത്തില്‍ മുഖ്യം ക്രൂഡ് ഓയില്‍ തന്നെ. അമേരിക്കക്കൊപ്പം യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയും യൂറോപ്പും ഒരുപോലെ വെട്ടിലായി. ഇവിടെയാണ് ഇന്ത്യ പ്ലാന്‍ ബി നടപ്പാക്കി നേട്ടമുണ്ടാക്കിയത്.

റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് എണ്ണ ബാരലിന് 60 ഡോളര്‍ എന്ന വില നിശ്ചയിച്ചു യൂറോപ്പ്. ഈ വില അനുസരിച്ചാല്‍ മാത്രമേ ഇന്‍ഷുറന്‍സ്, ഷിപ്പിങ് സൗകര്യം ഒരുക്കൂ എന്നും യൂറോപ്പ് വ്യക്തമാക്കി. മാത്രമല്ല, ഇന്ധന എണ്ണ റഷ്യയില്‍ നിന്ന് വാങ്ങില്ലെന്നും അവര്‍ തീരുമാനിച്ചു. പ്രതിസന്ധിയിലായ റഷ്യ വില കുറച്ച് ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. 2022ല്‍ സംഭവിച്ച ഈ മാറ്റം ഇന്ത്യയ്ക്ക് അതുല്യ അവസരമായിരുന്നു. ഇന്ത്യ വന്‍ തോതില്‍ റഷ്യന്‍ ക്രൂഡ് വാങ്ങാന്‍ തുടങ്ങി.
2022 മുമ്പ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് വെറും രണ്ട് ശതമാനമായിരുന്നു. ഇപ്പോള്‍ 40 ശതമാനത്തോട് അടുത്തിരിക്കുന്നു. ഒക്ടോബറില്‍ 200 കോടി യൂറോയുടെ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കിയതെന്ന് സിആര്‍ഇഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി എന്നിവരാണ് റഷ്യയുടെ ക്രൂഡ് ഓയില്‍ കൂടുതല്‍ വാങ്ങുന്നവര്‍. യൂറോപ്പ് ആറ് ശതമാനം മാത്രമേ വാങ്ങുന്നുള്ളൂ.
റഷ്യയില്‍ നിന്ന് ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധന എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചതോടെ യൂറോപ്പും കുരുക്കിലായി. ഈ അവസരം ഇന്ത്യ ശരിക്കും ഉപയോഗപ്പെടുത്തി. റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് എണ്ണ സംസ്‌കരിച്ച് ഡീസലും മറ്റുമാക്കി ഇന്ത്യ കയറ്റുമതി ചെയ്യുകയാണ്. ഇന്ധനത്തിന് വേണ്ടി യൂറോപ്പ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യയെ ആണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ധനം 58 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗര്‍, വാദിനാര്‍, മംഗലാപുരത്തെ പുതിയ എണ്ണ ശുദ്ധീകരണശാല എന്നിവിടങ്ങളില്‍ നിന്നാണ് യൂറോപ്പിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യുന്നതെന്ന് സെന്റര്‍ ഫോര്‍ റിസര്‍ട്ട് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) വിശദീകരിക്കുന്നു.
ഡീസല്‍, വിമാന ഇന്ധനം എന്നിവ നേരത്തെയും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കിയിരുന്നു. പ്രതിദിനം 154000 ബാരല്‍ ആണ് ഇറക്കിയിരുന്നത്. ഇത് നിലവില്‍ ഇരട്ടിയായി വര്‍ധിച്ചു. റഷ്യയില്‍ നിന്ന് വിദേശത്തേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നതിന് യൂറോപ്പും അമേരിക്കയും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കരിഞ്ചന്ത വഴി വ്യാപകമായി ഇടപാട് നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതോടെ റഷ്യയ്‌ക്കെതിരായ ഉപരോധത്തില്‍ ഇളവ് വരുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ റഷ്യ എണ്ണ വില കൂട്ടിയേക്കും.












Click it and Unblock the Notifications