സ്വര്‍ണശേഖരം മുഴുവന്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ.. നീക്കത്തിന് പിന്നിലെ കാരണമിത്! സംഗതി ലാഭം തന്നെ
സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം കൂട്ടാനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക്. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണങ്ങളെല്ലാം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് റിസര്‍വ് ബാങ്ക്. ' ലോക്കലൈസേഷന്റെ' ഭാഗമായി റിസര്‍വ് ബാങ്ക് അതിന്റെ 854.7 ടണ്‍ സ്വര്‍ണ ആസ്തി സംഭരിക്കുകയാണ്. 2022 ഏപ്രിലിനും 2024 സെപ്റ്റംബറിനും ഇടയില്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തില്‍ 100 ടണ്ണിനടുത്താണ് ആര്‍ബിഐ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
ആകെയുള്ളതില്‍ 510.5 ടണ്‍ ആര്‍ബിഐയുടെ വിവിധ നിലവറകളില്‍ സംഭരിച്ചിരിക്കുകയാണ്. ഇതില്‍ കൂടുതലും മുംബൈയിലാണ്. 2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ട് വര്‍ഷത്തിനുള്ളില്‍ ആര്‍ബിഐ രഹസ്യമായി 214 ടണ്‍ സ്വര്‍ണമാണ് തിരികെ കൊണ്ടുവന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 5.3 ടണ്‍ മാത്രമാണ് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്. ഇത് ആഭ്യന്തര സംഭരണം 301.1 ടണ്ണായി ഉയരാനും കാരണമായി.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 106.8 ടണ്‍ വര്‍ധിച്ചു. ഇതോടെ പ്രാദേശിക സംഭരണം 408.3 ടണ്ണായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ 102.2 ടണ്‍ സ്വര്‍ണമാണ് തിരികെ കൊണ്ടുവന്നത്. ഇതോടെ മൊത്തം സ്വര്‍ണ ശേഖരം 510.5 ടണ്ണായി. ബാക്കിയുള്ള കരുതല്‍ ശേഖരങ്ങളില്‍ 314 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സുരക്ഷിത നിലവറകളിലാണ് ഉള്ളത്. 10 ടണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലിലുള്ള ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിലുണ്ട്.
ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ 20.3 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ട് എന്നാണ് ഒക്ടോബര്‍ അവസാനം ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളില്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് 2.2 ബില്യണ്‍ ഡോളര്‍ അടിയന്തര വായ്പ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 67 ടണ്‍ പണയം വെച്ചിരുന്നു. എന്നാല്‍ പേയ്മെന്റ് ബാലന്‍സ് നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് 1991 നവംബര്‍-ഡിസംബര്‍ കാലയളവില്‍ റിസര്‍വ് ബാങ്ക് 18.36 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു.
1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും ലോജിസ്റ്റിക് കാരണങ്ങളാല്‍ ആര്‍ബിഐ സ്വര്‍ണം അവിടെ തന്നെ സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം വ്യാപാരം ചെയ്യുന്നതിനും വരുമാനം നേടുന്നതിനും എളുപ്പത്തില്‍ ഉപയോഗിക്കാം എന്നതിനാലായിരുന്നു ഇത്. ആര്‍ബിഐ അന്താരാഷ്ട്ര വിപണികളില്‍ നിന്ന് സ്വര്‍ണം വാങ്ങുകയും വിദേശത്ത് സൂക്ഷിക്കുകയും ചെയ്യുന്നത് ഈ ഇടപാടുകള്‍ സുഗമമാക്കുന്നു.
എന്നാല്‍ അടുത്ത കാലത്തായി ഈ സ്വര്‍ണ നിക്ഷേപം തിരികെ എത്തിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കുന്നുണ്ട്. വര്‍ധിച്ച് വരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളാണ് ഇതിന് പിന്നിലെ ഒരു ഘടകം. റഷ്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം യുഎസ് ഒഴിവാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ദശലക്ഷക്കണക്കിന് വരുന്ന ഇന്‍ഷുറന്‍സ് ചെലവും സ്റ്റോറേജ് ഫീസും ലാഭിക്കുന്നതിന് പുറമെ നമ്മുടെ സ്വന്തം നിലവറകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സുരക്ഷിതമാണ് എന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയടക്കം ലോകത്തെ നിരവധി രാജ്യങ്ങളുടെ കരുതല്‍ സ്വര്‍ണശേഖരം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് കൂടുതലും ഉള്ളത്. 1697ലാണ് ആദ്യ കരുതല്‍ സ്വര്‍ണശേഖര നിലവറയ്ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടക്കമിട്ടത്.












Click it and Unblock the Notifications