നിക്ഷേപകരെ ക്ഷണിച്ച് മോദി; ഊര്‍ജ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി 'ഇന്ത്യ എനര്‍ജി വീക്ക് 2026'
പനജി: ഗോവയില്‍ നടന്ന 'ഇന്ത്യ എനര്‍ജി വീക്ക് 2026-ന്റെ' ആകര്‍ഷണീയ സാന്നിധ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 27 മുതല്‍ 30 വരെ ഗോവയിലെ ഒഎന്‍ജിസി അഡ്വാന്‍സ്ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന നാല് ദിവസത്തെ കോണ്‍ക്ലേവ് പങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. 120-ലധികം രാജ്യങ്ങളില്‍ നിന്നായി 75,000-ത്തോളം ഊര്‍ജ വിദഗ്ധരും എഴുന്നൂറിലധികം പ്രദര്‍ശകരും ഈ സംഗമത്തില്‍ പങ്കെടുത്തു. ഇന്ത്യ എനര്‍ജി വീക്കിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായിരുന്നു ഇത്.
ആഗോള തലത്തിലെ പ്രമുഖ എണ്ണ, വാതക, ഹൈഡ്രജന്‍, ക്ലീന്‍ ടെക്‌നോളജി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി സംവദിച്ചു. വിശ്വാസ യോഗ്യവും സ്ഥിരതയുള്ളതുമായ ആഗോള ഊര്‍ജ പങ്കാളിയായി ഇന്ത്യ വളരുകയാണെന്ന് പ്രധാനമന്ത്രി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ചര്‍ച്ചയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിശാലമായ നിക്ഷേപ സാധ്യതയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

നൂതനമായ ഊര്‍ജ ദര്‍ശനങ്ങളിലൂടെയും ആഗോള നിക്ഷേപകര്‍ക്ക് നല്‍കിയ ഉറപ്പുകളിലൂടെയും പ്രധാനമന്ത്രി മോദി സമ്മേളനത്തിന്റെ കേന്ദ്രബിന്ദുവായി. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഇന്ത്യയുടെ ഊര്‍ജ പരിഷ്‌കാരങ്ങളിലും സുതാര്യമായ നയങ്ങളിലും തങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഊര്‍ജം ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ നിന്ന് ആഗോള ഊര്‍ജ കേന്ദ്രമായി ഇന്ത്യ മാറിക്കഴിഞ്ഞതായി ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു.
നേരത്തെ ഊര്‍ജം ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന മേല്‍വിലാസമായിരുന്നു ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ദീര്‍ഘകാല നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഗോള ഊര്‍ജ കേന്ദ്രമായി ഇന്ത്യ വളര്‍ന്നതായി സമ്മേളനത്തില്‍ ആഗോള നിക്ഷേപകര്‍ അഭിപ്രായപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ഇന്ത്യ എനര്‍ജി വീക്ക് 2026 എക്‌സിബിഷന്‍' അത്യാധുനിക സാങ്കേതിക വിദ്യകളുടെയും സുസ്ഥിര ഇന്ധന പരിഹാരങ്ങളുടെയും പ്രദര്‍ശന വേദിയായി മാറി.
നൂതന ഊര്‍ജ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്ന 700-ലധികം ആഗോള പ്രദര്‍ശകരാണ് എക്‌സിബിഷനില്‍ പങ്കെടുത്തത്.
ഹൈഡ്രജന്‍ ഇക്കോസിസ്റ്റം, എല്‍എന്‍ജി, പെട്രോകെമിക്കല്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, ജൈവ ഇന്ധനങ്ങള്‍, നഗര വാതക വിതരണം തുടങ്ങിയ മേഖലകളിലായി 11 തീമാറ്റിക് സോണുകള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ജപ്പാന്‍, ജര്‍മ്മനി, യുകെ, കാനഡ, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പവലിയനുകളിലൂടെ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി.
ഭാവിക്കായുള്ള ഊര്‍ജ വിതരണ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കാനും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും സമ്മേളനത്തില്‍ ധാരണയായി. ഇന്ത്യയില്‍ നിര്‍മ്മിക്കാനും നവീകരിക്കാനും നിക്ഷേപിക്കാനും ആഗോള പങ്കാളികളെ പ്രധാനമന്ത്രി ക്ഷണിച്ചു. ആഗോള ഊര്‍ജ സംവാദങ്ങളില്‍ വെറുമൊരു പങ്കാളി എന്നതിലുപരി, ചര്‍ച്ചകളെ നയിക്കുന്ന നേതാവായി ഇന്ത്യ മാറിയെന്ന് ഈ സമ്മേളനം അടിവരയിടുന്നു.
ആഗോള നയം, വ്യവസായം, മൂലധനം എന്നിവ പരസ്പരം കൂടിച്ചേരുന്ന തന്ത്രപരമായ വേദിയായി ഇന്ത്യ എനര്‍ജി വീക്ക് 2026 മാറി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ഇന്ത്യ ആഗോള ഊര്‍ജ സംഭാഷണങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല - ആഗോള നിക്ഷേപകരെ നയിക്കാനും ശേഷിയുള്ള രാജ്യമായി വളര്‍ന്നുകഴിഞ്ഞു.












Click it and Unblock the Notifications