ദിവസം വെറും 50 രൂപ മാറ്റിവെക്കാനുണ്ടോ: എങ്കില്‍ 35 ലക്ഷം രൂപ നേടാം: അതും സുരക്ഷിതമായ കേന്ദ്രസർക്കാർ പദ്ധതി
കേവലം തപാല്‍ സേവനം എന്നതിന് അപ്പുറം ഒരു ബാങ്കിങ് സംവിധാനം എന്ന നിലയിലും മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യാ പോസ്റ്റ്. രാജ്യത്തെ ഗ്രാമീണ മേഖലയിലെ പ്രധാന നിക്ഷേപ സാധ്യതയായി പോസ്റ്റ് ഓഫീസുകള്‍ മാറി കഴിഞ്ഞു. സാധാരണക്കാർക്ക് അനുയോജ്യമായ നിരവധി നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിന് കീഴില്‍ ലഭ്യമാണ്.
കൂലിപ്പണിക്കാർക്ക് പോലും കുറഞ്ഞ നിക്ഷേപത്തിലൂടെ മികച്ച വരുമാനം ഈ നിക്ഷേപ പദ്ധതികളൂടെ സ്വന്തമാക്കാന്‍ സാധിക്കും. അത്തരത്തിലുള്ള മികച്ച നിക്ഷേപ പദ്ധതിയാണ് ഗ്രാം സുരക്ഷ യോജന. സമ്പാദ്യത്തോടൊപ്പം തന്നെ നിക്ഷേപകർക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ കൂടി ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. ഇതിനോടകം തന്നെ ജനപ്രിയമായി കഴിഞ്ഞ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം.

1995 ല്‍ ആരംഭിച്ച ഗ്രാം സുരക്ഷ യോജന പദ്ധതിയില്‍
19 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ചേരാന്‍ സാധിക്കും. പരമാവധി പ്രായ പരിധി 55 വയസ്സാണ്. പോളിസിയുടെ കുറഞ്ഞ സം അഷ്വേർഡ് തുക 10000 രൂപയും പരമാവധി സം അഷ്വേർഡ് തുക 10 ലക്ഷം രൂപയുമാണ്. ഇതോടൊപ്പം തന്നെ ഈ പദ്ധതിയില്‍ ചേരുന്നതോടെ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയില്‍ കൂടി നിങ്ങള്‍ അംഗമാകും. പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമയുടെ മരണം സംഭവിച്ചാൽ സം അഷ്വേർഡ് തുക നോമിനിയുടെ പേരില്‍ ലഭ്യമാകും.
നാല് വർഷം അടവ് പൂർത്തിയാക്കിയാല്‍ പദ്ധതിയില്‍ നിന്നും നിക്ഷേപകന് വായ്പയും എടുക്കാം. പോളിസി ഉടമയ്ക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. എന്നാല്‍ നേരത്തെ സറണ്ടർ ചെയ്യുന്നതിലൂടെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായത് അഞ്ച് വർഷത്തിന് മുമ്പ് പദ്ധതി അവസാനിപ്പിക്കുകയാണെങ്കില്‍ ബോണസ് ലഭിക്കില്ല.
ഗ്രാം സുരക്ഷ യോജനയുടെ പ്രീമിയം അടവ് കാലാവധി 55 വയസ്, 58 വയസ്, 60 വയസ് എന്നിങ്ങനെ മൂന്ന് തരത്തിലാണുള്ളത്. മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അർധ വർഷത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കാനും സാധിക്കും. നിക്ഷേപകർക്ക് അവരുടെ പോളിസി 59 വയസ്സ് വരെ എൻഡോവ്മെന്റ് അഷ്വറൻസ് പോളിസിയായി മാറ്റാവുന്നതാണ്.
ഈ പദ്ധതി പ്രകാരം 35 ലക്ഷം രൂപ നേടണമെങ്കില്‍ 19 വയസില്‍ പരാമാവധി അഷ്വേഡ് തുകയായ 10 ലക്ഷം രൂപയുടെ പോളിസിയിലാണ് ചേരേണ്ടേത്. 55 വയസ് വരെ പ്രീമിയം അടവ് തിരഞ്ഞെടുത്താൽ ഒരാള്‍ മാസത്തിൽ അടയ്ക്കേണ്ടി വരുന്ന തുക 1515 രൂപയാണ്. സ്ഥിരമായി ഈ തുക അടച്ച് പോകൂന്നതിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ ബോണസും കൂടി ചേർത്ത് 31.60 ലക്ഷം രൂപ നേടാന്‍ സാധിക്കും. ദിവസം 50 രൂപ മാറ്റിവെക്കുകയാണെങ്കില്‍ മാസം 1515 രൂപ കണ്ടെത്താവുന്നതാണ്. സ്വന്തം നിലയ്ക്കോ മക്കളുടെ പേരിലോ ഇപ്പോള്‍ തന്നെ ഈ പദ്ധതിയില്‍ ചേരുന്നതാണ് ഉചിതം.
പ്രീമിയം അടവ് കാലാവധി 58 വയസുവരെയാണെങ്കില്‍ പ്രീമിയം തുക 1463 രൂപയാണ്. അടവ് പൂർത്തിയാകുമ്പോൾ ബോണസും ചേർത്ത് 33.40 ലക്ഷം രൂപ ലഭിക്കും. മൂന്നാമത്തെ പോളിസിയായ . 60 വയസ് വരെയുള്ള പ്രീമിയത്തിന് മാസത്തില്‍ 1411 രൂപ അടയ്ക്കേണ്ടി വരും. ഒടുവില്‍ കാലാവധി പൂർത്തിയാക്കുമ്പോള്‍ 34.60 ലക്ഷം രൂപയാണ് നിങ്ങളുടെ കയ്യിലേക്ക് എത്തുക. ഉയർന്ന ബോണസും പദ്ധതിയുടെ നേട്ടാണ്. 1000 രൂപയ്ക്ക് വർഷത്തില്‍ 60 രൂപയാണ് അവസാനമായി ബോണസ് നല്‍കിയത്. പദ്ധതിയുടെ ഭാഗമാകാന്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.












Click it and Unblock the Notifications