സ്വര്‍ണത്തെ നോക്കേണ്ട.... 58000 വും കടന്ന് പവന്‍ വില; ഇന്നത്തെ നിരക്ക് അറിയാം
ചരിത്രത്തില്‍ ആദ്യമായി 58000 രൂപ കടന്ന് പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെയാണ് സ്വര്‍ണവില പിടിവിട്ട് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം മുകളിലേക്ക് ഉയരുകയാണ്. ഒക്ടോബര്‍ മാസത്തില്‍ അടുത്ത കാലത്തെങ്ങുമില്ലാത്ത വിധത്തിലാണ് സ്വര്‍ണ വില കൂടിയത്. യുഎസ് ഫെഡ് നിരക്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന ആശങ്കകള്‍ക്കൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും വില കൂടാന്‍ കാരണമായി.
അടുത്ത കാലത്തെങ്ങും സ്വര്‍ണവിലയില്‍ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉത്സവ സീസണ്‍ ആയതിനാല്‍ രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിവാഹ ആവശ്യത്തിനും സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് വില വര്‍ധന നല്‍കിയിരിക്കുന്നത്. പവന്‍ വിലയേക്കാള്‍ കൂടുതല്‍ തുകയാണ് ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരിക.

ആഭരണാവശ്യത്തിനായി സ്വര്‍ണം വാങ്ങുമ്പോള്‍ ജി എസ് ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയെല്ലാം കൊടുക്കേണ്ടി വരും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം പൊന്ന് വാങ്ങാന്‍ ഇന്ന് 7240 രൂപ കൊടുക്കേണ്ടി വരും. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ചതോടെ പവന്‍ വില 58240 ലും എത്തി. ഇതാദ്യമായാണ് പവന്‍ വില 58000 കടക്കുന്നത്.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 65000 രൂപയെങ്കിലും ചെലവാകും. അതായത് ഒരു ലക്ഷമുണ്ടെങ്കില്‍ ഒന്നര പവന്റെ പൊന്ന് പോലും കിട്ടാത്ത അവസ്ഥയാണ് എന്ന് സാരം. സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ പവന്‍ നിരക്ക്. അതേസമയം നേരത്തെ സ്വര്‍ണം വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ച് രണ്ടിരട്ടിയോളം ലാഭമാണ് ഇപ്പോള്‍ സ്വര്‍ണം വിറ്റാല്‍ ലഭിക്കാന്‍ പോകുന്നത്.
10 കൊല്ലം മുന്‍പ് 20000 രൂപയില്‍ കിടന്നിരുന്ന സ്വര്‍ണവിലയാണ് ഇപ്പോള്‍ 40000 രൂപയോളം വര്‍ധിച്ചിരിക്കുന്നത്. ഈ പോക്ക് പോയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 60000 രൂപ കൊടുക്കേണ്ടി വരും. ഈ മാസം നാല് തവണയാണ് സ്വര്‍ണ വില സര്‍വകാല റെക്കോഡ് ഭേദിച്ചത്. ഒക്ടോബര്‍ 10 ന് രേഖപ്പെടുത്തിയ 56200 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക്.
ഒരു പവന് 56400 എന്ന നിലയിലാണ് ഈ മാസം സ്വര്‍ണ വിപണി ആരംഭിച്ചത്. എന്നാല്‍ 20 ദിവസം പോലും പൂര്‍ത്തിയാകും മുന്‍പ് 2000 രൂപയ്ക്ക് അടുത്താണ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണം വാങ്ങിയവര്‍ക്ക് പോലും ഇപ്പോള്‍ വിറ്റാല്‍ 15000 രൂപയോളം ലാഭം ലഭിക്കുന്ന തരത്തിലാണ് സ്വര്‍ണത്തിന്റെ കുതിപ്പ്.












Click it and Unblock the Notifications