കിറ്റെക്സ് കടുത്ത പ്രതിസന്ധിയിലേക്ക്: പിരിച്ചുവിടൽ അടക്കമുള്ള നടപടി; ആന്ധ്രയിലേക്കുമില്ല; എന്താണ് കാരണം
ഇന്ത്യന്‍ വസ്ത്ര നിർമ്മാണ മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ച് അമേരിക്കയുടെ അധിക തീരുവ നയം. തീരുവയുടെ അധികഭാരം പങ്കിടുകയോ അല്ലെങ്കിൽ ഉൽപ്പാദനം ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുകയോ ചെയ്യണമെന്ന നിർദേശം ഇതിനോടകം തന്നെ പല അമേരിക്കന്‍ ഉപഭോക്താക്കളും ഇന്ത്യന്‍ കമ്പനികളോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
"എല്ലാ യുഎസ് ഉപഭോക്താക്കളും ഞങ്ങളെ വിളിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ഉൽപ്പാദനം ബംഗ്ലാദേശ്, ഇന്തോനേഷ്യ, വിയറ്റ്നാം, ഗ്വാട്ടിമാല എന്നിവിടങ്ങളിലെ ഞങ്ങളുടെ 17 ഫാക്ടറികളിലേക്ക് മാറ്റണമെന്നാണ് അവർ ആവശ്യപ്പെടുന്നത്." പ്രമുഖ യുഎസ് കമ്പനികൾക്ക് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുന്ന പേൾ ഗ്ലോബൽ എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ പല്ലബ് ബാനർജിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ തീരുവ വർധന ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയെ കാര്യമായി ബാധിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 50 ശതമാനം തീരുവ കാരണം ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി ബുദ്ധിമുട്ടായിരിക്കുകയാണ്, ഇത് തൊഴിൽ മേഖലയെയും പ്രതിസന്ധിയിലാക്കും. പ്രതിസന്ധി തുടർന്നാൽ കിറ്റെക്സിൽ പിരിച്ചുവിടലടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിറ്റെക്സിന്റെ 91 ശതമാനം ബിസിനസും യുഎസുമായാണ്, എന്നാൽ തീരുവ വർധനയെ തുടർന്ന് കമ്പനി യുകെയും യൂറോപ്പുമായുള്ള വ്യാപാരം വർധിപ്പിക്കാൻ തീരുമാനിച്ചു. കുട്ടികളുടെ വസ്ത്ര ബ്രാൻഡായ 'ലിറ്റിൽ സ്റ്റാർ' ഇനി ഇന്ത്യയിലും ഓൺലൈൻ വഴി ലഭ്യമാക്കും. യുഎസ് വിപണിയിലെ പ്രശ്നങ്ങൾ കാരണം ആന്ധ്രയിൽ പുതിയ സംരംഭം തുടങ്ങാനുള്ള തീരുമാനം കിറ്റെക്സ് നീട്ടിവെച്ചതായും സാബു എം. ജേക്കബ് അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവയാണ് അമേരിക്ാക ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനും വിയറ്റ്നാമിനും 20 ശതമാനവും ചൈനയ്ക്ക് 30 ശതമാനവുമാണ് തീരുവ. ഏപ്രിലിൽ ട്രംപ് പ്രഖ്യാപിച്ച തീരുവ നിർദ്ദേശങ്ങൾ ഇന്ത്യയ്ക്ക് താരതമ്യേന കുറവായിരുന്നു, ഇത് 16 ബില്യൺ ഡോളറിന്റെ യുഎസ് വസ്ത്ര കയറ്റുമതി വിപണിയിൽ ഇന്ത്യയ്ക്ക് വലിയ അവസരമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ-യുഎസ് ബന്ധം വഷളായതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി. ഇതിൽ 25 ശതമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു, ബാക്കി 25 ശതമാനം ഓഗസ്റ്റ് 28 മുതൽ നിലവിൽ വരും.
ഇന്ത്യയുടെ വസ്ത്രനിർമ്മാണ മേഖല ഇതിനോടകം തന്നെ തൊഴിലാളി ക്ഷാമവും ഉൽപ്പാദന ശേഷിയിലെ പരിമിതിയും നേരിടുന്നുണ്ട്. പുതിയ തീരുവ വർധന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "മേക്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് വലിയ തിരിച്ചടിയുമാണ്. പേൾ ഗ്ലോബലിന് വിദേശ ഫാക്ടറികൾ ഉള്ളതിനാൽ യുഎസ് ഓർഡറുകൾ നിറവേറ്റാൻ കഴിയുമെങ്കിലും, ഇന്ത്യയിലെ ഫാക്ടറികളെ മാത്രം ആശ്രയിക്കുന്ന കയറ്റുമതിക്കാർക്ക് ഇത് വലിയ വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിലാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഒരു ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കുന്നത് ഞങ്ങൾ പരിഗണിക്കുന്നുവെന്ന് ജെ. ക്രൂ ഗ്രൂപ്പ് പോലുള്ള യുഎസ് ഉപഭോക്താക്കൾക്ക് 111 മില്യൺ ഡോളറിന്റെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന റിച്ചകോ എക്സ്പോർട്സിന്റെ ജനറൽ മാനേജർ ദിനേശ് രഹേജ അഭിപ്രായപ്പെട്ടത്.
ഇന്ത്യയുടെ നെയ്ത്തുവസ്ത്ര തലസ്ഥാനമായ തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് രാജ്യത്തിന്റെ മൊത്തം വസ്ത്ര കയറ്റുമതിയുടെ മൂന്നിലൊന്നും നിലനില്‍ക്കുന്നത്. വർഷത്തിന്റെ തുടക്കത്തിൽ മേഖല ശുഭാപ്തിവിശ്വാസത്തിലായിരുന്നെങ്കിലും, ഇപ്പോൾ വലിയ ആശങ്കയാണ് നിറയുന്നത്. ചില യുഎസ് ഉപഭോക്താക്കൾ ഓർഡറുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, അടിവസ്ത്ര ഓർഡറുകൾക്കായി നൂൽ വാങ്ങുന്നത് നിർത്തിവയ്ക്കാൻ ഒരു ഇറക്കുമതിക്കാരൻ ആവശ്യപ്പെട്ടതായി കോട്ടൺ ബ്ലോസം ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നവീൻ മൈക്കൽ ജോൺ വ്യക്തമാക്കി.
ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധിയും ചൈനയിൽ നിന്ന് വിതരണ ശൃംഖല വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ യുഎസ് വസ്ത്ര വാങ്ങലുകാർക്ക് ഒരു പ്രധാന ബദലായി ഉയർന്നുവരികയായിരുന്നു. എന്നാൽ, പുതിയ തീരുവ ഈ അവസരത്തെ ഇല്ലാതാക്കി. ചില കമ്പനികൾ എത്യോപ്യ, നേപ്പാൾ തുടങ്ങിയ പുതിയ വസ്ത്ര ഹബ്ബുകളിലേക്ക് ഉൽപ്പാദനം മാറ്റുന്നത് പരിഗണിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ വസ്ത്രനിർമ്മാതാക്കളായ റേയ്മണ്ടിന്റെ ഫിനാൻസ് ചീഫ് അമിത് അഗർവാൾ, എത്യോപ്യയിലെ അവരുടെ ഫാക്ടറിയിൽ (10 ശതമാനം മാത്രം തീരുവ) കൂടുതൽ ഉൽപ്പാദന ലൈനുകൾ തുറക്കാൻ പദ്ധതിയിടുന്നതായി പറഞ്ഞു.












Click it and Unblock the Notifications