'പെട്രോള്‍ ലിറ്ററിന് 48 രൂപ, ഡീസല്‍ 69'... അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില ഇടിവ്; ചോദ്യവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ ഇടിഞ്ഞിരിക്കുന്നു. ബാരലിന് 72 ഡോളറിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. നേരത്തെ 90 ഡോളറിനടുത്ത് ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്. ഇതിനിടെ കഴിഞ്ഞ ദിവസം 70 ഡോളറില്‍ താഴെ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയ്‌ക്കേണ്ടതാണ്.
വൈകാതെ പെട്രോള്‍, ഡീസല്‍ വില എണ്ണ കമ്പനികള്‍ കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പെട്രോളിയം സെക്രട്ടറി സൂചിപ്പിച്ചിരുന്നു. കുറഞ്ഞ നിരക്കിലുള്ള വിലയില്‍ സ്ഥിരത കൈവരിച്ചാല്‍ വില കുറയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത് എന്ന് പ്രതിപക്ഷം ചോദിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദെരക് ഒബ്രിയനും കണക്കുകള്‍ നിരത്തിയാണ് ചോദ്യമുന്നയിക്കുന്നത്.

ക്രൂഡ് ഓയില്‍ വില ഇത്രയും കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കാത്തത് ഇന്ധന കൊള്ള തുടരുന്നതിന്റെ തെളിവാണ് എന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എണ്ണവില അകാരണമായി ഉയര്‍ത്തിയതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
''ക്രൂഡ് ഓയില്‍ വില 32.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 2014 മെയ് 16ന് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 71.51 രൂപയും ഡീസല്‍ ലിറ്ററിന് 57.28 രൂപയുമായിരുന്നു. ക്രൂഡ് വില 107.49 ഡോളറിലെത്തിയ സാഹചര്യത്തിലായിരുന്നു ഇത്. 2024 സെപ്തംബര്‍ 16, അതായത് ഇന്ന് ക്രൂഡ് വില 72.48 ഡോളറാണ്. എന്നാല്‍ പെട്രോളിന് 94.72 രൂപയും ഡീസല്‍ 87.62 രൂപയുമാണ് ഡല്‍ഹിയിലെ വില'' എന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 48.27 രൂപയും ഡീസല്‍ ലിറ്ററിന് 69 രൂപയുമാണ് ഈടാക്കേണ്ടത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇന്ധന നികുതിയായി 35 ലക്ഷം കോടി രൂപയാണ് ഈടാക്കുന്നതെന്നും ഖാര്‍ഗെ പറയുന്നു. തൃണമൂല്‍ രാജ്യസഭാ എംപി ദെരക് ഒബ്രിയനും സമാന വിഷയത്തില്‍ മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രൂഡ് വില 24 ശതമാനം ഇടിഞ്ഞിട്ടും പെട്രോള്‍ വില 30 ശതമാനം കൂട്ടുകയാണ് ചെയ്തതെന്നും ഒബ്രിയന്‍ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിനെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ക്ക് അപ്രതീക്ഷിത വരുമാനം ലഭിക്കാറുണ്ട്. ഇതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇനിയും കുറയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയില്‍ നിന്നുള്ള എണ്ണ കൂടി വിപണിയിലെത്തുന്നതോടെയാണ് വില കുറയാന്‍ വഴിയൊരുങ്ങുന്നത്. അമേരിക്കന്‍ ഉപരോധം കാരണം വെനസ്വേലയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ മതിയായ അളവില്‍ വിപണിയില്‍ എത്തുന്നില്ല. അതുകൂടി എത്തുകയാണെങ്കില്‍ ഇന്ധന വില കുത്തനെ കുറയുമായിരുന്നുവെന്നും വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications