കൊച്ചിയില്‍ തിയേറ്റർ വിപ്ലവം: എയർപോർട്ടിലും മള്‍ട്ടിപ്ലക്സ്: ലുലു ഗ്രൂപ്പും ആദ്യമായി മാളിന് പുറത്തേക്ക്
കൊച്ചി: കേരളത്തിന്റെ സിനിമാ തലസ്ഥാനമാണെങ്കിലും കൊച്ചിയിലെ മെച്ചപ്പെട്ട തിയേറ്ററുകളുടെ പട്ടിക നോക്കുകയാണെങ്കില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിന് വലിയ മാറ്റം വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിലും വലിയ മുന്നേറ്റമാണ് കൊച്ചിയില്‍ തിയേറ്ററുകളുടെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാകുന്നത്.
ഇതുവരെ വന്നത്
കഴിഞ്ഞ ഡിസംബറിൽ സിനി പോളിസ് എം ജി റോഡിലെ സെൻട്ര് സ്ക്വയർ മാളിൽ കൊച്ചിയിലെ ആദ്യത്തെ IMAX സ്ക്രീൻ ആരംഭിച്ചിരുന്നു. 4K ലേസർ പ്രൊജക്ഷനും പ്രത്യേക സൌണ്ട് സിസ്റ്റവും ഉൾപ്പെടുത്തിയ തിയേറ്ററില്‍ 229 സീറ്റുകളാണുള്ളത്. കേരളത്തിലെ ആദ്യത്തെ പി എക്സ് എല്‍ തിയേറ്റർ പിവിആറിലും വന്നു. വനിത, വിനിത തിയേറ്ററുകളിലും സമീപകാലത്തായി വലിയ മാറ്റങ്ങള്‍ വന്നു. ലുലു മാളിലും ഫോറം മാളിലുമായി പി വി ആറിന്റെ മികച്ച തിയേറ്ററുകളും പ്രവർത്തിക്കുന്നു. ഇതിനെല്ലാം പുറമെ നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി പുതിയ മൾട്ടിപ്ലെക്സ് തിയേറ്ററുകൾ ഉടൻ തുറക്കാനിരിക്കുകയാണ്.

വരാന്‍ പോകുന്നത്
നിലവിലുള്ള ഷോപ്പിങ് മാളുകളിലെ മൾട്ടിപ്ലെക്സുകളിനൊപ്പം, കുറഞ്ഞത് നാല് പുതിയ മൾട്ടിപ്ലെക്സുകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കേരളത്തില്‍ ഉടനീളം പ്രവർത്തനം വ്യാപിപ്പിച്ച ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് തിയേറ്റർ ഗ്രൂപ്പിന്റെ പുതിയ മൾട്ടിപ്ലെക്സ് കാക്കാനാട് ഉടന്‍ പ്രവർത്തനം ആരംഭിക്കും. ഐടി മേഖലയില്‍ പ്രവർത്തിക്കുന്നവർക്കുള്‍പ്പെടെ ഇത് വലിയ അനുഗ്രഹമായി മാറിയേക്കും. നാല് സ്ക്രീനാണ് ഇവിടെ വരാന്‍ പോകുന്നത്. കാക്കനാട്ടിലെ ചിത്രാഞ്ജലി പദ്ധതിയുടെ ഭാഗമായും മറ്റൊരു മൾട്ടിപ്ലെക്സ് ഉൾപ്പെടുത്തുന്ന പദ്ധതിയും ആലോചനയിലാണ്.
എയർപോർട്ടിലും വരുന്നു തിയേറ്റർ
വിലിംഗ്ടൺ ദ്വീപിലെ ഹൈലറ്റ് ഗ്രൂപ്പിന്റെ പുതിയ ഷോപ്പിങ് മാളിലും ഒരു മൾട്ടിപ്ലെക്സ് വരാനിരിക്കുകയാണ്. അതേസമയം തന്നെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സമുച്ചയത്തിനുള്ളിൽ (CIAL) നാലു സ്‌ക്രീൻ മൾട്ടിപ്ലെക്സ് നിർമാണത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ചിറ്റൂർ റോഡിലും മറ്റൊരു മൾട്ടിപ്ലെക്സ് ഉടൻ ആരംഭിക്കും.
ലുലു മൈമൂണുമായി ലുലു ഗ്രൂപ്പ്
15 വർഷമായി അടഞ്ഞുകിടക്കുന്ന ചിറ്റൂർ റോഡിലെ ലുലു മൈമൂൺ തിയേറ്ററുകളും അടുത്ത നാല് മാസത്തിനകം വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ തുറക്കും. ലുലു ഗ്രൂപ്പും പി വി ആർ സിനിമാസും ചേർന്നാണ് ഈ പഴയ തിയേറ്റർ മൾട്ടിപ്ലെക്സ് രൂപത്തിലേക്ക് മാറ്റുന്നത്. രണ്ടേകാൽ ഏക്കർ സ്ഥലത്താണ് ഈ തിയേറ്റർ സമുച്ചയം സ്ഥിതിചെയ്യുന്നത്. മോഹൻലാൽ അഭിനയിച്ച മഹാസമുദ്രം ആയിരുന്നു ഇവിടുത്തെ അവസാനത്തെ പ്രധാന റിലീസ്. പുതിയ സമുച്ചയത്തിൽ നാല് മുതൽ അഞ്ച് വരെ സ്ക്രീനുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. അതിൽ ഒന്ന് PIXL സ്ക്രീനുമായിരിക്കും.
പുതിയ തിയേറ്ററുകള്‍ സിനിമ വ്യവസായ മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷഇക്കുന്നത്. "കഴിഞ്ഞ ഒരു വർഷത്തിനിടെ സിനിമാ തിയേറ്ററുകൾ, പ്രത്യേകിച്ച് മൾട്ടിപ്ലെക്സുകൾ, മികച്ച പ്രേക്ഷക പിന്തുണ നേടി. മറ്റ് സംസ്ഥാനങ്ങളിൽ നഷ്ടങ്ങൾ നേരിട്ടിട്ടും, കേരളത്തിലെ മൾട്ടിപ്ലെക്സുകൾ സ്ഥിരമായി ലാഭം കൈവരിക്കുന്നു." എന്നായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് യൂണൈറ്റഡ് ഓർഗനൈസേഷൻസ് ഓഫ് കേരള പ്രസിഡന്റായ കെ. വിജയകുമാർ
പുതിയ മൾട്ടിപ്ലെക്സുകളോടൊപ്പം നിലവിലുള്ള തിയേറ്ററുകളിലും നവീകരണ പ്രവർത്തനങ്ങൾ നടക്കും. ഫോർട്ട് കൊച്ചിയിലെ ഒരു നിലവിലുള്ള മൾട്ടിപ്ലെക്സിൽ Dolby Cinema Screens അവതരിപ്പിക്കാൻ ഡോൾബി ലാബോറട്ടറീസ് പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ പഴക്കംചെല്ലുന്ന സരിത, സവിത, സംഗീത തിയേറ്റർ സമുച്ചയം നവീകരണത്തിലാണെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications