അംബാനി സാമ്രാജ്യം നയിക്കാൻ ഇഷ, റിലയൻസ് റീട്ടെയ്ൽ ബിസിനസ് തലപ്പത്ത് അവതരിപ്പിച്ച് മുകേഷ് അംബാനി
ദില്ലി: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്തേക്ക് മകൾ ഇഷയെ അവതരിപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. റിലയൻസിന്റെ ടെലികോം യൂണിറ്റായ ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി ആകാശ് അംബാനി നിയമിതനായതിന് തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഇതോടെ നേതൃത്വ കൈമാറ്റത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് മുകേഷ് അംബാനി കടന്നതായാണ് ബിസിനസ് ലോകം വിലയിരുത്തുന്നത്.

റിലയൻസ് റീട്ടെയിൽ ഒരു എഫ് എം സി ജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ്) ബിസിനസ് ആരംഭിക്കുമെന്ന് അധികാരമേറ്റതിന് പിന്നാലെ ഇഷ അംബാനി പറഞ്ഞു. മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയുമാണ് ലക്ഷ്യം, ഇഷ പറഞ്ഞു. വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പേയ്‌മെന്റുകൾ നടത്തുന്നതിനെ കുറിച്ചും പ്രത്യേക പ്രസന്റേഷനും പരിപാടിയിൽ ഇഷ നടത്തി.

ഇന്ത്യൻ കരകൗശല വിദഗ്ധർ ഉൽപ്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിപണനം ചെയ്യാനുള്ള പദ്ധതികളും റിലയൻസ് റീട്ടെയിൽ ഉടൻ ആരംഭിക്കുമെന്നും ഇഷ വ്യക്തമാക്കി. 'ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ആദിവാസികളും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും ഉൽപ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങൾ ഞങ്ങൾ ഉടൻ വിപണനം ചെയ്യാൻ തുടങ്ങും', ഇഷ പറഞ്ഞു.

തൊഴിലും അവസരങ്ങളും തുറക്കുക മാത്രമല്ല, ഇന്ത്യൻ കരകൗശല വിദഗ്ധരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവും വൈദഗ്ധ്യവും വിജ്ഞാന അടിത്തറയും സംരക്ഷിക്കാനും പുതിയ സംരഭത്തിലൂടെ സാധിക്കുമെന്നും ഇഷ വ്യക്തമാക്കി.യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30 കാരിയായ ഇഷ. റിലയൻസ് അജിയോ ഫാഷൻ പോർട്ടലിന്റെ പിറവിക്ക് കാരണക്കാരിയായ ഇഷ ജിയോയുടെ ബ്രാൻഡിംഗിൽ അടക്കം ഭാഗമായിരുന്നു. 2018 ഡിസംബറിൽ രാജ്യത്തെ ബിസിനസ് പ്രമുഖനായ ആനന്ദ് പിരാമലിനെ വിവാഹം ചെയ്തു.

അതേസമയം ഇഷയ്ക്ക് പിന്നാലെ ഇളയമകനായ ആനന്ദ് അംബാനിയെ റിലയൻസ് ഇൻഡസ്ട്രീസിൻെറ ഊര്‍ജ മേഖലയിലെ പുതിയ ബിസിനസിന്റെ തലപ്പത്തേക്ക് നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം റിലയൻസ് ഇൻഡസ്ട്രീസിൻെറ ഊര്‍ജ മേലയിലെ പുതിയ ബിസിനസ് സംരംഭങ്ങളുടെ ബോര്‍ഡ് ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചിരുന്നു. റിലയൻസ് ന്യൂ എനർജി സോളാർ, റിലയൻസ് ന്യൂ സോളാർ എനർജി എന്നീ സ്ഥാപനങ്ങളുടെ ചുമതലായായിരുന്നു ആനന്ദിന് നൽകിയത്.

ഈ വർഷം ജൂണിലായിരുന്നു മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി ആകാശ് നിയമിച്ചത്. റിലയൻസ് ജിയോ ബോർഡിൽ നിന്ന് മുകേഷ് അംബാനി രാജിവെച്ച് കൊണ്ടായിരുന്നു നിയമനം. ഉടൻതന്നെ മക്കൾ തന്റെ ബിസിനസ് സംരഭങ്ങളുടെ തലപ്പത്തേക്ക് എത്തുമെന്ന് നേരത്തേ തന്നെ മുകേഷ് അംബാനി വ്ക്തമാക്കിയിരുന്നു.












Click it and Unblock the Notifications