രൂപ മാത്രമല്ല, ചൈനയുടെ യുവാനും തകര്‍ന്നുവീണു; സാധാരണക്കാരെ എങ്ങനെ ബാധിക്കും, എട്ടിന്റെ പണി
വിപണിയില്‍ സമൂലമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡോളര്‍ കരുത്ത് കാട്ടുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യത്തകര്‍ച്ച നേരിടുന്നു. ഇന്ത്യയുടെ രൂപ ചരിത്ര ഇടിവിലേക്കാണ് കൂപ്പുകുത്തുന്നത്. മാത്രമല്ല, ചൈനയുടെ യുവാന്‍ കറന്‍സിയും മൂല്യം നഷ്ടപ്പെട്ട് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒരു വര്‍ഷത്തെ കണക്കുപരിശോധിച്ചാല്‍ ഏറ്റവും വലിയ തകര്‍ച്ചയിലാണ് യുവാന്‍.
ഇന്ന് വിപണി വ്യാപാരം തുടങ്ങിയ വേളയില്‍ ഡോളറിനെതിരെ കനത്ത ഇടിവാണ് രൂപ നേരിട്ടത്. 84.76 എന്ന നിരക്കിലേക്ക് രൂപ വീണു. തിങ്കളാഴ്ചയ്ക്ക് പുറമെ ചൊവ്വാഴ്ചയും രൂപ ഇടിയുമ്പോള്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതിലേക്ക് കാര്യങ്ങളെത്തും. വരുംദിവസങ്ങളിലും രൂപ തിരിച്ചുകയറാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ക്ക് നേട്ടമാകുമെങ്കിലും അവശ്യ വസ്തുക്കളുടെ വില കൂടുമെന്നതിനാല്‍ വരുമാനം കുത്തനെ താഴും.

ഡോളറിനെതിരെ 7.29 എന്ന നിരക്കിലേക്ക് ചൈനയുടെ യുവാന്‍ എത്തി. 0.3ശതമാനം ഇടിവാണ് യുവാന്‍ നേരിടുന്നത്. ഒരു വര്‍ഷത്തിനിടെ ഇത്രയും ഇടിവ് ആദ്യമാണ്. സാമ്പത്തിക രംഗത്തെ പുഷ്ടിപ്പെടുത്താന്‍ വന്‍തോതില്‍ ഫണ്ട് ഇറക്കിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രങ്ങള്‍ പാളിയത് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നിലാണ്.
അന്താരാഷ്ട്ര ഇടപാടുകള്‍ ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും സുരക്ഷിത കറന്‍സി എന്ന നിലയില്‍ ഡോളര്‍ സൂക്ഷിക്കാറുണ്ട്. വിദേശ രാജ്യങ്ങളുമായി വ്യാപാരം നടത്തുമ്പോള്‍ പകരം നല്‍കേണ്ടത് ഡോളറാണ്. ഈ വേളയില്‍ അധികമായി ഡോളര്‍ ആവശ്യമാകുന്നതോടെ ഡോളറിന്റെ മൂല്യം വര്‍ധിക്കും. ഇന്ത്യയുടെ കൂടുതല്‍ ധനം വിദേശത്തേക്ക് ഒഴുകാന്‍ കാരണമാകും.
ബ്രിസ്‌ക് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് നടത്തിയ ഭീഷണിയാണ് പുതിയ കറന്‍സി മൂല്യമിടിവിന് കാരണം. ഡോളര്‍ വിട്ട് സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്താന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ആലോചിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അല്ലെങ്കില്‍ ഇടപാടുകള്‍ക്ക് പ്രത്യേക കറന്‍സി തയ്യാറാക്കുമെന്നും വാര്‍ത്തകള്‍ വന്നു. ഇത്തരം നീക്കം നടത്തിയാല്‍ അമേരിക്ക 100 ശതമാനം താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അമേരിക്കന്‍ സാമ്പത്തിക രംഗം തകരാതെ പിടിച്ചുനിര്‍ത്താന്‍ ഏതറ്റം വരെയും ട്രംപ് പോയേക്കുമെന്നാണ് വിപണിയിലെ സംസാരം. അതുകൊണ്ടുതന്നെ ജനുവരി 20ന് പ്രസിഡന്റായി അധികാരമേറ്റാല്‍ സുപ്രധാന ഉത്തരവുകള്‍ ട്രംപ് പുറപ്പെടുവിച്ചേക്കുമെന്നും കരുതുന്നു. ഈ സാഹചര്യത്തിലാണ് ഡോളറിന് ആവശ്യക്കാര്‍ക്കാര്‍ ഏറിയിരിക്കുന്നത്. മാത്രമല്ല, ഓഹരി വിപണികളില്‍ നിന്ന് വന്‍തോതില്‍ വിറ്റഴിക്കല്‍ നടത്തി ഡോളറിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതും ഡോളര്‍ മൂല്യം കൂടാനും രൂപയും യുവാനും ഇടിയാനും കാരണമായി.
രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ഇറക്കുമതിക്ക് വേണ്ടി ഇന്ത്യയ്ക്ക് വലിയ ചെലവ് വരും. സ്വാഭാവികമായും ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിക്കും. വിപണിയില്‍ അവ ലഭിക്കണമെങ്കില്‍ സാധാരണക്കാര്‍ ഉയര്‍ന്ന തുക നല്‍കേണ്ടി വരും. വരുമാനം വര്‍ധിക്കാതിരിക്കുകയും ചെലവ് കൂടുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാകുക. നേരത്തെ 100 രൂപയ്ക്ക് കിട്ടിയിരുന്ന വസ്തുവിന് കൂടുതല്‍ തുക നല്‍കേണ്ടി വന്നാല്‍ കീശ കാലിയാകുമെന്ന് ചുരുക്കം.












Click it and Unblock the Notifications