പൊന്ന് പൊള്ളി: 48000 കടന്ന് കുതിച്ച് സ്വര്‍ണ വില... വില്‍ക്കാന്‍ പറ്റിയ സമയം, എത്ര കിട്ടുമെന്ന് അറിയാം
കൊച്ചി: സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പ്രവചനം ശരിവയ്ക്കുന്ന നിലയിലാണ് കുതിപ്പ്. അര ലക്ഷത്തിന് മുകളില്‍ ഒരു പവന് കൊടുക്കേണ്ടി വരുമെന്നായിരുന്നു പ്രവചനം. 48000 കടന്ന് കുതിക്കുന്ന സ്വര്‍ണം ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വൈകാതെ അര ലക്ഷത്തിലേക്കെത്തും.
ഈ മാസം ഓരോ ദിവസവും വില കൂടുകയാണ്. പവന് 46320 രൂപയില്‍ നിന്നാണ് 2000ത്തോളം രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെയാണ് ഈ മാറ്റമെന്നതും എടുത്തുപറയണം. എന്തുകൊണ്ടാണ് ഈ കുതിപ്പ് എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണിതെങ്കില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ നിമിഷമാണ്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. 48080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 6010 രൂപയായി. ഇത്രയും ഉയര്‍ന്ന വിലയിലെത്തുമ്പോള്‍ വില്‍പ്പന കുറയുമെന്ന ആശങ്ക ജ്വല്ലറി വ്യാപാരികള്‍ പങ്കുവയ്ക്കുന്നു. വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അവര്‍ ഭയക്കുന്നു.
കുറയാന്‍ സാധ്യതയുണ്ടോ
അമേരിക്കന്‍ വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സ്വര്‍ണത്തിന് അടിക്കടി വില ഉയരാന്‍ ഇടയാക്കുന്നത്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഈ വര്‍ഷം പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹമാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിപ്പിക്കുന്നത്. ഫെഡ് റിസര്‍വ് മേധാവി കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയിരുന്നെങ്കിലും എപ്പോഴാണ് പലിശ കുറയ്ക്കുക എന്ന് വ്യക്തമാക്കിയില്ല. എങ്കിലും പലിശ കുറയ്ക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
പലിശ നിരക്ക് കുറയ്ക്കുന്നത് നിക്ഷേപകര്‍ക്ക് നഷ്ടമാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം നേട്ടമാകുമെന്ന് കരുതുന്നവര്‍ മഞ്ഞലോഹത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണ വില ഇനിയും ഉയരും. നേരിയ വിലക്കുറവിന് സാധ്യതയുണ്ടെങ്കിലും വന്‍തോതില്‍ ഇടിവ് പ്രതീക്ഷിക്കരുത്.
സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം
വില കൂടിയ സാഹചര്യത്തില്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നേട്ടമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണമാണ് അവര്‍ വില്‍ക്കുന്നതെങ്കില്‍ ലാഭം ഇരട്ടിയാകും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറി വ്യാപാരികള്‍ വിലയിടുക. നിലവിലുള്ള പവന്‍ വിലയേക്കാള്‍ 1000-1500 രൂപയുടെ കുറവായിരിക്കുമിത്. തങ്കത്തിന് വില കൂടുമ്പോള്‍ പഴയ സ്വര്‍ണത്തിന് ഉയര്‍ന്ന മൂല്യം കിട്ടും.
ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്. 103.25 എന്ന നിരക്കിലാണ് സൂചിക. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.75 ആണ്. എണ്ണ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 82.91 ഡോളറും ഡബ്ല്യുടിഐ ബാരലിന് 79.10 ഡോളറും മര്‍ബണ്‍ ക്രൂഡിന് 83.13 ഡോളറുമാണ് പുതിയ വില.












Click it and Unblock the Notifications