ലുലു ഗ്രൂപ്പിന് മാത്രം രണ്ട്; അതും ഇന്ത്യയിലാകെ: 2024 റീടെയില്‍ രംഗത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ
ഡല്‍ഹി: രാജ്യത്തെ റീടെയില്‍ രംഗം അസൂയാവഹമായ വളർച്ച കൈവരിച്ച വർഷമാണ് 2024. സിബിആർഇയുടെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ റീടെയില്‍ ബിസിനസ് ഏകദേശം 4.5 ദശലക്ഷം ചതുരശ്ര അടി അധിക വളർച്ചയുണ്ടാക്കിയെന്നാണ് ഇന്ത്യന്‍ റീടെയിലിങ് റിപ്പോർട്ട് ചെയ്യുന്നത്. മിഡ്-റേഞ്ച് മൂല്യമുള്ള ഫാഷൻ ബ്രാൻഡുകൾക്കൊപ്പം ലക്ഷ്വറി, ഡയറക്ട്-ടു-കൺസ്യൂമർ (D2C) ബ്രാൻഡുകളും ഈ മേഖലയിലെ വളർച്ചയില്‍ നിർണ്ണായക പങ്കുവഹിച്ചു.
ഇന്ത്യയിലുടനീളം നിരവധി പുതിയ മാളുകൾ തുറക്കുന്നതിനും പോയവർഷം സാക്ഷ്യം വഹിച്ചു. റീടെയില്‍ ബിസിനസ് രംഗത്തെ വളർച്ചയെ അടയാളപ്പെടുത്തുന്ന ഇത്തരം മാളുകളില്‍ വലിയൊരു വിഭാഗം കേരളത്തിലാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. 2024 ല്‍ രാജ്യത്ത് പ്രവർത്തനം തുടങ്ങിയ പ്രധാന മാളുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഹൈലൈറ്റ് മാള്‍ തൃശൂർ
7.4 ലക്ഷം ചതുരശ്ര അടിയിലാണ് ഹൈലൈറ്റ് ഗ്രൂപ്പ് തൃശൂരില്‍ പുതിയ മാള്‍ തുറന്നിരിക്കുന്നത്. ദേശീയ പാത 47 നും സംസ്ഥാന പാത 22 നും ഇടയിലായി സ്ഥിതി ചെയ്യുന്ന മാളിന് ജില്ലയിലെ ഏറ്റവും വലിയ മാളെന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോടിന് പുറത്തേക്കുള്ള ഹൈലറ്റ് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ചുവടുവെപ്പ് കൂടിയാണ് ഇത്.
പിആർഎം സെൻ്റർ പോയിൻ്റ് മാൾ - മാൾഡ
പിആർഎം ബെഗ്രാജ് ഗ്രൂപ്പിന്റെ കീഴില്‍ ബംഗാളിലെ മാള്‍ഡയില്‍ പ്രവർത്തനം ആരംഭിച്ച മാളിന്റെ ആകെ വലിപ്പം 2.2 ലക്ഷം ചതുരശ്ര അടിയാണ്. ദേശീയ 12 ന് സമീപം സ്ഥിതി ചെയ്യുന്ന ഈ മാള്‍ സമീപ പ്രദേശങ്ങളായ റായ്ഗഞ്ച്, ബാലൂർഘട്ട് എന്നിവയ്ക്ക് പുറമെ ജാർഖണ്ഡിലെയും ബീഹാറിലെയും പട്ടണങ്ങളിലുള്ളവരുടേയും ഒരു പ്രധാന ഷോപ്പിങ് കേന്ദ്രമായി മാറുന്നു.
ലുലു മാള്‍ - കോഴിക്കോട്
കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി കൊണ്ട് ഈ വർഷം ആദ്യമാണ് ലുലു ഗ്രൂപ്പ് കോഴിക്കോട്ടെ തങ്ങളുടെ ആദ്യമാള്‍ തുറന്നത്. മുന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന മാളിന് 1.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമാണുള്ളത്. 50-ലധികം പ്രീമിയം ബ്രാൻഡുകൾ, മൾട്ടി-ക്യുസീൻ ഫുഡ് കോർട്ട്, ഫണ്‍ ടൂറ എന്നിവയാണ് കോഴിക്കോട് ലുലുവിന്റെ പ്രധാന ആകർഷണീയതകള്‍
ലുലു മാള്‍ - കോട്ടയം
സംസ്ഥാന ഈ വർഷം രണ്ടാമത് പ്രവർത്തനം ആരംഭിച്ച ലുലു മാളാണ് കോട്ടയത്തേത്. എംസി റോഡിന് സമീപത്തായി മണിപ്പുഴയില്‍ നിർമ്മിച്ച മാളിന്റെ വലിപ്പം 2.25 ലക്ഷം ചതുരശ്ര അടിയാണ്. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്തേത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് കോട്ടയത്തിന് പുറമെ ലുലുവിന് മാളുകളുള്ളത്.
എം5 ഇ-സിറ്റി മാൾ - ബെംഗളൂരു
മഹേന്ദ്ര ഹോം പ്രൈവറ്റ് ലിമിറ്റഡാണ് ഇലക്ട്രോണിക് സിറ്റി ഫേസ് II ല്‍ സ്ഥിതി ചെയ്യുന്ന മാള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. 6.8 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള മാള്‍ ഒക്ടോബറില്‍ പ്രവർത്തനമാരംഭിച്ചു. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ബ്യൂട്ടി, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി 150-ലധികം ബ്രാന്‍ഡുകളാണ് മാളിലുള്ളത്.
ലാങ്വൽ മാൾ - തഞ്ചാവൂർ
ആഗസ്റ്റിലാണ് തഞ്ചാവൂരിലെ ഏറ്റവും വലിയ മാളായ ലാങ്വൽ മാൾ പ്രവർത്തനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാൻഡ് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മാളിന്റെ വിസ്തീർണ്ണം 2.5 ലക്ഷം ചതുരശ്ര അടിയാണ്.
ഒമാക്സ് ചൗക്ക് - ഓള്‍ഡ് ഡൽഹി
തലസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ഒമാക്സ് ചൗക്കിന്റെ വലിപ്പം 1.11 മില്യണ്‍ ചതുരശ്ര അടിയാണ്. അതായത് 4.5 ഏക്കറില്‍ മാള്‍ വ്യാപിച്ച് കിടക്കുന്നു. ചാന്ദ്‌നി ചൗക്കിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒമാക്സ് ചൗക്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് കോർട്ടായ ദവത്പൂരും 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ജ്വല്ലറി ഹബ്ബും സ്ഥിതി ചെയ്യുന്നു.












Click it and Unblock the Notifications